"രണ്ട് ദിവസം മുമ്പ് അഫ്ഗാനിസ്ഥാനിലെ എൻറെ ജന്മനാട് താലിബാന്‍ വളഞ്ഞു, എന്റെ വീട് വിട്ട് ഞാന്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു. ഒളിക്കാനായി ഇനിയെനിക്ക് അഫ്ഗാനിസ്താനില്‍ ഒരിടവുമില്ല"- ഇത് പറയുന്നത് അഫ്ഗാനിസ്താനിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ്. സ്ത്രീയായതുകൊണ്ട്, മാധ്യമപ്രവര്‍ത്തകയായതുകൊണ്ട് പ്രാണനും കയ്യില്‍പിടിച്ച് താലിബാന്റെ കണ്ണുവെട്ടിച്ച് ഓടിയൊളിച്ചവളാണവൾ. താലിബാന്റെ കീഴിലുള്ള അഫ്ഗാനില്‍  പെണ്ണിനും സ്വാതന്ത്ര്യം കൊതിക്കുന്നവര്‍ക്കും ജീവിതമില്ലെന്ന തിരിച്ചറിവുള്ളവൾ. നെഞ്ചിടിപ്പോടെയല്ലാതെ അവളുടെ അതിജീവന കഥ കേള്‍ക്കാനാകില്ല..

"കഴിഞ്ഞയാഴ്ചവരെ  ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു. ഇന്ന് എനിക്ക് എന്റെ പേരുവെച്ച് ഒന്നും എഴുതാന്‍ കഴിയില്ല, ഞാന്‍ എവിടെ നിന്നാണെന്നോ എവിടെയാണെന്നോ എനിക്ക് പറയാനാകുന്നില്ല.  വെറും കുറച്ച് ദിവസങ്ങള്‍കൊണ്ടാണ് എന്റെ ജീവിതം ഒന്നുമല്ലാതെയായി തീര്‍ന്നത്. 

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനാകെ ഭയന്നിരിക്കുകയാണ്.  ഇനി എന്നെങ്കിലും എനിക്ക് വീട്ടിലേക്ക് പോകാനാകുമോ, എന്റെ  മാതാപിതാക്കളെ കാണാനാകുമോ എന്നെനിക്കറിയില്ല. എവിടേക്കാണ് പോകേണ്ടതെന്നുപോലും എനിക്കറിയില്ല. ഹൈവേ  ഇരു വശങ്ങളിലും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എങ്ങനെയാണ് ഞാന്‍ ഈ നാളുകള്‍ അതിജീവിക്കുക.

വീടുവിടാനും ജീവനും കൊണ്ട് ഒളിച്ചോടാനുമുളള തീരുമാനം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞങ്ങളുടെ എല്ലാ പ്രവിശ്യകളും താലിബാന്റെ കീഴിലായി. എയര്‍പോര്‍ട്ടും  പോലീസിന്റെ ചില ജില്ലാ ആസ്ഥാനങ്ങളും ഒഴികെ എല്ലാം  താലിബാന്റെ പിടിയിലാണ്. 

താലിബാന്‍  ഭരിക്കുന്ന നാട്ടില്‍ ഞാന്‍ ഒരിക്കലും സുരക്ഷിതയായിരിക്കില്ല. കാരണം ഞാനൊരു 22വയസുള്ള പെണ്‍കുട്ടിയാണ്. താലിബാന്‍ അവരുടെ ഭാര്യമാരാകാന്‍ പെണ്‍കുട്ടികളെ വിട്ടുനല്‍കാന്‍ വീട്ടുകാരെ നിര്‍ബന്ധിക്കും. കൂടാതെ ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയും ആണ്. അതുകൊണ്ടുതന്നെ ഞാനും എന്റെ സഹപ്രവര്‍ത്തകരും താലിബാന്റെ നോട്ടപ്പുള്ളികളാണെന്ന കാര്യവും എനിക്കറിയാം.

ഇതിനോടകം തന്നെ വേട്ടയാടേണ്ടവരെ താലിബാന്‍ തിരഞ്ഞുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ എന്റെ മാനേജര്‍ എന്നെ വിളിച്ച്  അപരിചിത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഞങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഒളിവില്‍ കഴിയാനും കഴിയുന്നതും വേഗത്തില്‍ നഗരം വിടാനും അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 

വീട് വിടാനായി ഞാന്‍ ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ റോക്കറ്റിന്റെയും വെടിയുണ്ടകളുടെയും ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.  ഹെലികോപ്റ്ററുകളും വിമാനങ്ങളും വളരെ താഴ്ന്ന് തലയ്ക്ക് മുകളിലൂടെയാണ് പറന്നുപോയത്. ഈ സമയം വീടിന് പുറത്ത് തെരുവില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടായിരുന്നു. സുരക്ഷിതമായ ഒരു സ്ഥലത്തെത്തിക്കാമെന്ന് എന്റെ അങ്കിൾ  പറഞ്ഞത് കേട്ടയുടന്‍ ഫോണും കയ്യിലെടുത്ത് ബുര്‍ഖ ധരിച്ചുകൊണ്ട് ഞാന്‍ പുറപ്പെട്ടു. വീട് ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്ന നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗത്തായിരുന്നതിനാല്‍  എന്റെ മാതാപിതാക്കള്‍ക്ക് പോരാന്‍ കഴിഞ്ഞില്ല. 

റോക്കറ്റ് ആക്രമണം ശക്തമായതോടെ വീട് വിട്ടുപോകാന്‍ മാതാപിതാക്കള്‍ എന്നോട്  കരഞ്ഞുപറഞ്ഞു. നഗരത്തിന് പുറത്തേക്കുള്ള എല്ലാ വഴികളും വൈകാതെ അടയ്ക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അവരെ ഉപേക്ഷിച്ച് അമ്മാവനോടൊപ്പം വീടുവിട്ടുപോന്നു. അതിനുശേഷം ഇതുവരെ എനിക്ക് അവരോട് സംസാരിക്കാനായിട്ടില്ല. വീട് ഇരിക്കുന്ന നഗരത്തിലെ ടെലിഫോണ്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

വീടിന് പുറത്തെല്ലാം തകര്‍ന്ന് താറുമാറായി കിടക്കുകയാണ്. രക്ഷപ്പെടാനായി അവസാനം നഗരം വിട്ടോടിപ്പോകുന്ന പെണ്‍കുട്ടി ഞാനാണ്. എന്റെ വീടിന് പുറത്ത് ഞാന്‍ താലിബാന്‍കാരെ കണ്ടിരുന്നു. തെരുവിലെല്ലാം അവരുണ്ട്. എവിടെ നോക്കിയാലും അവിടെയെല്ലാം അവരാണ്.  ബുര്‍ഖയുള്ളതുകൊണ്ട് മാത്രം അവരെന്നെ തിരിച്ചറിഞ്ഞില്ല. പക്ഷേ ഏത് നിമിഷവും അവരെന്നെ തടയുമെന്നും തിരിച്ചറിയുമെന്നും ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ ഭയന്നുവെന്ന് മറ്റുള്ളവര്‍ മനസിലാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ നടക്കുമ്പോള്‍ പോലും ഞാന്‍ വിറച്ചുപോകുന്നു.  

ഒരു റോക്കറ്റ് ഞങ്ങളുടെ മുന്നിലേക്ക് പതിച്ചു. ഞാന്‍ ഭയന്ന് നിലവിളിച്ചു. എനിക്ക് ചുറ്റുമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഭയന്നുകൊണ്ട് നിലവിളിച്ചു നാലുപാടും ചിതറിയോടി. 

എങ്ങനെയോ അങ്കിളിന്റെ കാറില്‍ ഞങ്ങള്‍ കയറി അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. നഗരത്തില്‍ നിന്ന് 30 മിനിട്ട് യാത്ര ചെയ്തുവേണം അവിടെയെത്താന്‍. യാത്രാമധ്യേ ഒരു താലിബാന്‍ ചെക്ക് പോസ്റ്റില്‍ ഞങ്ങളെ തടഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷമായിരുന്നു അത്.  ഞാന്‍ ബുര്‍ഖയ്ക്ക് ഉള്ളിലായിരുന്നതുകൊണ്ട് അവര്‍ എന്നെ അവഗണിച്ചു. പക്ഷേ അമ്മാവനെ ചോദ്യം ചെയ്തു. നഗരത്തിലെ ആശുപത്രിയില്‍ വന്നതാണെന്നും വീട്ടിലേക്ക് തിരികെ പോകുകയാണെന്നുമാണ് അമ്മാവന്‍ പറഞ്ഞത്. ചോദ്യം ചെയ്യല്‍ വീണ്ടും തുടരുന്നതിനിടെ ചെക്ക് പോസ്റ്റിന് സമീപത്തായി ഒരു റോക്കറ്റ് പതിച്ചു. ഇതോടെ അവര്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. 

അവസാനം ഞങ്ങള്‍ അമ്മാവന്റെ വീട്ടിലെത്തി. പക്ഷേ അവിടെയും സുരക്ഷിതമായിരുന്നില്ല. അമ്മാവന്റെ ഗ്രാമം താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. അവിടെയുള്ള കുടുംബങ്ങള്‍ താലിബാനോട് അനുഭാവം പ്രകടിപ്പിക്കുന്നവരായിരുന്നു. എന്നെ ഒളിച്ചു താമസിപ്പിച്ചതാണെന്ന് അമ്മാവന് പറയേണ്ടിവന്നു. താലിബാന്‍കാര്‍ ഗ്രാമത്തില്‍  എന്നെ കണ്ടെത്തിയാല്‍ എല്ലാവരെയും കൊല്ലുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതോടെ അവിടം വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

എനിക്ക് ഒളിച്ച് താമസിക്കാനായി പല സ്ഥലങ്ങളും ഞങ്ങള്‍ തിരഞ്ഞു. ഒടുവില്‍ ഒരു അകന്ന ബന്ധുവിന്റെ വീട് കിട്ടി. താലിബാന്‍കാര്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍ പ്രധാന റോഡുകളില്‍ നിന്ന് മാറി മണിക്കൂറുകളോളം നടന്നാണ് ഞങ്ങള്‍ അവിടെയെത്തിയത്. അവിടെയാണ് ഞാനിപ്പോള്‍ ഉള്ളത്. ഒന്നുമില്ലാത്ത ഒരു ഉള്‍നാടന്‍ പ്രദേശം. വെള്ളമോ വൈദ്യുതിയോ ഒന്നും തന്നെയില്ല. ഫോണിന് റേഞ്ചും ഇല്ല. അതുകൊണ്ട് തന്നെ പുറം ലോകവുമായുളള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. 

നഗരത്തില്‍ നിന്ന് നിരവധി സ്ത്രീകളും കുട്ടികളും സുരക്ഷിതമെന്ന് കരുതിന്നിടത്തേക്ക് രക്ഷപ്പെട്ടു. എന്റെ സുഹൃത്തുക്കളെക്കുറിച്ച്, അയല്‍ക്കാരെക്കുറിച്ച്, സഹപാഠികളെക്കുറിച്ച് അഫ്ഗാനിസ്താനിലെ സ്ത്രീകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാകുന്നില്ല. 

എന്റെ വനിതാ സഹപ്രവര്‍ത്തകരെല്ലാം ഭയത്തിലാണ്.  അവരില്‍ ഭൂരിഭാഗവും നഗരം വിട്ട് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്.  പക്ഷേ താലിബാന്‍ എല്ലാവരെയും നോട്ടമിട്ടുകഴിഞ്ഞു. കാരണം മാധ്യമങ്ങളിലൂടെ ഞങ്ങള്‍ അവര്‍ക്കെതിരായി സംസാരിച്ചു, എഴുതി. 

എല്ലാവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. എനിക്ക് ആകെ ചെയ്യാന്‍ കഴിയുക ഓട്ടം തുടരുകയും വേഗത്തില്‍ നഗരത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം".  

Content Highlight: afghan female reporter experience