ജനാധിപത്യത്തിലും പൊതുപ്രവർത്തനത്തിലും വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ട്. ഒരു നേതാവിന്റെയോ ജനപ്രതിനിധിയുടെയോ നാവിൽ നിന്ന് വീഴുന്ന ഓരോ വാക്കും സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കാനുള്ളതാകണം, മറിച്ച് അക്രമങ്ങൾക്കും പകപോക്കലുകൾക്കും വിത്തുപാകുന്നതാകരുത്.കഴിഞ്ഞദിവസം കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണവേദിയിൽ സി.പി.എം. നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനൻ നടത്തിയ പ്രസംഗം കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്.കുറച്ചുകാലമായി രാഷ്ട്രീയ കൊലപാതകങ്ങളും തെരുവു യുദ്ധങ്ങളും ഇല്ലാതെ കേരളം സമാധാനാന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോഴാണ്, ആ ശാന്തതയെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും ഇത്തരം കൊലവിളികൾ പൊതുവേദിയിൽ മുഴങ്ങുന്നത്.
പഴയ കോടതിവിധികളെയും കൊലപാതകങ്ങളെയും ഓർമിപ്പിച്ചുകൊണ്ട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിനു യോജിച്ചതല്ല.കയ്യൂക്കിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും കാലം കഴിഞ്ഞുപോയെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടും, ചിലർ ഇപ്പോഴും ആ ഇരുണ്ട കാലഘട്ടത്തിന്റെ ഓർമകളിൽ അഭിരമിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 16 പേരെ കോടതി വെറുതെവിട്ടതാണ് മധുസൂദനനെ പ്രകോപിപ്പിച്ചത്. വിധിക്ക് പിന്നാലെ, വിധി പ്രസ്താവിച്ച ജഡ്ജിയെപ്പോലും തണുപ്പിലിരുന്ന് കവിതയെഴുതുന്ന ആളെന്ന് പരിഹസിച്ചുകൊണ്ടും, 'കണക്കുപറയുന്നത് പാർട്ടി പറഞ്ഞുതന്നെ തീർക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ടും നടത്തിയ പ്രസംഗം വെറുമൊരു നാക്കുപിഴയല്ല. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന മധുസൂദനന്റെ ഓർമപ്പെടുത്തൽ ശുദ്ധമായ ഭീഷണി തന്നെയാണ്. നീതിപീഠത്തെ നോക്കുകുത്തിയാക്കി പാർട്ടി സ്വയം വിധി നടപ്പാക്കുമെന്നുമുള്ള ധ്വനി അപലപനീയമാണ്.
വിധിയോടുള്ള വിയോജിപ്പ് ജനാധിപത്യത്തിൽ ആർക്കും പ്രകടിപ്പിക്കാം. അതിനുപകരം കോടതിയെ പരിഹസിക്കുകയും എതിരാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.നീതി ലഭിച്ചില്ലെന്ന് തോന്നിയാൽ മേൽക്കോടതികളെ സമീപിക്കാൻ രാജ്യത്ത് വ്യവസ്ഥാപിതമായ നിയമമാർഗങ്ങളുണ്ട്.
പയ്യന്നൂരിനും കണ്ണൂരിനും രാഷ്ട്രീയക്കൊലകളുടെ രക്തം പുരണ്ട ഒരു ഭൂതകാലമുണ്ട്. ഒരു പക്ഷത്തിന്റെ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ മറുപക്ഷത്തുനിന്ന് ഒരാളെ കൊന്ന് കണക്ക് ഒപ്പിക്കുക എന്ന വന്യമായ ഗണിതം എത്രയോ വീടുകളുടെ വെളിച്ചം കെടുത്തി. പക്ഷേ
കൊല്ലപ്പെട്ടവരെ അക്കങ്ങളായി ചുരുക്കരുത്. അവർ ജീവിച്ചിരുന്ന മനുഷ്യരായിരുന്നു. സ്നേഹിക്കാനും സ്വപ്നം കാണാനും കുടുംബത്തെ ചേർത്തുപിടിക്കാനും ആഗ്രഹിച്ച മനുഷ്യർ.അവരിൽ ഓരോരുത്തരുടെയും വിയോഗത്തിൽ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയുമൊക്കെ നെഞ്ചിലെരിയുന്ന നെരിപ്പോട് ഒരിക്കലും അണയുകയില്ലെന്നും ഓർക്കണം.
മുമ്പ് രാഷ്ട്രീയ എതിരാളികളെ വകവരുത്തിയ ചരിത്രം വിവരിച്ച എം.എം. മണിയുടെ ' വൺ ടു ത്രീ...' പ്രസംഗവും അതിനുപിന്നാലെ യുയർന്ന രാഷ്ട്രീയ കൊടുങ്കാറ്റും നാടിന്റെ ഓർമയിലുണ്ട്.കാലം മാറിയിട്ടും രാഷ്ട്രീയ സംസ്കാരം മാറുന്നില്ലെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.
പൊതുപ്രവർത്തകർ സംസാരിക്കുമ്പോൾ വിവേകവും ആത്മനിയന്ത്രണവും പാലിച്ചേ മതിയാകൂ.അണികളെ ആവേശം കൊള്ളിക്കാൻ കൊലവിളി മുഴക്കുന്ന പ്രവണത രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ തടയണം.കണ്ണിനു കണ്ണ് ,പല്ലിനു പല്ല് എന്ന കാടൻ പ്രതികാരസിദ്ധാന്തം ഇന്നത്തെ പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ല.വിവേകവും സൗഹൃദവും സാന്ത്വനവും സഹാനുഭൂതിയും നിറഞ്ഞതാവണം പൊതുപ്രവർത്തകന്റെ വാക്കുകൾ.
ഇനിയും വൈകിയിട്ടില്ല.സി.പി.എം. നേതൃത്വം ഉപാധികളില്ലാതെ ഈ പ്രസംഗത്തെ തള്ളിപ്പറയണം. ടി.ഐ. മധുസൂദനൻ പ്രസംഗം പിൻവലിക്കുകയും പൊതുസമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും വേണം. 'ആവേശത്തിൽ പറഞ്ഞുപോയി' എന്ന് പറഞ്ഞാൽ പോരാ, 'അത് തെറ്റായിരുന്നു, അങ്ങനെ പറയാൻ പാടില്ലായിരുന്നു' എന്നു തന്നെ അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറയണം.
Published: 26 Nov 2026, 11:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented