
ടെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് മുന്നറിയിപ്പും ഭീഷണികളുമായി യുഎസും ഇറാനും. വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽവെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശനിയാഴ്ച ശക്തമായി തിരിച്ചടിച്ചിരുന്നു. പിന്നാലെയാണ് ഈ ആക്രമണത്തിൽ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടിവരും എന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത്.
വ്യാഴാഴ്ചയാണ് ഹോർമുസിൽ തായ്വാന്റെ കണ്ടെയ്നർ കപ്പലിനുനേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാന്റെ താൽപര്യങ്ങൾക്കും തീരുമാനങ്ങൾക്കും പുറത്തുള്ളവരുടെ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകാൻ കഴിയില്ല എന്നായിരുന്നു ഇറാന്റെ വാദം. പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെയോടെ ഇറാനുനേരെ യുഎസ് വ്യോമാക്രമണം നടത്തിയത്.
ഹോർമുസിൽ ഇനിയും ഏതെങ്കിലും വിധത്തിലുള്ള ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം വളരെ രൂക്ഷമായിരിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എക്സിലൂടെ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട്, ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
എന്നാൽ, ചർച്ചകൾക്കിടയിലാണ് അമേരിക്ക ഇറാനെ ആക്രമിച്ചതെന്നും യു.എസിന് പശാത്തപിക്കേണ്ടിയും പിൻവാങ്ങേണ്ടിയും വരുമെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ കമ്മീഷൻ അധ്യക്ഷൻ ഇബ്രാഹിം അസീസി ശനിയാഴ്ച പറഞ്ഞു. മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡർ കൂടിയായ അസീസി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഹോർമുസിൽ ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തുവന്നിരുന്നു. ഇത്തരം അതിക്രമങ്ങൾ വെടിനിർത്തൽ കരാറിന് വിരുദ്ധമാണെന്നും ആക്രമണത്തെ വെടിനിർത്തൽ കരാറിന്റെ 'ബുദ്ധിശൂന്യമായ ലംഘനം' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ, ട്രംപ് ചർച്ചകളുടെ തത്വങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇത്തരം കുറ്റപ്പെടുത്തൽ നയം (blame game) ഇനി നടപ്പില്ലെന്നും അസീസ് വ്യക്തമാക്കി.
'ചർച്ചകൾക്കിടയിൽ യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റ്, തത്വങ്ങളോ വെടിനിർത്തലോ പാലിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നു. വെടിനിർത്തലിന്റെ ഈ ലംഘനം പതിവുപോലെ അവരുടെ ഭാഗത്തുനിന്ന് പിൻവാങ്ങലിനും പശ്ചാത്താപത്തിനും കാരണമാകും.' അസീസ് എക്സിൽ കുറിച്ചു. ഇറാനിലെ യുഎസ് ആക്രമണത്തിന് മറുപടിയായി മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അസീസിയുടെ ഈ പ്രതികരണം.
അതേസമയം, 'ആക്രമണത്തെ ആക്രമണത്തിലൂടെ തന്നെ മറുപടി നൽകും' എന്നാണ് യുഎസിന്റെ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രതികരിച്ചത്. 'ഇറാൻ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതാണ്, ഞങ്ങൾ അത് പാലിക്കുകയും ചെയ്യുന്നു. കരാർ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഫോണിലൂടെ സംസാരിക്കാമായിരുന്നു. എന്നാൽ അക്രമത്തിന് അക്രമം കൊണ്ട് തന്നെ തന്നെ മറുപടി നൽകും.' എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ചരക്കുക്കപ്പലായ എം/വി എവർ ലൗലിക്ക് (M/V Ever Lovely) നേരെ ജൂൺ 25-ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ ആക്രമണം നടത്തിയത് എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകളിൽ യുഎസും ഇറാനും ഏർപ്പെട്ടിരിക്കുന്ന നിർണായക സമയത്താണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തലിനെത്തുടർന്ന്, ഒരു സമഗ്രമായ അന്തിമ കരാറിലെത്തുന്നതിനായി ഇരുപക്ഷവും ചർച്ചകൾ ആരംഭിച്ചിരുന്നു.
Content Highlights: Iran warns of 'retreat and regret' following US retaliatory strikes on missile and drone sites. The strikes occurred during a 60-day diplomatic negotiation window to end the West Asia war. US VP JD Vance stated that violence against commercial shipping in the Strait of Hormuz will be met with force. Ebrahim Azizi criticizes the US for violating ceasefire agreements during ongoing talks.
Published: 27 Jun 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented