
ജനീവ: ഇറാൻ-യുഎസ് രണ്ടാംഘട്ട ആണവചർച്ച ആരംഭിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ സ്വിസ് നഗരമായ ജനീവയിലെ ഒമാനി മിഷൻ ആസ്ഥാനത്താണ് ചർച്ച നടക്കുന്നത്. യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമാണ് ചർച്ചയ്ക്കായി ജനീവയിലെത്തിയത്. ഫെബ്രുവരി ആദ്യം ഒമാനിൽനടന്ന ചർച്ചയിലും ഇരുവരും പങ്കെടുത്തിരുന്നു.
ഇറാൻ ആണവനിർവ്യാപന കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ ചർച്ചയ്ക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ചർച്ചകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചർച്ചകളിൽ താൻ പരോക്ഷമായി ഇടപെടുമെന്നും വ്യക്തമാക്കി.
'ഒരു കരാറിൽ എത്താത്തതിന്റെ അനന്തരഫലങ്ങൾ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞവർഷം യുഎസ് ഇറാനിലെ ആണവകേന്ദ്രങ്ങൾ ബോംബിട്ട് തകർത്തപ്പോൾ ചർച്ചകളിൽ സ്വീകരിച്ച കടുത്ത നിലപാടിന്റെ അനന്തരഫലം ഇറാൻ പഠിച്ചു. ഇറാന്റെ ആണവശേഷി ഇല്ലാതാക്കാൻ ബി-2 വിമാനങ്ങളെ അയക്കുന്നതിന് പകരം ഒരു കരാർ ഉണ്ടാക്കാമായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ബി-2 വിമാനങ്ങൾ അയക്കേണ്ടിവന്നു. അതിനാൽ കരാറിൽ എത്തിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇറാൻ ബോധവാന്മാരായിരിക്കുമെന്ന് കരുതുന്നു'', ട്രംപ് പറഞ്ഞു.
അതേസമയം, ആണവവിഷയത്തിൽ കൂടുതൽ യാഥാർഥ്യബോധമുള്ള നിലപാടിലേക്ക് യുഎസ് നീങ്ങിയെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച തങ്ങളുടെ ആണവപദ്ധതിയിലും യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാകുമെന്നും ഇറാൻ പറഞ്ഞു.
അതിനിടെ, ഇറാന് സമീപം യുഎസ് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും വിന്യസിച്ചതിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പ്രതികരണവുമായി രംഗത്തെത്തി. ഒരു വിമാനവാഹിനി കപ്പലിനെക്കാൾ അപകടകരമാണ് അതിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ കഴിയുന്ന ആയുധം. യുഎസിന്റെ സൈന്യം ലോകത്തിലെ ശക്തമായ സൈന്യമാണ്. എന്നാൽ, ആ സൈന്യത്തിന് തിരിച്ചുവരാൻ സാധിക്കാത്തനിലയിൽ പ്രഹരം ലഭിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ ഫലം മുൻകൂട്ടി നിശ്ചയിക്കാനാണ് യുഎസിന്റെ ശ്രമമെന്നും അത് തെറ്റും വിഡ്ഢിത്തവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാന്റെ സമീപത്തായി നിലയുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർഫോർഡ് ഉടൻ തന്നെ മേഖലയിൽ എത്തിയേക്കും. അതേസമയം, യുഎസിന്റെ സൈനികനീക്കങ്ങൾക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നാവികാഭ്യാസവും നടത്തിയിരുന്നു.
Content Highlights: Second round of Iran-US nuclear talks underway in Geneva, mediated by Oman. Key officials discuss nuclear program and sanctions relief. Updates & analysis.
Published: 17 Feb 2026, 07:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented