
പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രോട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. 5700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്‌സില്‍ ജനങ്ങള്‍ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. 13,600 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. 13,700 ഓളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. ലെസ് കെയ്സില്‍ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്നു.
വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി അറിയിച്ച ഹെയ്തി പ്രധാനമന്ത്രി എരിയേല്‍ ഹെന്റി, രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരസഹായം എത്തിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനുമായി അമേരിക്ക സംഘത്തെ ഹെയ്തിയിലേക്ക് അയച്ചിട്ടുണ്ട്.
തലസ്ഥാന നഗരമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് ഒട്ടേറെ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു.
2010 ജനുവരിയില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി.
Content Highlights: Haiti earthquake: Death toll inches towards 1,300; US sends search teams
Published: 16 Aug 2021, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented