ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്. ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നതിനായി യുഎന്‍ ഇസ്രയേലുമായി ഒത്തുകളിക്കുകയാണെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണ് ഗുട്ടെറെസിന്‍റെ പ്രതികരണം. 

To advertise here,

ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ വടക്കുള്ള പലസ്തീനിയൻ ജനതയോട് തെക്ക് ഭാ​ഗത്തേക്ക് നീങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ 1.5 ദശലക്ഷം ജനങ്ങൾ പലായനം ചെയ്തതായാണ് യു.എന്നിന്‍റെ കണക്ക്. യുദ്ധത്തിൽ 10,500-ൽ അധികം ജനങ്ങൾ ഇതിനോടകം കൊല്ലപ്പെട്ടതായാണ് ​ഗാസ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 

അതേസമയം, യുദ്ധം അവസാനിച്ചാൽ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഗാസയുടെ സുരക്ഷാചുമതല തങ്ങള്‍ക്കല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തലപൊക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.