
ഇടിവെട്ടിയവന് ഇരുട്ടടി കിട്ടിയാലെങ്ങനെ ഇരിക്കും. സമാനമായൊരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് ബംഗ്ലാദേശെന്ന നമ്മുടെ അയല്‍ക്കാരന്‍. ആഭ്യന്തര കലാപത്തിന് ശേഷം പുരോഗതിയുടെ പാതയിലേക്ക് തിരികെ വരാന്‍ കഷ്ടപ്പെടുന്നതിനിടെ ആ രാജ്യത്തിന് വലിയ ഊര്‍ജ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ബംഗ്ലാദേശിന്റെ പ്രതിസന്ധിക്ക് പക്ഷെ ഒരു ഇന്ത്യന്‍ ബന്ധവും കൂടിയുണ്ട്. ഒരുരാജ്യത്തിന്റെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരമാവധി ഇടപെടാതിരിക്കുക എന്നതാണ് പരസ്യമായി ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. താത്പര്യങ്ങള്‍ക്കനുസരിച്ച് ഇത്തരം സമീപനങ്ങളില്‍ രഹസ്യമായ മാറ്റങ്ങളുണ്ടാകാം.
ഇവിടെ പക്ഷെ ബംഗ്ലാദേശിനെ കാത്തിരിക്കുന്ന പ്രതിസന്ധി ഉണ്ടാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ താങ്ങും തണലും ആവോളം ലഭിക്കുന്ന അദാനി കമ്പനിയാണെന്ന് വന്നതാണ് ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. എന്താണ് അദാനിക്കും ബംഗ്ലാദേശിനും ഇടയില്‍ സംഭവിക്കുന്നത്. അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും ഇടപെടലുണ്ടോ എന്നൊക്കെയാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കുടിശ്ശികയെ തുടര്‍ന്ന് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചതാണ് ആ രാജ്യത്തെ ഇരുട്ടിലാക്കിയത്.
അദാനിയും ബംഗ്ലാദേശും പിന്നെ കുറെ കടങ്ങളും
അദാനി കമ്പനികളില്‍ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അദാനി പവര്‍. ഇതിന്റെ ഭാഗമായ അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിന് വൈദ്യുതി നല്‍കുന്നത്. എന്നാല്‍
7,120 കോടി രൂപയോളം (84.6 കോടി ഡോളര്‍) ആണ് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡിന് നല്‍കാനുള്ളത്. കുടിശ്ശിക നികത്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ഒക്‌ടോബര്‍ 31 മുതല്‍ വൈദ്യുതി വിതരണം താത്കാലികമായി നിര്‍ത്തി വെച്ചതെന്നും അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡ് പറയുന്നു. അദാനി വൈദ്യുതി നല്‍കുന്നത് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മാത്രം 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ബംഗ്ലാദേശിലുണ്ടായത്. 1496 മെഗാവാട്ട് വൈദ്യുതിയാണ് ഝാര്‍ഖണ്ഡിലെ പ്ലാന്റിന്റെ ശേഷി. പക്ഷെ ഇവിടെ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് 700 മെഗാവാട്ട് മാത്രമാണ്. ആകെയുള്ളതിന്റെ പകുതി മാത്രം. കുടിശ്ശിക തീര്‍ക്കാതെ വൈദ്യുതിയില്ല എന്നാണ് കമ്പനി കട്ടായം പറഞ്ഞിരിക്കുന്നത്.
ഊര്‍ജാവശ്യങ്ങള്‍ക്ക് മുന്‍കാലത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ ബംഗ്ലാദേശ് അനുഭവിക്കുന്നത്. ആഭ്യന്തര കലാപവും അതേതുടര്‍ന്നുള്ള സര്‍ക്കാരിന്റെ പതനവുമൊക്കെ ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് ഊര്‍ജ പ്രതിസന്ധി കൂടി നേരിടേണ്ടി വരുന്നത്. ആഭ്യന്തര പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന്റെ വ്യവസായ മേഖല തിരിച്ചുവരവിന് വേണ്ടി കഠിനമായി പ്രയത്‌നിക്കേണ്ട സമയമാണ്. അപ്പോഴാണ് ഏറ്റവും അത്യാവശ്യമായ വൈദ്യുതി പ്രതിസന്ധി ആ രാജ്യത്തിന് നേരിടേണ്ടി വരുന്നത്.
ഇത് വ്യവസായ മേഖലയെ ഉലച്ചിരിക്കുകയാണ്. പല മേഖലകളിലും വൈദ്യുതി നിയന്ത്രണം വന്നു. ഉത്പാദനത്തിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിന് പുറമേനിന്നുള്ള സഹായം അത്യാവശ്യമായി വരും. ആവശ്യമായ വിദേശനാണ്യ ശേഖരമില്ലാത്തതാണ് ബംഗ്ലാദേശിന് വിനയായത്. അദാനി ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ഏകദേശം 17 കോടി ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റ് നല്‍കാന്‍ ബംഗ്ലാദേശ് കൃഷി ബാങ്ക് തയ്യാറായിരുന്നു. എന്നാല്‍ ഈ പണം അദാനിക്ക് നല്‍കണമെങ്കില്‍ കൈവശം വിദേശ നാണ്യ ശേഖരം ആവശ്യത്തിന് വേണ്ടതുണ്ട്.
ആഭ്യന്ത പ്രതിസന്ധിക്ക് ശേഷം തൊട്ടതിനും പിടിച്ചതിനുമെല്ലാം ബംഗ്ലാദേശില്‍ തീവിലയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൈയിലുള്ള വിദേശനാണ്യ ശേഖരത്തിനെയാണ് ഇടക്കാല സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഇന്ധന ഇറക്കുമതി, ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി ഇതിനെല്ലാം ഡോളര്‍ വേണം. അതാണെങ്കില്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഇന്ത്യയുടെ തൊട്ടയല്‍പ്പക്കമായ ശ്രീലങ്ക നേരിട്ട പ്രതിസന്ധിയിലേക്കാണ് ബംഗ്ലാദേശും പോകുന്നതെന്ന് വ്യക്തം.
തളരുന്ന വ്യവസായം നഷ്ടമാകുമോ സുവര്‍ണ കാലം?
ആഭ്യന്തര കലാപത്തിനൊക്കെ മുമ്പ് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരുന്ന രാജ്യമായാണ് ബംഗ്ലാദേശ് അറിയപ്പെട്ടത്. അതില്‍ പ്രധാനം വസ്ത്ര കയറ്റുമതിയിലൂടെ രാജ്യത്തിലേക്കെത്തിയിരുന്ന വിദേശനാണ്യമായിരുന്നു. പ്രതിസന്ധി കാലത്ത് ആ വ്യവസായം വലിയ തോതില്‍ ഉലഞ്ഞു. തകര്‍ച്ചയില്‍ നിന്ന് തിരികെ കയറാന്‍ കഠിനമായി പരിശ്രമിക്കുന്നതിനിടെ ആണ് വൈദ്യുതി പ്രതിസന്ധി വന്നത്. ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ എത്രത്തോളം ദുര്‍ബലമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ പ്രതിസന്ധി. നിര്‍മാണമേഖലയും വസ്ത്രമേഖലയും വൈദ്യുതിയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഇതില്‍ തടസം നേരിടുന്നത് ഉത്പാദനത്തിനെയും കയറ്റുമതി ഓര്‍ഡറുകളെയും ബാധിക്കും.
ബംഗ്ലാദേശില്‍ നിന്ന് വാങ്ങിയിരുന്ന ആളുകള്‍ വിതരണത്തില്‍ തടസം നേരിട്ടാല്‍ മറ്റെവിടേക്കെങ്കിലും പോയെന്ന് വരാം. അങ്ങനെ വന്നാല്‍ രാജ്യത്തിന് വരുമാനം നേടിത്തരുന്ന പ്രധാനപ്പെട്ട മേഖലകള്‍ തകരുന്ന കാഴ്ചയാകും കാണാനാകുക. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അദാനിയെ തന്നെ ആശ്രയിക്കാതിരിക്കാന്‍ ബംഗ്ലാദേശിന് സാധിക്കില്ല. കാരണം താരതമ്യേന കുറഞ്ഞ നിരക്കിലാണ് അദാനി പവര്‍ വൈദ്യുതി നല്‍കിയിരുന്നത്. ബംഗ്ലാദേശിന് നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് അദാനി ഉയര്‍ത്തിയിരുന്നു. ആഴ്ചയില്‍ 2.2 കോടി ഡോളറായാണ് വര്‍ധിച്ചത്. കല്‍ക്കരി വിലയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലകൂട്ടിയത്. അതുകൂടി ആയതോടെ വൈദ്യുതി കുടിശ്ശിക കൂടി.
ഒക്ടോബര്‍ 27ന് കുടിശ്ശിക തീര്‍ക്കാന്‍ കത്ത് നല്‍കിയിട്ടും മാറ്റമൊന്നുമില്ലാതെ വന്നതോടെ വൈദ്യുതി വിതരണം നിര്‍ത്തിവെക്കാന്‍ അദാനി പവര്‍ തീരുമാനിക്കുകയായിരുന്നു. പൂര്‍ണമായും വൈദ്യുതി വിച്ഛേദിച്ചില്ല എന്ന കാര്യത്തില്‍ ചെറിയ ആശ്വാസം ഉണ്ടെന്ന് മാത്രം. അതും നാളെ നല്‍കേണ്ടെന്ന് വെച്ചാല്‍ 700 മെഗാവാട്ട് കൂടി ഇല്ലാതാകും. അതോടെ വീടുകളില്‍ രാത്രി വൈദ്യുതി ഉപഭോഗം കര്‍ശനമായി നിയന്ത്രിച്ചേക്കും. മണിക്കൂറുകള്‍ നീളുന്ന പവര്‍ കട്ടിനാകും ഇനി ബംഗ്ലാദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കുന്ന മുഹമ്മദ് യൂനിസിന്റെ ഇടക്കാല സര്‍ക്കാരിന് പ്രതിസന്ധികളുടെ പെരുമഴയെ ആണ് നേരിടേണ്ടി വരുന്നത്. അദാനിയെ സമന്വയിപ്പിക്കാന്‍ അവര്‍ക്ക് ഇന്ത്യയുടെ സഹായം തേടേണ്ടി വരും. ഇന്ത്യയിലെ സര്‍ക്കാരിനെ പിണക്കുന്ന കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും അതൊക്കെ ഇടക്കാല സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികളാണ്.
ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇന്ത്യയോട് കൂറ് പുലര്‍ത്താന്‍ മടികാണിക്കാതിരുന്നവരാണ് ഷെയ്ക്ക് ഹസീനയുടെ കാലത്തെ ഭരണകൂടം. എന്നാല്‍ ഇന്ത്യാവിരുദ്ധരായ പ്രതിപക്ഷ കക്ഷികളും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി എന്നിവരുടെ ഒക്കെ പിന്തുണയോടെയാണ് ഷെയ്ക്ക് ഹസീനയെ പുറത്താക്കിയ ആഭ്യന്തര കലാപം നടന്നത്. ഷെയ്ക്ക് ഹസീനയുടെ കാലത്ത് ഭരണം ഏകാധിപത്യത്തിലേക്ക് വഴുതിയതാണ് പിന്നീട് വിനയായി മാറിയത്. ഇതൊക്കെ തുടരുമ്പോഴും അവസാന നിമിഷം വരെ ഇന്ത്യ ഹസീനയെ കൈവിട്ടില്ല. ഇതിന്റെ എതിര്‍പ്പും വെറുപ്പും ബംഗ്ലാദേശിലുണ്ട്. അത് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നുമുണ്ട്. ഇന്ത്യയോടുള്ള എതിര്‍പ്പിന് വിലകൊടുക്കേണ്ടി വരുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങളാണ് എന്നതാണ് സാധാരണ കണ്ടുവരുന്നത്.
ആഭ്യന്തര കലാപ കാലത്ത് ന്യൂനപക്ഷള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ ഇടക്കാല സര്‍ക്കാരിന് സാധിച്ചിരുന്നില്ല. കാരണം മുമ്പ് പറഞ്ഞ ഇന്ത്യാ വിരുദ്ധ കക്ഷികളുടെ സ്വാധീനം തന്നെ. നിലവിലെ സാഹചര്യത്തില്‍ സൗഹൃദത്തിലുള്ള രാജ്യമായിരുന്നുവെങ്കില്‍ ബംഗ്ലാദേശിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ സഹായങ്ങള്‍ എത്തുമായിരുന്നു. എന്നാല്‍ അതുണ്ടാകുന്നില്ല എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം വ്യക്തമാക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ വിദേശ ബാങ്കുകളെ ആശ്രയിക്കുകയെ ഇനി ബംഗ്ലാദേശിന് മുന്നില്‍ വഴിയുള്ളു.
രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്ന പ്രതിസന്ധി എത്രത്തോളമെന്നതിന് ഉദാഹരണം ശ്രീലങ്ക മുന്നിലുണ്ട്. അത്തരമൊരു സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഇന്ത്യയുമായി നീക്കുപോക്കുകള്‍ക്ക് തയ്യാറാകാന്‍ ബംഗ്ലാദേശ് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം. അവര്‍ക്ക് മുന്നിലുള്ള മറ്റൊരു സാധ്യത ചൈനയാണ്. എന്നാല്‍ ചൈനീസ് സഹായത്തെ ആശ്രയിച്ചതിന്റെ ബാധ്യതകളും ആ രാജ്യം വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിലെ മഞ്ഞുരുക്കാന്‍ വൈദ്യുതി പ്രതിസന്ധി ഒരു നിമിത്തമാകുമോയെന്ന് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
Content Highlights: Adani Power's supply cut to Bangladesh intensifies existing economic challenges, raising concerns
Published: 02 Nov 2024, 05:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented