
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചത് അധികാരമൊഴിയാന്‍ സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെയെന്ന് മാധ്യമങ്ങള്‍. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു.
അതിനിടെയാണ് അവര്‍രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ഒരു പ്രസംഗം റെക്കോഡ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ബംഗ്ലാദേശ് സൈന്യത്തിന്റെ ജനറല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലാണ് സൈന്യം എന്ന് വിവരങ്ങള്‍ അതിനിടെ പുറത്തുവന്നു. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ 91 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.
13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. ധാക്കയിലെ മെഡിക്കല്‍ കോളേജടക്കം ആക്രമണത്തിനിരയായി. അവാമിലീഗ് പാര്‍ട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകര്‍ത്തു. പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.
'സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. ഫാക്ടറികളും പൊതുഗതാഗതവും നിര്‍ത്തിവെക്കാനും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ജോലിയില്‍ നല്‍കുന്ന സംവരണത്തിനെതിരേ ജൂലായില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 200- ഓളംപേര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlights: Army Gives PM Sheikh Hasina 45 Minutes To Resign
Published: 05 Aug 2024, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented