ബെൽജിയം: ചുറ്റിനും കയ്യിൽ തോക്കുമേന്തി മുഖം മറച്ചവർ, വെടിയൊച്ചകൾ, വാവിട്ടു കരയുന്നവർ, അമ്മയും അച്ഛനും കയ്യിലേൽപ്പിച്ച ഒരു കുഞ്ഞു തുണിക്കെട്ടുമായി എങ്ങോട്ടെന്നറിയാതെയാകും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ ആ കൊച്ചുപെൺകുട്ടി ഇടംപിടിച്ചത്. ആറുമണിക്കൂറിനൊടുവിൽ ഭയവും നടുക്കവും മാറിനിന്ന ബെൽജിയത്തിന്റെ മണ്ണിൽ അവൾ വിമാനമിറങ്ങി.  

ബെൽജിയത്തിലെ മിൽസ്ബ്രൂക്ക് വിമാനത്താവളത്തിൽ പുതിയ ജീവിതത്തിലേക്ക് എല്ലാം മറന്ന് തുള്ളിച്ചാടുന്ന മറ്റൊരു കൊച്ചുകുട്ടിയുടെ ചിത്രവും മനം നിറയ്ക്കും. റോയിറ്റേഴ്‌സിന്റെ ജൊവാന ഗെറോൺ എന്ന ഫോട്ടോഗ്രാഫറെടുത്ത അഫ്ഗാനി പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

ബുധനാഴ്ച അഫ്ഗാനിസ്താനിൽ നിന്ന് മിൽസ്ബ്രൂക്കിൽ വന്നിറങ്ങിയ അവൾ അച്ഛനും അമ്മയ്ക്കും പിന്നിലായി റൺവേയിൽ തുള്ളിച്ചാടുന്ന ഫോട്ടോ റോയിറ്റേഴ്‌സിന്റെ ഫോറിൻ പോളിസി കറസ്‌പോണ്ടന്റാണ് പങ്കുവച്ചത്. 

കുഞ്ഞനുജന്റെ കൈപിടിച്ച് മുന്നിൽ പിതാവ്, ബാഗുമേന്തി പിന്നിലായി മാതാവ്. ഏറ്റവും പിന്നിലായി കുഞ്ഞുടുപ്പുകൾ കയ്യിൽപ്പിടിച്ച് തുള്ളിച്ചാടുന്ന കൊച്ചുപെൺകുട്ടി. മനസു നിറയ്ക്കുന്ന ഈ ആശ്വാസചിത്രം ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയതോടെ രാജ്യത്ത് സ്ത്രീകളും കുട്ടികളും വലിയ പ്രതിസന്ധിയിലാണ്. ഒപ്പം കോവിഡ് വ്യാപനവും വരൾച്ചയും അടക്കമുള്ള പ്രശ്‌നങ്ങളിൽ വലയുന്ന അഫ്ഗാനിസ്താനിൽ പത്ത് ദശലക്ഷത്തോളം കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും അടക്കമുള്ള സഹായങ്ങൾ ആവശ്യമാണെന്ന് യുണിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlights: Viral photograph of Afghan girl skips and hops on way to new life