
കാല്‍നൂറ്റാണ്ടോളം ഒഡിഷ ഭരിച്ചിരുന്ന നവീന്‍ പട്‌നായിക്കിനെ വീഴ്ത്താന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പ്രയോഗിച്ച ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായിരുന്നു വി.കെ പാണ്ഡ്യന്‍ എന്ന ഐ.എ.എസ് ഓഫീസറുടെ പേര്. നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയായി സംസ്ഥാന ഭരണം നയിക്കാന്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിആര്‍എസ് എടുത്ത് ബിജെഡിയില്‍ ചേര്‍ന്ന വി.കെ പാണ്ഡ്യന്‍ എന്ന വിശ്വസ്തന്‍ എത്തുമെന്ന വലിയ പ്രചാരണവും നടന്നു. ഇതിനെ അതേ ആയുധം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലെല്ലാം ബി.ജെ.പി അന്ന് ആഞ്ഞടിച്ചു.
വി.കെ പാണ്ഡ്യനെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് വിളിച്ചു. എന്തിന് നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യം ക്ഷയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നില്‍ ചില ശക്തികളുണ്ടെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലും വി.കെ പാണ്ഡ്യന്റെ പേര് പറയാതെ അവര്‍ പ്രചാരണം കൊഴുപ്പിച്ചു. ഒടുവില്‍ 24 വര്‍ഷത്തെ ഭരണം കൈവിട്ടുപോവുമ്പോള്‍ ബിജെഡി 51 സീറ്റിലൊതുങ്ങി. 78 സീറ്റ് നേടി ബി.ജെ.പി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്തു. തന്റെ പ്രചാരണം പാര്‍ട്ടിക്ക് നഷ്ടമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് പാണ്ഡ്യന്‍ അന്ന് രാഷ്ട്രീയം വിട്ടപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായിരുന്ന സുജാത കാര്‍ത്തികേയനും നേരിട്ടത്. തന്റെ ഔദ്യോഗിക കാലത്തിനിടെ ഒരുപാട് ബഹുമതികള്‍ക്ക് അര്‍ഹയായ സുജാതയെ ബിജെഡി ഏജന്റെന്ന് വിളിച്ച് ബിജെപി അധിക്ഷേപിച്ചു. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണമുന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഒടുവില്‍ അപ്രധാന തസ്തികയിലേക്ക് മാറ്റി നിയമിക്കപ്പെടുകയും ചെയ്തു.
പട്‌നായിക്കിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ആറ് മാസത്തെ അവധിയെടുത്ത് സുജാത ജോലിയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇതിന്റ തുടര്‍ച്ചയായി സര്‍വീസില്‍ നിന്ന് സ്വയംവിരമിക്കൽ (വി.ആര്‍.എസ്) സ്വീകരിച്ചിരിക്കുകയാണ് സുജാത കാര്‍ത്തികേയന്‍. ഇതോടെ ഒഡിഷയ്ക്ക് നഷ്ടമായിരിക്കുന്നത് ഏറെ കഴിവുള്ള ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെ കൂടിയാണ്. ഇത് വലിയ ചര്‍ച്ചയായെങ്കിലും സുജാത കാര്‍ത്തികേയന്‍ നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ പ്രവേശനം നടത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഒഡിഷ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നത്.

മാവോ മേഖലയില്‍ നിന്ന് തുടങ്ങിയ സര്‍വീസ് ജീവിതം
2000 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ സുജാത കാര്‍ത്തികേയന്‍ ഒഡിഷയിലെ മാവോ ശക്തികേന്ദ്രമായ സുന്ദര്‍ഗഢ് ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. സുന്ദര്‍ഗഢിലെ ജില്ലാ കളക്ടറായിരുന്ന സുജാത വളരെ വേഗം അവിടെയുള്ളവരുടെ ജനങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥയാവുകയും ചെയ്തു. 2006 ല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയ പദ്ധതി കുട്ടികളില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. പിന്നീട് ഈ പദ്ധതി സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ വ്യാപിപ്പിക്കുകയും ചെയ്തു.
മൊബിലിറ്റി ഈസ് എംപവര്‍മെന്റ് എന്ന പേരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമിട്ടത് സുജാതയായിരുന്നു. സ്‌കൂളുകളിൽ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടിയതോടെയായിരുന്നു അതിന് പരിഹാരമെന്നോണം സൈക്കിള്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഇതും ഗുണം ചെയ്തുവെന്ന് തിരിച്ചറിഞ്ഞതോടെ ഈ പദ്ധതിയും സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു.
ലഹരിയില്‍ നിന്നും മാവോയിസ്റ്റ് സ്വാധീനത്തില്‍ നിന്നും യുവജനങ്ങളെയും വിദ്യാര്‍ഥികളെയും അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അവരെ ഫുട്‌ബോളിലേക്കും ഹോക്കിയിലേക്കും തിരിച്ചുവിടാനുള്ള പദ്ധതിക്കും സുജാത തുടക്കമിട്ടിരുന്നു. ഇതിനായി സൗജന്യമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തും പരിശീലന പരിപാടികള്‍ ആരംഭിച്ചും സജീവമായി. ഇതോടെ ഫുട്‌ബോള്‍ കളക്ടറെന്ന വിളിപ്പേരും സുജാതയ്ക്ക് കിട്ടി. ഇതിന് പുറമെ വനിതാ കായികതാരങ്ങള്‍ക്കായി ഹോസ്റ്റലുകളും മൈതാനങ്ങളും സ്ഥാപിച്ചത് വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
70 ലക്ഷത്തോളം വരുന്ന ഗ്രാമീണ വനിതകള്‍ക്കായുള്ള മിഷന്‍ ശക്തി പദ്ധതിയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇവരെ ബിജു പട്‌നായിക്ക് സര്‍ക്കാര്‍ നിയമിച്ചതാണ് സുജാതയുടെ ഔദ്യോഗിക ജീവിതത്തിലെ നിര്‍ണായ കാലം. ഇത് സാധാരണ ജനങ്ങളുടെ ജീവിത നിലവാരംതന്നെ മാറ്റിമറിച്ചു. 2001 ല്‍ ആരംഭിച്ച പദ്ധതി അന്നത്തെ ബിജെഡി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുമായിരുന്നു. വനിതകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായി സാമ്പത്തിക അടിസ്ഥാന സൗകര്യ വികസന സഹായം ഉറപ്പാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അത് വന്‍ വിജയമാവുകയും ചെയ്തു.
ഏഴ് വര്‍ഷം കൊണ്ട് 1500 കോടി രൂപയോളമാണ് പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കായി വിതരണം ചെയ്തത്. 2023 ല്‍ ആരംഭിച്ച ഒഡിയ ഭാഷയെയും സംസ്‌കാരത്തേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ അധിക ചുമതലയും നല്‍കി. ഒഡിഷയില്‍ ആദ്യമായി സംഘടിപ്പിച്ച ലോക ഒഡിയ ഭാഷാ സമ്മേളനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് പോലും സുജാത കാര്‍ത്തികേയന്റെ ഇടപെടലായിരുന്നു.
മിഷന്‍ ശക്തി പദ്ധതി സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയത്. ഇത് തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ പ്രധാന നേട്ടമായി കാണിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുമിട്ടിരുന്നു. ഇതോടെയാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന തരത്തില്‍ ബിജെപി സുജാതയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിഷന്‍ ശക്തിയുടെ ചുമതലയില്‍ നിന്ന് സുജാതയെ മറ്റി അപ്രധാനമായ തസ്തികയിലേക്ക് നിയമിക്കുകയും ചെയ്തു.
2024 ല്‍ ബിജെപി അധികാരത്തിലെത്തിയതോടെ ആറ് മാസത്തെ അവധിയിൽ പ്രവേശിച്ച സുജാത അവധി നീട്ടിത്തരാനായി സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ഇത് അനുവദിക്കാതെ വന്നതോടെയാണ് വി.ആര്‍.എസ് എന്ന തീരുമാനത്തിലേക്കെത്തിയത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതം അവസാനിക്കുകയും ചെയ്തു.

കണക്ക് തീര്‍ക്കാനെത്തുമോ സുജാത?
വി.ആര്‍.എസ് എടുത്ത് ഔദ്യോഗിക ജീവിതമുപേക്ഷിച്ച സുജാതയുടെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭര്‍ത്താവ് വി.കെ പാണ്ഡ്യന്‍ നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയാകുമെന്ന കണക്കുകൂട്ടല്‍ ഏറെക്കുറെ ശരിയായിരുന്നു. പക്ഷേ, അതിനെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മുളയിലേ നുള്ളുകയായിരുന്നു ബി.ജെ.പി. ഇത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെഡിക്കും പട്‌നായിക്കിനും ഒഡിഷയിലുണ്ടാക്കിയത്.
സംസ്ഥാന ചരിത്രത്തിലാദ്യമായി ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്തു.
തമിഴനെ പിന്‍ഗാമിയിക്കാനുള്ള ശ്രമമെന്ന ബിജെപി ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒഡിഷയില്‍ ഫലിച്ചെങ്കിലും സുജാത കാര്‍ത്തികേയനെ പാര്‍ട്ടിയിലെത്തിച്ച് കണക്കു തീര്‍ക്കുകയെന്ന രാഷ്ട്രീയ തന്ത്രം ബിജെഡി വരുംനാളുകളില്‍ പ്രയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകള്‍ക്കിടയിലടക്കം സുജാതയ്ക്കള്ള സ്വീകാര്യത ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നുണ്ട്. ഇതിന്റെ ആദ്യ പടിയാണ് അവരുടെ വി.ആര്‍.എസ് എന്നും വിലയിരുത്തപ്പെടുന്നു. ഒഡിഷ കേന്ദ്രപ്പാറ ജില്ലക്കാരിയായ സുജാത ഐ.എ.എസ് പഠനത്തിനിടെയായിരുന്നു വി.കെ പാണ്ഡ്യനുമായി പരിചയത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും. സുജാതയെ പിന്‍ഗാമിയാക്കിയാല്‍ ഒഡിഷക്കാരിയല്ലെന്ന എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കാമെന്ന് ബിജെഡി കണക്കുകൂട്ടുന്നുണ്ട്. പഴയ ബിജെഡിയെ തിരിച്ചുകൊണ്ടുവരാനാവുമെന്നും കരുതുന്നുണ്ട്.
ഒഡിഷയില്‍ ബിജെപി അധികാരം പിടിച്ചെടുത്തതോട ഇനിയൊരു തിരിച്ചുവരവ് ബിജെഡിക്ക് ഉണ്ടാകില്ലെന്ന പ്രചാരണമാണ് എതിരാളികള്‍ അഴിച്ചുവിട്ടത്. മാത്രമല്ല 78 വയസ്സ് കഴിഞ്ഞ നവീന്‍ പട്‌നായിക്കിന് ശേഷം ആര് എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. സുജാതയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ ഇതിനെല്ലാമുള്ള ഉത്തരമാകുമെന്നും പട്‌നായിക്ക് വൃത്തങ്ങള്‍ കരുതിപ്പോരുന്നുണ്ട്.

ഐഎഎസും പാര്‍ട്ടിയും വിട്ട പാണ്ഡ്യന്‍
ഭരിക്കുന്നത് നവീന്‍ പട്‌നായിക്കാണെങ്കിലും വളയം പിടിക്കുന്നത് തമിഴ്‌നാട് സേലം സ്വദേശിയായ വി.കാര്‍ത്തികേയ പാണ്ഡ്യനെന്നായിരുന്നു ഒഡിഷ രാഷ്ട്രീയത്തില്‍ 2024 വരെയുള്ള ചര്‍ച്ച. 2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡ്യന്‍ 2011 മുതല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2023 ഒക്ടോബറില്‍ സര്‍വീസില്‍ നിന്ന് വിആര്‍എസ് എടുക്കുകയും തൊട്ടടുത്ത മാസം ബി.ജെ.ഡിയില്‍ ഔദ്യോഗികമായി ചേരുകയും ചെയ്തു. പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെങ്കിലും പട്‌നായിക്കിന്റെ കണ്ണും കാതുമായിരുന്നു പാണ്ഡ്യന്‍. ഒരുവേള എം.എല്‍.എമാര്‍ക്കും, എന്തിന്, മന്ത്രിമാര്‍ക്ക് പോലും നവീന്‍ പട്‌നായിക്കിലേക്കുള്ള വഴിയായി പാണ്ഡ്യന്‍ മാറുകയും ചെയ്തു.
മുഖ്യമന്ത്രിയെ കാണാനെത്തുന്നവര്‍ ആദ്യം പാണ്ഡ്യനെ കാണണമായിരുന്നു. അങ്ങനെ സൂപ്പര്‍മുഖ്യമന്ത്രിയന്ന് ശത്രുക്കളും ബിജെഡിക്കുള്ളിലുള്ളവര്‍ പോലും വിളിച്ചുപോന്നു. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ താരപ്രചാരകനും പാണ്ഡ്യനായിരുന്നു. ഇത് അപകടമാകുമെന്ന് കണ്ടതോടെയാണ് പാണ്ഡ്യനെതിരെ ആരോപണവും വിവാദങ്ങളും ഉയര്‍ത്തി ബിജെപി കളംപിടിച്ചത്.
നവീന്‍ പട്‌നായിക്കിന്റ ആരോഗ്യം മോശമാണെന്നും ഒഡിഷയുടെ ഭരണം തമിഴ്‌നാട് സ്വദേശി കൈപ്പിടിയില്‍ ഒതുക്കുന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രചാരണം. മാത്രമല്ല ഒഡീഷയ്ക്ക് ആവശ്യം ഒഡിയ സംസാരിക്കുന്ന മുഖ്യമന്ത്രിയെ ആണെന്നും അല്ലാതെ തമിഴനെയല്ലെന്ന പ്രചാരണവും ചൂടുപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ ഈ ആരോപണം ഏറ്റുപിടിക്കുകയും ചെയ്തു. ഇതിന് ബിജെഡി നേതാക്കള്‍ പോലും നിശബ്ദ പിന്തുണ കൊടുക്കുകയായിരുന്നു.
തന്റെ പിന്‍ഗാമിയായി ആരെയും തീരുമാനിച്ചില്ലെന്നും പാണ്ഡ്യന്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് ആരോപണത്തെ നേരിടാന്‍ നവീന്‍ പട്‌നായിക്ക് ശ്രമിച്ചെങ്കിലും ഇത് സാധ്യമായില്ല. നവീന്‍ പട്‌നായിക്ക് അധികാരത്തുടര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വി.കെ പാണ്ഡ്യനും വ്യക്തമാക്കിയിരുന്നു. ഈ വാക്ക് പാലിച്ചാണ് 2024 ജൂണിൽ രാഷ്ട്രീയവും ഉപേക്ഷിക്കാന്‍ വി.കെ പാണ്ഡ്യന്‍ തീരുമാനിച്ചത്. ഇതോടെ ഐ.എ.എസും പാര്‍ട്ടി പ്രവര്‍ത്തനവും ഉപേക്ഷിക്കുന്ന അവസ്ഥയിലുമായി. ഇതിന് പിന്നാലെയാണ് ഒരു വര്‍ഷത്തിനിപ്പുറം ഭാര്യ സുജാത കാര്‍ത്തികേയനും ഐ.എ.എസ് ഉപേക്ഷിച്ചത്.
Content Highlights: When BJP came, she was nicknamed BJD agent Sujata karthikeyan left IAS
Published: 04 Apr 2025, 09:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented