കെയ്‌റോ: ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഗാസയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈജിപ്റ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ളവയാണ് ട്രക്കുകളിലുള്ളത്. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ വസ്തുക്കളാണ് അതിലുള്ളത്. അവയ്ക്ക് ഗാസയിലെ ജനങ്ങളുടെ ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

അതിനിടെ, റഫ ക്രോസിങ് വഴിയുള്ള സഹായവസ്തുക്കളുടെ വിതരണം അടുത്ത രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും കൊണ്ടുപോകുന്ന നിരവധി ട്രക്കുകളാണ് ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലുള്ളത്. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ ഇന്ധനമില്ല. 20 ട്രക്കുകളെ മാത്രമായിരിക്കും ആദ്യം അതിര്‍ത്തി കടക്കാന്‍ അനുവദിക്കുക എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേമസമയം, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നപക്ഷം ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. ബന്ദികളില്‍ ചിലരെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചുവെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ, അല്‍ ജസിറയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് ഇസ്രയേലി അധികൃതര്‍ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രചിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് വിവരം. അതിനിടെ 200 പേരെയാണ് നിലവില്‍ ഗാസ മുനമ്പില്‍ ബന്ദികളാക്കിയിട്ടുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധസേന വ്യക്തമാക്കി. ഇതില്‍ 20 പേര്‍ 18 വയസില്‍താഴെ പ്രായമുള്ള കുട്ടികളാണ് എന്നാണ് അവര്‍ പറയുന്നത്. 20 ഓളം പേര്‍ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്.