ഭക്ഷണമില്ല, വാക്‌സിനില്ല; പ്രതിഷേധവുമായി ജനം തെരുവില്‍; ക്യൂബയിലെ പ്രക്ഷോഭം പ്രവചിക്കുന്നതെന്ത്?


4 min read
Read later
Print
Share

Photo : AFP

1994-ല്‍ ക്യൂബയിലെ ജനങ്ങള്‍ പ്രക്ഷോഭവുമായി ഹവാനയിലേയും സാന്റിയാഗോയിലേയും തെരുവുകളിലേക്കിറങ്ങിയത് ഭരണാധികാരിയായ ഫിദല്‍ കാസ്‌ട്രോയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. 2016-ല്‍ സാന്റിയാഗോയില്‍ ജനങ്ങള്‍ വീണ്ടും തിങ്ങിക്കൂടി. കാസ്‌ട്രോയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആ ഒത്തുചേരല്‍. ആയിരങ്ങള്‍ വീണ്ടും പ്രക്ഷോഭവുമായി ക്യൂബന്‍ നിരത്തുകളിലേക്കിറങ്ങുമ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 'സ്വേച്ഛാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍, അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് ആധിപത്യരാജ്യങ്ങളിലൊന്നായ ക്യൂബയില്‍നിന്നു കൂടി കമ്മ്യൂണിസം ചരിത്രവിസ്മൃതിയിലേക്ക് മറയാനൊരുങ്ങുകയാണോ?

Cuba
Photo : AFP

എന്ത് കൊണ്ട് ക്യൂബന്‍ ജനത പ്രക്ഷുബ്ദമായി​?

'അധികം ചിന്തിക്കേണ്ട, തികച്ചും നിസ്സാരമായ കാരണമാണ്, ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. കഷ്ടപ്പാടുകളില്‍നിന്ന് മോചനം വേണമെന്ന് അവരാഗ്രഹിക്കുന്നു. ജീവിതസാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് അവര്‍ കൊതിക്കുന്നു.' ഹവാന നിവാസിയായ കാരിലാഡ് മോന്റിസെന്ന അമ്പതുകാരി പറയുന്നു. രാജ്യത്തുടനീളം അലയടിക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും മോന്റിസും ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കാരണം ഒന്നു മാത്രം, ജീവിതസാഹചര്യം മെച്ചപ്പെടണം.

ക്യൂബയില്‍ ഭക്ഷണത്തിനും മരുന്നിനും അനുഭവപ്പെടുന്ന ക്ഷാമത്തിന് പുറമേ കോവിഡ് വ്യാപനവും നിയന്ത്രണാതീതമാണ്. കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ മിഗ്വേല്‍ ഡിയസ് കനേലിന്റെ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. 2020-ല്‍ രാജ്യത്തിന്റെ സമ്പദ്ഘടന നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തി. സോവിയറ്റ് ശൈലിയിലെ ഭരണവ്യവസ്ഥ പിന്തുടരുന്നതാണ് ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന് കാരണമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.

ക്യൂബയ്ക്ക് യു.എസ്. അനുവദിച്ചിരുന്ന സാമ്പത്തിക സഹായം പഴയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെട്ടിക്കുറച്ചതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. റഷ്യ ക്യൂബയ്ക്ക് നല്‍കുന്ന പിന്തുണയില്‍ ഉണ്ടായിരുന്ന നീരസമായിരുന്നു ക്യൂബക്കെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന് ട്രംപിനെ പ്രേരിപ്പിച്ചത്. ക്യൂബയില്‍ ഇപ്പോള്‍ അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ യു.എസ്. ആണെന്ന് ക്യൂബന്‍ ഭരണകൂടം ആരോപിക്കുന്നുമുണ്ട്. രാജ്യത്ത് നടപ്പാക്കിയ പുതിയ സാമ്പത്തികനയം പണപ്പെരുപ്പത്തിലേക്ക് നയിച്ചു. ഭക്ഷണം വാങ്ങാന്‍ കടുത്ത വേനലിനെ അവഗണിച്ചും നീണ്ട നിരകള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു.

Cuba
Photo : AFP

വിദേശരാജ്യങ്ങളില്‍നിന്ന് കോവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ നില്‍ക്കാതെ സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ ക്യൂബ ശ്രമം തുടങ്ങി. ഏകദേശം അഞ്ചോളം വാക്‌സിനുകള്‍ വികസിപ്പിച്ചെങ്കിലും അവയുടെ ഫലപ്രാപ്തി അവ്യക്തമായി തന്നെ തുടരുകയാണ്. 2021 ആയപ്പോഴേക്കും ക്യൂബയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ ഭക്ഷണത്തിനും മരുന്നിനും ദൗര്‍ലഭ്യമായി. കൂടുതല്‍ ഡോക്ടര്‍മാരെ കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് നിയോഗിച്ചു. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനപാരമ്പര്യമുള്ള ക്യൂബയുടെ ആരോഗ്യമേഖലാ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.

ക്യൂബ നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധിയ്ക്ക് കൈത്താങ്ങാകാന്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ ആരംഭിച്ചു. പണം, മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍, ഭക്ഷണസാമഗ്രികള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ക്യൂബയിലെത്തിക്കുകയായിരുന്നു ക്യാംപെയ്‌നുകളുടെ ലക്ഷ്യം. എന്നാല്‍ സാഹചര്യത്തെ മുതലെടുക്കാനുള്ള ശ്രമമെന്ന് മുദ്രകുത്തി ക്യൂബന്‍ ഭരണകൂടം ആ സഹായം നിരസിച്ചു. പകരം സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു.

2021-ലെ പ്രക്ഷോഭങ്ങള്‍

ജൂലായ് പതിനൊന്നിന് ഹവാനയ്ക്ക് സമീപത്തെ സാന്‍ ആന്റോണിയോ ഡി ലോസ് ബാനോസിലും സാന്റിയോഗോയ്ക്ക് സമീപം പാല്‍മ സോറിയാനോയിലുമാണ് ആദ്യ പ്രക്ഷോഭങ്ങള്‍ ഒരേ സമയം പ്രത്യക്ഷപ്പെട്ടത്. കാസ്‌ട്രോയിസ(Castroism)ത്തിനെതിരെയുള്ള വിപ്‌ളവഗാനം 'പാട്രിയ വൈ വിദ' പ്രക്ഷോഭകര്‍ പാടിയിരുന്നു. മോചനം വേണമെന്നും കമ്മ്യൂണിസം ഇല്ലാതാകണമെന്നും തങ്ങള്‍ ഭയപ്പെടില്ലെന്നും പ്രക്ഷോഭകാരികള്‍ വിളിച്ചു പറഞ്ഞു. ജനങ്ങള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ പതിനഞ്ചോളം ക്യൂബന്‍ നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധസമരങ്ങള്‍ നടന്നു.

വിപ്‌ളവ വിരുദ്ധര്‍ എന്നാണ് ക്യൂബന്‍ പ്രസിഡന്റ് കനേസ് പ്രക്ഷോഭകാരികളെ വിശേഷിപ്പിച്ചത്. യു.എസിന്റെ നയങ്ങളാണ് ക്യൂബയുടെ നിലവിലെ സാഹചര്യത്തിന് കാരണമെന്ന് കനേസ് ആരോപിക്കുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഉത്തരവിട്ടു കഴിഞ്ഞു. നിയന്ത്രിക്കാനെത്തിയ സേനക്കെതിരെ ജനങ്ങള്‍ കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌. പ്രക്ഷോഭകരില്‍ ഭൂരിഭാഗവും യുവജനങ്ങളാണ്. എങ്കിലും മുതിര്‍ന്ന തലമുറയിലെ ചിലരും പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രക്ഷോഭകരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Cuba
Photo : AFP

ജൂലായ് 12-ന് വീണ്ടും പ്രക്ഷോഭകാരികള്‍ നിരത്തിലിറങ്ങി. മാധ്യമപ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. ഫിഡല്‍ കാസ്‌ട്രോയുടെ പെയിന്റിങ് ഒരു സംഘം പ്രക്ഷോഭകര്‍ തകര്‍ത്തു. പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുമ്പില്‍ സ്ത്രീകളും കുട്ടികളും തങ്ങളുടെ വീടുകളിലെ പുരുഷന്‍മാരെ തിരഞ്ഞ് തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളില്‍ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. സാമൂഹികമാധ്യമ പോസ്റ്റുകളില്‍ സൂക്ഷ്മനിരീക്ഷണമേര്‍പ്പെടുത്തി.

പ്രക്ഷോഭകരെ കാണാതായതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കനേല്‍ മറുപടി നല്‍കി. 'ക്യൂബയില്‍ കൊന്നൊടുക്കുന്നു, അടിച്ചമര്‍ത്തുന്നു എന്നീ ആരോപണങ്ങളുമായാണ് അവര്‍ പ്രക്ഷോഭത്തിനിറങ്ങിയത്, എന്നാല്‍ ഇതൊക്കെ ക്യൂബയില്‍ എവിടെ നടക്കുന്നുവെന്ന് അവര്‍ വെളിപ്പെടുത്തട്ടെ.' പ്രക്ഷോഭകരെ വിധ്വംസക പ്രവര്‍ത്തകരെന്നും പ്രസിഡന്റ് മുദ്ര കുത്തി. ക്യൂബയില്‍ സാമൂഹിക അശാന്തത സൃഷ്ടിക്കാന്‍ വേണ്ടി യു.എസ്. സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് കനേല്‍ ആരോപിച്ചു.

ഉപരോധങ്ങള്‍ ക്യൂബയെ തള്ളി വിട്ടത് കടുത്ത ദാരിദ്ര്യത്തിലേക്ക്

കരീബിയന്‍ ദ്വീപായ ക്യൂബയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ ഉപരോധം ക്യൂബയുടെ ടൂറിസം മേഖലയെ സാരമായി തന്നെ ബാധിച്ചു. ആഗോള കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്യൂബ എട്ട് മാസത്തോളം രാജ്യാതിര്‍ത്തികള്‍ അടച്ചിട്ടത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതിനാല്‍ പ്രശംസിക്കപ്പെട്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടന പ്രതിസന്ധിയിലേക്ക് നീങ്ങി. ഏജന്‍സികള്‍ വഴി കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാനുള്ള വിദേശത്തുള്ള ക്യൂബക്കാരുടെ നീക്കവും പരാജയപ്പെട്ടു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ അക്ഷമരാക്കി.

Cuba
Photo : AFP

ഭക്ഷണത്തിനും മരുന്നിനുമായി ഇറക്കുമതിയെ കൂടുതലായി ആശ്രയിച്ചിരുന്ന ക്യൂബ, യാത്രാ ഉപരോധങ്ങളെ തുടര്‍ന്ന് ക്ഷാമസമാനമായ സാഹചര്യത്തിലേക്ക് കൂപ്പു കുത്തി. ജനങ്ങളെ സഹായിക്കാനെന്ന നിലയില്‍ നടപ്പാക്കിയ പുതിയ സാമ്പത്തിക നയം സമ്പൂര്‍ണ പരാജയമായി. 12 മണിക്കൂറിലേറെ സമയം ഭക്ഷണത്തിനും മരുന്നിനുമായി പൊരിവെയിലില്‍, തെരുവില്‍ വരിയായി നില്‍ക്കേണ്ടി വന്ന ജനങ്ങള്‍ അക്ഷമരായതില്‍ അദ്ഭുതമില്ല. തങ്ങള്‍ക്ക് വേണ്ടത് ഭരണകൂടത്തിന് ലഭ്യമാക്കാനാവുന്നില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷുബ്ദരാകും. സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായ അതേ ഭരണനയം ഇക്കാലത്തും തുടര്‍ന്ന് പോകുന്നതില്‍ ക്യൂബയിലെ പുതുതലമുറ ജനതക്കെങ്കിലും പ്രതിഷേധമുണ്ടാകാതെ തരമില്ല.

അന്താരാഷ്ട്ര പ്രതികരണങ്ങള്‍

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്യൂബന്‍ ഭരണകൂടം തയ്യാറാകണമെന്നും ദാരിദ്ര്യവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തികം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ അഭിപ്രായപ്പെട്ടു.

ക്യൂബയ്ക്ക് ഭക്ഷണവും വാക്‌സിനും എത്തിക്കാന്‍ മെക്‌സിക്കോ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ക്യൂബയുടെ ആഭ്യന്തരവിഷയത്തില്‍ പുറത്തു നിന്നുള്ള കൈകടത്തലുകള്‍ അനുവദിക്കില്ലെന്നാണ് റഷ്യയുടെ നിലപാട്. ക്യൂബന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ വിധ ശ്രമവും ചെറുക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ക്യൂബയില്‍ വന്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ യു.എസ്. അടിയന്തരമായി ഇടപെടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Content Highlights: What is happening in Cuba?, Cuban protests

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

ഹലോ മിസ്റ്റര്‍ മോദി, എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം- യുഎസിലെ പരിപാടിയിൽ രാഹുൽ

Jun 1, 2023


spy whale, hvaldimir

1 min

കഴുത്തില്‍ കോളര്‍ ബെല്‍റ്റ്‌; കണ്ടെത്തിയത്‌ 'ചാരത്തിമിംഗിലമെന്ന്' സംശയം, പിന്നില്‍ റഷ്യ?  

May 30, 2023


Sweden

1 min

28 വര്‍ഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റില്‍; 41-കാരനെ കണ്ടെത്തിയത് പല്ലുകളില്ലാതെ വ്രണങ്ങളുമായി

Dec 2, 2020

Most Commented