
‘‘പരിഹാരം ലളിതമാണ്. ഈ പ്രശ്നത്തിന്റെ കാരണം, ഈ വലിയ ദുരന്തത്തിന്റെ കാരണം ഈ ഭരണകൂടമാണ്. അതവിടെയില്ലെങ്കിൽ ഈ വൻ ദുരന്തം ഇല്ലാതാകും. അതിനാൽ, ഈ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് പ്രധാനകാര്യം. സാധ്യമായ എല്ലാമാർഗത്തിലൂടെയും അതിനെ വലിച്ചുതാഴെയിടുക’’ -2021 ഫെബ്രുവരിയിൽ യു.എസ്. മാധ്യമമായ പി.ബി.എസിനുനൽകിയ അഭിമുഖത്തിൽ ഹയാത് തഹ്രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) തലവൻ അബു മുഹമ്മദ് അൽ ജുലാനി പറഞ്ഞതാണിത്. 2011-ൽ ആരംഭിച്ച് 2016-ൽ ഒടുങ്ങിയ ആഭ്യന്തരയുദ്ധത്തിനുശേഷവും അധികാരത്തിൽ തുടർന്ന സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ നിഷ്കാസനം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ജുലാനിയും എച്ച്.ടി.എസും. സാഹചര്യം ഒത്തുവന്നപ്പോൾ വെറും 11 ദിവസംകൊണ്ട് അവർ അതുചെയ്തു.
ബാഗ്ദാദിയുടെ വലംകൈ
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വലംകൈയായിരുന്നു ജുലാനി. 1989-ൽ സൗദി അറേബ്യയിലെ റിയാദിൽ ജനിച്ചു. അഹമ്മദ് ഹുസൈൻ അൽ ഷരാ എന്നാണ് വീട്ടുകാരിട്ട പേര്. ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നിൽനിന്നുള്ള സിറിയക്കാരാണ് മാതാപിതാക്കൾ. ജുലാനിയുടെ പിതാവ് സൗദിയിലെ എണ്ണക്കമ്പനിയിൽ എൻജിനീയറായിരുന്നു. 2001 സെപ്റ്റംബർ 11-ന് അൽ ഖായിദ ഭീകരരുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അയാളെ ഭീകരതയിലേക്ക് ആകർഷിച്ചു. 2003-ൽ യു.എസിന്റെ അധിനിവേശം തുടങ്ങുന്നതിന് ആഴ്ചകൾമുമ്പ് ജുലാനി ഇറാഖിലേക്കുപോയി. അൽ ഖായിദയുടെ ഭാഗമായി. ഇറാഖ് അറസ്റ്റുചെയ്ത് ക്യാമ്പ് ബുക്കയിലെ ജയിലിലടച്ചു. അഞ്ചുവർഷത്തിനുശേഷം ജയിൽമോചിതനായ ജുലാനി അൽ ഖായിദയിലേക്കു തിരിച്ചുപോയി. അപ്പോൾ അബു ബക്കർ അൽ ബാഗ്ദാദിയായിരുന്നു അതിന്റെ തലപ്പത്ത്. ബാഗ്ദാദി ജുലാനിയെ ആദ്യം മോസൂളിലും പിന്നെ സിറിയയിലും നിയോഗിച്ചു. സിറിയയിൽ അയാൾ അൽ ഖായിദ ഘടകം കെട്ടിപ്പടുത്തു. ജബാത്ത് അൽ നുസ്ര എന്നായിരുന്നു അതിനുപേര്. പക്ഷേ, അൽ നുസ്രയെ ഐ.എസിന്റെ ഭാഗമാക്കണമെന്ന ബാഗ്ദാദിയുടെ ആവശ്യം ജുലാനി കേട്ടില്ല. അവർ തമ്മിലകന്നു. 2019 ഒക്ടോബറിൽ യു.എസ്. ബാഗ്ദാദിയെ വധിച്ചു. സിറിയയിലും ഇറാഖിലുമായി അയാളുണ്ടാക്കിയ ഖിലാഫത്ത് തകർന്നു. ഐ.എസ്. ദുർബലമായി. പക്ഷേ, ജുലാനിയുടെ സംഘം നിലനിന്നു.
ഇഡ്ലിബിന്റെ അമീർ
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 2015-ൽ അസദിനായി റഷ്യ ഇടപെട്ടു. ഇറാൻ അവിടത്തെ ഷിയാ സായുധസംഘങ്ങളെ സഹായിച്ചു. ഹിസ്ബുള്ളയും സായുധസംഘവുമായെത്തി. കുർദിഷ് പടയോടുചേർന്ന് യു.എസ്. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിട്ടു. എല്ലാം അസദിന് സഹായകമായി. ആഭ്യന്തരയുദ്ധം അസദിനെ വീഴ്ത്തിയില്ല. വിമതർ കീഴടക്കിയ പ്രദേശങ്ങൾ അസദ് തിരിച്ചുപിടിച്ചു. അലപ്പോ, ഹമയുടെ ചിലഭാഗങ്ങൾ, ഹോംസ് എല്ലാം വീണ്ടുകിട്ടി. പക്ഷേ, ഭീകരസംഘടനകൾ ഇഡ്ലിബിൽ കേന്ദ്രീകരിച്ചു. അവിടേക്ക് സായുധസേനയെ അയച്ച് അത് വീണ്ടെടുക്കാനുള്ള ശ്രമം തുർക്കിയിലേക്ക് അഭയാർഥി പ്രവാഹമുണ്ടാക്കുമെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ പറഞ്ഞു. തുർക്കിയുമായി ചങ്ങാത്തമാരംഭിച്ചിരുന്ന റഷ്യ അതു ശരിവെച്ചു. ഇഡ്ലിബ് അവർക്കു വിട്ടുകൊടുത്ത് വെടിനിർത്തി.
ഇഡ്ലിബിന്റെ അമീറായി ജുലാനി. തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി (സിറിയൻ നാഷണൽ ആർമി) അയാളുടെ ഹയാത് തഹ്രീർ അൽ ഷാമിനൊപ്പം കൂടി. അൽ ഖായിദയുമായുള്ള ബന്ധം വിടർത്തിയെന്ന് ജുലാനി 2016-ൽ പ്രഖ്യാപിച്ചു. സിറിയ കേന്ദ്രീകരിച്ച് ജബാത് ഫത്തേഹ് അൽ ഷാമെന്ന് സംഘടനയുടെ പേരുമാറ്റി. പിന്നീടാണ് അതിന് ഹയാത്ത് തഹ്രീർ അൽ ഷാം എന്നു പേരിട്ടത്. എച്ച്.ടി.എസിന് ജനികീയമുഖം നൽകാൻ അയാൾ ശ്രമിച്ചു. പല രാജ്യങ്ങളിൽനിന്ന് അതിൽ അംഗങ്ങളെ ചേർത്തു. ഇഡ്ലിബിൽ ശരിയത്തിലൂന്നിയ നീതിന്യായവ്യവസ്ഥ കൊണ്ടുവന്നു. തുർക്കിയുടെ നാണയമായ ലിറ അവിടത്തെ ഔദ്യോഗികനാണയമാക്കി. യു.എസിനോടോ പാശ്ചാത്യരോടോ ദേഷ്യമില്ലെന്ന് 2021-ലെ പി.ബി.എസ്. അഭിമുഖത്തിൽ പ്രഖ്യാപിച്ചു. ഭീകരർ സാധാരണ അണിഞ്ഞുകാണാറുള്ള വസ്ത്രങ്ങൾ അയാൾ ഉപേക്ഷിച്ചു. പാശ്ചാത്യരീതിയിലുള്ള ഉടുപ്പുകളിട്ടു. പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം നിയന്ത്രിക്കാനുള്ള പാശ്ചാത്യശ്രമങ്ങളിൽ പങ്കാളിയാകാനുള്ള മനസ്സറിയിച്ചു. ഐ.എസിനെ നേരിട്ടു. കഴിഞ്ഞയാഴ്ച ഹമ പിടിച്ചശേഷം തന്റെ ശരിക്കുള്ള പേരിൽ പ്രസ്താവനയുമിറക്കി. പക്ഷേ, യു.എസിന് ജുലാനി ഭീകരനാണ്.
കാത്തിരുന്ന കാലം
ഒടുവിൽ ജുലാനി യും എച്ച്.ടി.എസും കാത്തിരുന്ന കാലമെത്തി. 13 വർഷം മുമ്പത്തെ ആഭ്യന്തരയുദ്ധത്തിൽ അസദ് സർക്കാരിനെ സഹായിച്ചിരുന്നവരെല്ലാം ഇന്ന് അവരവരുടെ പ്രശ്നങ്ങളിലാണ്. മൂന്നുവർഷത്തോളമായി യുക്രൈനുമായി യുദ്ധത്തിലാണ് റഷ്യ. പശ്ചിമേഷ്യയിലെ ഷിയ സായുധസംഘങ്ങളെ ഒരുമിച്ചുനിർത്തിയിരുന്ന ഇറാനിലെ ഖുദ്സ് ഫോഴ്സിന് പല പ്രമുഖരെയും നഷ്ടമായി. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ള ക്ഷീണിതരായി. ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കുന്നുവെന്ന് പറഞ്ഞ് സിറിയയിൽ ഇടയ്ക്കിടെ ഇസ്രയേൽ ആക്രമണം നടത്തുന്നു. ഈ പശ്ചാത്തലത്തിൽ നവംബർ അവസാനവാരം എച്ച്.ടി.എസ്. അസദിനെ പുറത്താക്കാനിറങ്ങി. സിറിയൻ നാഷണൽ ആർമിയും ഒപ്പംകൂടി. അവരുടെ ഉദ്ദേശ്യം നടന്നിരിക്കുന്നു.
Content Highlights: rebel politician-How Abu Mohammed al-Jawlani reinvented himself-Syria,bashar al assad
Published: 09 Dec 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented