റിയാദ്: കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രൂപപ്പെട്ട മാന്ദ്യം നേരിടാന്‍ എണ്ണ ഉത്പാദനം അഞ്ചിലൊന്നായി കുറയ്ക്കാന്‍ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചു.

To advertise here,

റഷ്യ,സൗദി മറ്റു ഒപെക് രാജ്യങ്ങള്‍ തുടങ്ങിയവരാണ് ഉത്പാദനം വെട്ടികുറക്കാന്‍ ധാരണയിലെത്തിയത്.

രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യകതയില്‍ വന്‍ ഇടിവാണ് എണ്ണ വിപണി നേരിടുന്നത്. ഏപ്രിലില്‍ ഇത് ലഘൂകരിച്ചുക്കൊണ്ടുവരും മെയ്, ജൂണ്‍ മാസങ്ങളില്‍ ദിനംപ്രതി 10 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തും. 

ഒപെക് രാജ്യങ്ങളും, സഖ്യകക്ഷികളും റഷ്യയുമടക്കം  പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്. റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ചര്‍ച്ച സങ്കീര്‍ണ്ണമായിരുന്നു. 

ദിവസം 10 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 10% വെട്ടിക്കുറയ്ക്കാന്‍ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചു. മറ്റൊരു 5 ദശലക്ഷം ബാരല്‍ മറ്റ് രാജ്യങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം എട്ട് ദശലക്ഷം ബാരലായിരിക്കും വെട്ടിക്കുറക്കുക. 

നേരത്തെ ഉത്പാദക രാജ്യങ്ങള്‍ വെട്ടിക്കുറക്കുന്നതില്‍ ധാരണയിലെത്താതിരുന്നതാണ്‌ മാര്‍ച്ചില്‍ എണ്ണ വില കുത്തനെ ഇടിയാന്‍ വഴിയൊരുക്കിയത്‌. സൗദിയും റഷ്യയും വിപണിവിഹിതം നിലനിര്‍ത്തുന്നതിനായി ഉത്പാദം വര്‍ധിപ്പിച്ചിരുന്നു. ഇതും കൊറോണയെ തുടര്‍ന്ന് ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതും മാര്‍ച്ച് അവസാനത്തോടെ എണ്ണ വില 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സൗദിയും റഷ്യയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Content Highlights:Saudi Arabia, Russia and other OPEC+ countries agree on deal to cut oil output