കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ചയോളമാകുമ്പോള്‍ സർക്കാർ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാരവടംവലി താലിബാന് ഉള്ളിലും സംഘഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സർക്കാരിന്‍റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാൻ നേതാക്കൾ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിച്ചതോടെ രൂക്ഷമായിരിക്കുന്നത്. താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ബറാദർ നിലവിൽ പാകിസ്താനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖാനി ഭീകരവാദികളുടെ ആക്രമണത്തിലാണ് ബറാദറിന് പരിക്കേറ്റത് എന്നാണ് വിവരം.

അഫ്ഗാനിസ്താൻ പിടിച്ചടക്കിയതോടെ താലിബാൻ സർക്കാരിനെ ആരാണ് നിയന്ത്രിക്കുക എന്നായിരുന്നു ലോക രാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാന്‍റെ പുതിയ ഭരണാധികാരിയാകും എന്ന് വാർത്ത പുറത്തുവന്നിരുന്നു.

അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം. 

ഹഖാനിയുടെ അധികാരം ഉറപ്പിക്കാൻ വേണ്ടിയാണ് പാകിസ്താനിൽ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുൻ അഫ്ഗാൻ വനിതാ എംപിയായ മറിയം സൊലൈമാൻഖിൽ ട്വീറ്റ് ചെയ്തത്. ബറാദർ സർക്കാരിനെ നയിക്കുന്നില്ലെന്നും ഹഖാനിയെ ഭരണ തലവനാക്കാൻ വേണ്ടിയാണ് പാക് സംഘം എത്തിയതെന്നുമായിരുന്നു മറിയത്തിന്‍റെ ട്വീറ്റ്. 

നിലവിൽ പഞ്ച്ഷീർ മേഖലയിൽ പ്രതിരോധ സേനയുമായി ഏറ്റുമുട്ടൽ തുടരുന്ന തന്റെ അനുയായികളെ ബറാദർ കാബൂളിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

Content Highlight: Haqqani and Baradar fight it out for power in Kabul