ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്നും താമസിയാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ധനസഹായം വേണ്ടെന്ന് വെക്കാൻ സാധിച്ചേക്കുമെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയ എയർലൈനായ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (PIA) വിൽക്കാൻ നിർബന്ധിതരായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ അവകാശവാദവുമായി ഖ്വാജ ആസിഫ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ ഓഡറുകളിൽ ചൈനയുടേതുൾപ്പെടെ വലിയ വർധനയുണ്ടായതായും ഖ്വാജ ആസിഫ് പറഞ്ഞു.
2025 മേയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സൈനികസംഘർഷത്തിനുശേഷം പാകിസ്താനിലേക്കുള്ള പ്രതിരോധ ഓഡറുകൾ വൻതോതിൽ വർധിച്ചതായും പാകിസ്താന് ഉടൻതന്നെ ഐഎംഎഫിന്റെ വായ്പകൾ വേണ്ടെന്ന് വെക്കാൻ കഴിഞ്ഞേക്കുമെന്നും ചൊവ്വാഴ്ച ജിയോടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖ്വാജ അസഫ് അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള സംഘർഷത്തെ പാകിസ്താൻ അതിജീവിച്ചതിലൂടെ പാക് സൈനികോപകരണങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ കൂടിയതായും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു. പാകിസ്താൻ്റെ സൈനിക മികവ് ലോകശ്രദ്ധ നേടിയതായും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.
ബുധനാഴ്ച വന്ന ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഷഹ്ബാസ് ഷെരീഫ് സർക്കാർ 2026-27 ബജറ്റിനുള്ള സാമ്പത്തിക, ധനകാര്യ മാനദണ്ഡങ്ങളിൽ ഐഎംഎഫിന്റെ ഭാഗത്തുനിന്ന് ചില ഇളവുകൾക്കായി പരിശ്രമിക്കുന്നതായി പാകിസ്താൻ ദ ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഐഎംഎഫിൻ്റെ കർശനവായ്പാ വ്യവസ്ഥകളിൽ ചില ഇളവുകൾ പാകിസ്താൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
പ്രതിരോധത്തെ വിഷയത്തെക്കുറിച്ചെഴുതുന്ന ചില പത്രപ്രവർത്തകരെപ്പോലെയാണ് ഖ്വാജ ആസിഫ് സംസാരിക്കുന്നതെന്നും ഒരു വിമാനത്തിൻ്റെയോ അന്തർവാഹിനിയുടെയോ മുൻപും പിൻപും തിരിച്ചറിയാൻ പ്രതിരോധമന്ത്രിയ്ക്ക് കഴിയില്ലെന്നും ഖ്വാജ ആസിഫിൻ്റെ അവകാശവാദത്തോട് പാക് രാഷ്ട്രീയ തന്ത്രജ്ഞയും എഴുത്തുകാരിയുമായ ആയിഷ സിദ്ദീഖ പ്രതികരിച്ചു. JF-17, J-10 പോലുള്ള പാക് യുദ്ധവിമാനങ്ങൾക്ക് അസർബൈജാൻ, ലിബിയ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്ന് ഓഡർ ലഭിച്ചിട്ടുണ്ട്. JF-17 ൻ്റെ എയർഫ്രെയിമിൻ്റെ ഏകദേശം 58% മാത്രമാണ് പാകിസ്താനിൽ നിർമ്മിക്കുന്നത്. പാകിസ്താൻ പരിമിത ഘടകങ്ങൾ മാത്രമാണ് നിർമ്മിക്കുന്നത്. കൂടാതെ കയറ്റുമതിയിൽ നിന്നുള്ള വരുമാനംപോലും പങ്കാളിയായ ചൈനയുമായി വിഭജിക്കപ്പെടുന്നു, ആയിഷ സിദ്ദീഖ പറഞ്ഞു.
JF-17 തണ്ടർ യുദ്ധവിമാനത്തിൽ പാകിസ്താന് പുറമെ റഷ്യ, ചൈന, ഇറ്റലി, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഘടകങ്ങൾ ഉണ്ട്. പാകിസ്താൻ്റെ JF-17 തണ്ടർ വിമാനങ്ങൾ റഷ്യൻ നിർമ്മിത Klimov RD-93 ടർബോഫാൻ എൻജിനിലാണ് പ്രവർത്തിക്കുന്നത്, ഇത് RD-33 സീരീസിൻ്റെ ഒരു വകഭേദമാണ്. JF-17 പദ്ധതിയിൽ പാകിസ്താന് പരിമിതമായ ഓഹരിയാണുള്ളത്, ചൈനയുമായി വരുമാനം പങ്കിടുന്നുമുണ്ട്. പാകിസ്താന്റെ കടബാധ്യതയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, വിമാനവിൽപന പോലും കാര്യമായ സംഭാവന നൽകാൻ സാധ്യതയില്ല. പാകിസ്താൻ്റെ സാമ്പത്തികസ്ഥിതിയും ജെറ്റ് നിർമ്മാണത്തിലെ അതിൻ്റെ പങ്കും പരിഗണിക്കുമ്പോൾ, ഖ്വാജ ആസിഫിന്റെ അവകാശവാദങ്ങൾ സ്വപ്നം മാത്രമാണ്.
പാക് സാമ്പത്തിക വിദഗ്ധർ പോലും പറയുന്നത് പാക് സമ്പദ്വ്യവസ്ഥ വെന്റിലേറ്ററിലാണെന്നാണ്. പാക് സമ്പദ്‌വ്യവസ്ഥയുടെ മൊത്തം പൊതു കടവും ബാധ്യതകളും 81 ട്രില്യൺ പാകിസ്താൻ രൂപ, അതായത് ഏകദേശം 280-300 ബില്യൺ ഡോളർ ആണ്. 2025-ലെ പാക് ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന അനുസരിച്ച് വിദേശ കടം ഏകദേശം 26 ട്രില്യൺ പാകിസ്താൻ രൂപയാണ്. ഇങ്ങനെയൊരു സാമ്പത്തിക സാഹചര്യത്തിൽ, ആറ് മാസത്തിനുള്ളിൽ ഐഎംഎഫ് വായ്പകളില്ലാതെ പാകിസ്താന് മുന്നോട്ട് പോകാൻ കഴിഞ്ഞേക്കുമെന്ന ഖ്വാജ ആസിഫിൻ്റെ അവകാശവാദം ജലരേഖയ്ക്ക് സമാനമാണ്.
Content Highlights: Pakistan`s FM claims economy is booming and may soon exit IMF aid. Amidst PIA sale, this bold assertion sparks debate.
Published: 08 Jan 2026, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented