സന: ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം. പശ്ചിമേഷ്യയിൽ പടർന്നുപിടിക്കുന്ന യു.എസ്-ഇറാൻ യുദ്ധത്തിന് പുതിയൊരു പോർമുഖം തുറന്നിട്ടുകൊണ്ടാണ് ഈ നീക്കം. ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചാണ് സൗദിയുടെ 'എൻസെലിയ', 'ലൈല' എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.

To advertise here,

ചെങ്കടലിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എൻസെലിയ കപ്പലിന് നേരെയുണ്ടായ ആക്രമണമാണ് സൗദി സ്ഥിരീകരിച്ചിട്ടുള്ളത്. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപ്പിടിത്തമുണ്ടായെങ്കിലും, ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

ചെങ്കടലിൽ കഴിഞ്ഞ ആഴ്ച സൗദി ബന്ധമുള്ള കപ്പലുകൾക്ക് ഹൂതികൾ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമുള്ള അവരുടെ ആദ്യത്തെ നാവിക ആക്രമണമാണിത്. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ

ബാബ് അൽ-മന്ദെബ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്നതെന്നാണ് വിവരം.

സൗദിക്കെതിരായ ഉപരോധ ഭീഷണി നടപ്പിലാക്കാൻ ശ്രമിച്ചാൽ ഹൂതികളെ 'കൈകാര്യം ചെയ്യുമെന്ന്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയതോടെ എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ ആശ്രയിച്ചിരുന്നത് ബാബ് അൽ-മന്ദെബ് കടലിടുക്കായിരുന്നു.

ഇതിനിടെ ഇറാനെതിരെ യുഎസ് തുടർച്ചയായി 12-ാം ദിവസവും ആക്രമണം നടത്തി. ഇറാൻ നാവിക ആസ്തികൾ, മിസൈൽ, ഡ്രോൺ സംഭരണ സൗകര്യങ്ങൾ, തീരദേശ നിരീക്ഷണ സൈറ്റുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ലക്ഷ്യങ്ങളിൽ അമേരിക്കൻ സേന ആക്രമണം നടത്തി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഈ ആക്രമണങ്ങൾ ഇറാനിലെ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള കഴിവിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും യുഎസ് അവകാശപ്പെട്ടു. 50,000-ൽ അധികം അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്, അവർ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും തയ്യാറെടുപ്പുകളുമായി നിലക്കൊള്ളുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.