ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളെച്ചൊല്ലി കൊമ്പുകോർത്ത് ബ്രിട്ടനും അമേരിക്കയും! ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ പദ്ധതിയെ പരസ്യമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നതും യു.കെ.-യു.എസ്. സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർഷ്യ ദ്വീപ് പാട്ടത്തിന് എടുക്കുന്നതുമായ കരാറിലൂടെ വലിയ തെറ്റാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചെയ്യുന്നതെന്നാണ് ട്രംപിന്റെ വാദം. ‘ഡീഗോ ഗാർഷ്യ വിട്ടുകൊടുക്കരുത്!’ ഇറാനിൽ നിന്നുള്ള ആക്രമണത്തെ ചെറുക്കാൻ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു സൈനിക നടപടിയിലും ഈ താവളം ഉപയോഗിക്കാമെന്നും ട്രംപ് വാദമുയർത്തി. എന്നാൽ ഇറാനെതിരായ ആക്രമണങ്ങൾക്കായി ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യു.എസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ബ്രിട്ടൻ ഇതിനോട് പ്രതികരിച്ചത്.

To advertise here,

പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് മനുഷ്യവാസമില്ലാതെ കിടന്ന ചാഗോസ് ദ്വീപുകൾ ചിത്രത്തിൽ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രധാനസ്ഥാനം തന്നെയായിരുന്നു തർക്കങ്ങൾക്ക് വഴിവെച്ചതും. നാവിക താവളമുണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഈ ദ്വീപുകൾ. ആദ്യം ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഇവിടം കയ്യടക്കി. മൗറീഷ്യസിന്റെ ഭാഗമാക്കിയാണ് ഇരുവരും ഭരണം നടത്തിയത്. പക്ഷേ, പിന്നീട് മൗറീഷ്യസിന് സ്വാതന്ത്ര്യം നൽകിയപ്പോൾ ബ്രിട്ടൻ ഈ ദ്വീപുകൾ വിട്ടുകൊടുത്തില്ല. ഒടുവിൽ നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ദ്വീപുകൾ കൈമാറുന്ന കരാറിലേക്ക് ബ്രിട്ടൻ എത്തിയത്. എങ്കിലും ഡീഗോ ഗാർഷ്യ പൂർണമായും വിട്ടുകൊടുക്കുന്നുമില്ല. ഇതാണിപ്പോൾ ട്രംപ് തള്ളിപ്പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ചാഗോസും ഡീഗോ ഗാർഷ്യയും പ്രാധാന്യമർഹിക്കുന്നത്?

ചാഗോസ് ദ്വീപസമൂഹവും ഡീഗോ ഗാർഷ്യയും

ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപ് ദ്വീപസമൂഹത്തിന് ഏകദേശം 500 കിലോമീറ്റർ തെക്കായി 60-ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന കൂട്ടമാണ് ചാഗോസ് ദ്വീപസമൂഹം. സീഷെൽസിന് 1,880 കിലോമീറ്റർ കിഴക്കും മൗറീഷ്യസിന്റെ ഭാഗമായ റോഡ്രിഗസ് ദ്വീപിന് 1,680 കിലോമീറ്റർ വടക്കുകിഴക്കും കൊക്കോസ് ദ്വീപുകൾക്ക് 2,700 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഇതിന്റെ സ്ഥാനം. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രാന്തര പർവതനിരയായ ചാഗോസ്-ലാക്കാഡൈവ് റിഡ്ജിന്റെ (Chagos–Laccadive Ridge) തെക്കേ അറ്റത്താണ് ഈ ദ്വീപസമൂഹം. ചാഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും വലുതും തെക്കേയറ്റത്തുമുള്ള പവിഴപ്പുറ്റ് ദ്വീപാണ് ഡീഗോ ഗാർഷ്യ. 44 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തൃതി. ഏകദേശം 24 കിലോമീറ്റർ പരമാവധി 11 കിലോമീറ്റർ മാത്രം വീതിയുമുള്ള വി-ആകൃതിയിലുള്ള ദ്വീപാണിത്.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാരാണ് ചാഗോസ് ദ്വീപുകൾ കണ്ടെത്തിയത്. സാമ്പത്തികമായും രാഷ്ട്രീയമായും താല്പര്യമില്ലാത്തതിനാൽ ഒറ്റപ്പെട്ട ഈ ദ്വീപുകളെ അവർ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ ഭാഗമാക്കിയില്ല. ഫ്രഞ്ചുകാരായിരുന്നു ചാഗോസിന് മേൽ അവകാശവാദമുന്നയിച്ച ആദ്യത്തെ യൂറോപ്യൻ ശക്തി. പിന്നീട് ബ്രിട്ടീഷുകാർ  പിടിച്ചടക്കി. ആദ്യം ഫ്ര‍ഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും മൗറീഷ്യസിന്റെ ഭാഗമാക്കിയാണ് ഈ ദ്വീപുകളുടെ ഭരണം നടത്തിയിരുന്നത്. 1970-കളുടെ ആരംഭം വരെ തെങ്ങ് കൃഷിയും മത്സ്യബന്ധനവും മാത്രമായിരുന്നു സാമ്പത്തിക പ്രവർത്തനം. 1968-ൽ മൗറീഷ്യസിന് ബ്രിട്ടൻ സ്വാതന്ത്ര്യം നൽകി. ഇതിനു മുന്നോടിയായി 1965-ൽ ചാഗോസിനെ മൗറീഷ്യസിൽ നിന്ന് വേർപ്പെടുത്തുകയും 'ബ്രിട്ടീഷ് ഇന്ത്യൻ ഓഷൻ ടെറിറ്ററി'യായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ ഡീഗോ ഗാർഷ്യ, ചാഗോസിൽനിന്നു വേർപ്പെടുത്തിയ ബ്രിട്ടൻ, ദ്വീപ് അമേരിക്കയ്ക്ക് പാട്ടത്തിന് നൽകി. ഇതിനായി 1967 മുതൽ 1973 വരെയുള്ള കാലയളവിൽ ദ്വീപുകളിലെ മുഴുവൻ ജനങ്ങളെയും ബലമായി മാറ്റിപ്പാർപ്പിച്ചു. അവരിൽ ഭൂരിഭാഗത്തേയും ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മൗറീഷ്യസിലേക്ക് നാടുകടത്തി. ചെറിയൊരു വിഭാഗം സീഷെൽസിലേക്ക് കുടിയേറി. മറ്റുള്ളവർ യുകെയിൽ സ്ഥിരതാമസമാക്കി. ദ്വീപിൽ അമേരിക്കയ്ക്ക് സൈനിക താവളം സ്ഥാപിക്കാനായി ഏകദേശം 2,000 ചാഗോസിയൻസിനെയാണ് ബലമായി പുറത്താക്കിയത്. ഈ നിർബന്ധിത മാറ്റിപ്പാർപ്പിക്കലിനെ 'ഭയാനകമായ കൊളോണിയൽ കുറ്റകൃത്യം' എന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്.

അമേരിക്ക കൈക്കലാക്കിയ മണ്ണ്

ഇന്ത്യൻ മഹാസമുദ്രത്തിൽ നിർണായകമായ ഇടത്താണ് ഡീഗോ ഗാർഷ്യ. കിഴക്കൻ ആഫ്രിക്ക, മധ്യപൂർവേഷ്യ, ദക്ഷിണേഷ്യ എന്നിവയുടെ ഏതാണ്ട് മധ്യത്തിൽ. എവിടേയ്ക്കും സൈനിക നടപടികൾ സുഗമമായി സാധ്യമാക്കുന്ന നിർണായക സ്ഥാനം. ഏഷ്യൻ വൻകരയിൽ ചുവടുറപ്പിക്കാൻ പറ്റിയ ഇത്തരമൊരു സൈനിക താവളത്തിനായി ഏറെക്കാലമായി അമേരിക്ക ശ്രമം നടത്തിയിരുന്നു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഡീഗോ ഗാർഷ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് 1960-കളിൽ അവർ ബ്രിട്ടനുമായി രഹസ്യചർച്ചകൾ ആരംഭിച്ചു. ഡീഗോ ഗാർഷ്യ അധീനതയിലായാൽ പ്രധാന ഏഷ്യൻ രാജ്യങ്ങളെല്ലാം തങ്ങളുടെ പരിധിയിൽ കൊണ്ടുവരാമെന്ന് അമേരിക്ക കണക്കുകൂട്ടി. 1966-ൽ അമേരിക്കയ്ക്ക് സൈനിക താവളം നിർമിക്കാൻ ഈ ദ്വീപ് ബ്രിട്ടൻ പാട്ടത്തിന് നൽകി. ദ്വീപ് കൈമാറുമ്പോൾ കടൽക്കാക്കകളല്ലാതെ മറ്റൊന്നും ഉണ്ടാകരുതെന്നാണ് ചർച്ചാവേളയിൽ ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടത്.

1966 ഡിസംബർ 30-ന് ഇരുരാജ്യങ്ങളും 50 വർഷത്തെ ഉടമ്പടിയിൽ ഒപ്പുവെച്ചു. നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ മനുഷ്യരേയും വളർത്തുമൃഗങ്ങളേയും ഒഴിപ്പിച്ച് ദ്വീപ് കൈമാറണമെന്നായിരുന്നു കരാർ. പകരം ബ്രിട്ടന് വിലക്കിഴിവിൽ അമേരിക്ക പൊളാരിസ് മിസൈൽ സംവിധാനം നൽകി. 80-കളുടെ മധ്യത്തോടെ ഇവിടെ അത്യാധുനിക സൈനികത്താവളം സജ്ജമായി. വലിയ പടക്കപ്പലുകൾ ബെർത്ത് ചെയ്യാൻ പറ്റുന്ന വിശാലമായ ബെർത്തും ബോംബർ വിമാനങ്ങൾ അടക്കമുള്ള ദീർഘദൂര ഫൈറ്റർ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന നീളൻ റൺവേയും ഇവിടെയുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയാകെ നിരീക്ഷിക്കാനും അതിവേഗം സൈനികമായി ഇടപെടാനും ദ്വീപിൽനിന്ന് സാധിക്കും.

സമീപകാലത്ത് അമേരിക്ക നടത്തിയ ഏതാണ്ടെല്ലാ യുദ്ധങ്ങളിലെല്ലാം ഡീഗോ ഗാർഷ്യയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം മുതൽ ഇറാഖിലേക്കും അഫ്ഗാനിസ്താനിലേക്കും യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് ഈ സൈനിക താവളം പിന്തുണ നൽകി. ഏകദേശം 2,500-ഓളം അമേരിക്കൻ ഉദ്യോഗസ്ഥർ വസിക്കുന്ന ഈ സൈനിക താവളത്തെ മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ സൈനിക നിക്കങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥലം എന്നാണ് യുഎസ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ യെമനിലെ ഹൂത്തി വിമതരെ ലക്ഷ്യമിട്ട് ഇവിടെ ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ യുഎസ് വിന്യസിച്ചിരുന്നു. 2016-ൽ പാട്ടക്കരാർ 20 വർഷത്തേക്കു പുതുക്കുകയും ചെയ്തു.

ചാഗോസ് മൗറീഷ്യസിന്, ഡിഗോ വീണ്ടും പാട്ടത്തിന്

ചാഗോസ് ദ്വീപുകൾ തിരികെ നൽകണമെന്ന് ഏറെക്കാലയി മൗറീഷ്യസ് ആവശ്യപ്പെടുകയായിരുന്നു. കോളനികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് അവയെ വിഭജിക്കുന്നത് 1960-ലെ ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാൽ ചാഗോസ് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം. ചാഗോസിനെ വേർപ്പെടുത്തുന്നതിനു പകരമായി മൗറീഷ്യസിന് 30 ലക്ഷം ഡോളർ നൽകിയിരുന്നുവെന്നാണ് ബ്രിട്ടന്റെ വാദം. ഇത് മൗറീഷ്യസ് ശരിവെച്ചിരുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിലപേശൽ ഘട്ടത്തിൽ തങ്ങൾ അതിന് നിർബന്ധിക്കപ്പെടുകയായിരുന്നു എന്നാണ് അവർ വാദിച്ചത്. ഇതിനാൽ അവർ അന്താരാഷ്ട്ര നീതിന്യായ കോടതി വരെ പോയി. ചാഗോസ് ദ്വീപുകളെ മൗറീഷ്യസിൽനിന്നു വേർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും എത്രയും വേഗം ബ്രിട്ടൻ ദ്വീപുകൾ വിട്ടുകൊടുക്കണമെന്നും 2019 ഫെബ്രുവരി 25-ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവിച്ചു. അതേവർഷം മേയ് 22-ന് ദ്വീപസമൂഹം മൗറീഷ്യസിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയം പാസാക്കി. ഇന്ത്യയടക്കം 116 രാജ്യങ്ങൾ പിന്തുണച്ചു.

പിന്നാലെ ദ്വീപുകളുടെ കൈമാറ്റം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാരും മൗറീഷ്യസും ചർച്ചകൾ ആരംഭിക്കുകയും പതിമൂന്ന്‌ വട്ട ചർച്ചകൾക്കുശേഷം കരാറിലെത്തുകയുമായിരുന്നു. 2024 ഒക്ടോബർ മൂന്നിന്, ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാൻ യുകെ സമ്മതിച്ചു. പക്ഷേ, മൗറീഷ്യസിലെ സർക്കാർ മാറ്റവും പാട്ടക്കരാർ സംബന്ധിച്ച തർക്കങ്ങളും കാരണം ചർച്ചകളുടെ പുരോഗതി സ്തംഭിച്ചു. 2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ ഭരണകൂടത്തിന്റെ പരിഗണനയ്ക്കായി കരാർ നടപടികൾ നിർത്തിവച്ചു. പിന്നീട് 2025 ഏപ്രിൽ ഒന്നിനാണ് പുതിയ യു.എസ്. ഭരണകൂടം ചർച്ചകൾ തുടരാൻ അനുമതി നൽകിയത്. 2025 മേയ് 22-ന് ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിലേക്ക് മാറ്റുന്നതിനുള്ള ഔപചാരിക കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഒപ്പുവച്ചു. ഇതാണിപ്പോൾ ട്രംപ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

കരാർ പ്രകാരം ചാഗോസ് ദ്വീപസമൂഹങ്ങൾക്കുമേലുള്ള പരമാധികാരം മൗറീഷ്യസിനു കൈമാറും. പക്ഷേ, ഡീഗോ ഗാർഷ്യ ബ്രിട്ടന്റെ അധീനതയിൽ അമേരിക്കയുടെ നിയന്ത്രണത്തിൽ തുടരും. കരാർ പ്രകാരം ഡീഗോയും അതിന്റെ ചുറ്റുമുള്ള 40 കിലോമീറ്റർ ബഫർ സോണും യു.കെ. പാട്ടത്തിനെടുക്കുകയാണ്. 99 വർഷത്തേക്കാണ് പാട്ടക്കരാർ. പുതുക്കാവുന്നതാണിത്. ഈ ക്രമീകരണം അടുത്ത 99 വർഷത്തേക്ക് ദ്വീപിലെ സംയുക്ത യു.കെ.-യു.എസ്. താവളത്തിന്റെ പ്രവർത്തനം തുടരാൻ അനുവദിക്കുന്നതാണ്. ചാഗോസ് ദ്വീപസമൂഹത്തിൽ പുനരധിവാസം ആരംഭിക്കാൻ മൗറീഷ്യസിനെ അനുവദിക്കും. അരനൂറ്റാണ്ടുമുൻപ് കുടിയൊഴിപ്പിച്ച ചാഗോസുകാരെ തിരിച്ചുകൊണ്ടുവന്ന് ചെറുദ്വീപുകളിൽ കുടിയിരുത്തും. പക്ഷേ ഡീഗോ ഗാർഷ്യയിൽ ഇത് അനുവദിക്കില്ല. മൗറീഷ്യസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടൻ പണം ചെലവാക്കും.

ട്രംപിനെ അസ്വസ്ഥമാക്കുന്നതെന്ത്?

ചാഗോസ് ദ്വീപുകളുടെ കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രധാന പ്രശ്നം, ഡീഗോ ഗാർഷ്യ സൈനിക താവളം ഉൾപ്പെടെയുള്ള ദ്വീപസമൂഹത്തിന്റെ പരമാധികാരം 99 വർഷത്തെ പാട്ടക്കരാർ വഴി മൗറീഷ്യസിന് വിട്ടുകൊടുക്കുന്നു എന്നതാണ്. ഇത് തങ്ങളുടെ സുരക്ഷാ താല്പര്യങ്ങളെ അപകടത്തിലാക്കാമെന്ന് ട്രംപ് കരുതുന്നു. അതിനാലാണ് ദ്വീപ് വിട്ടുകൊടുക്കരുതെന്നാണ് ട്രംപ് വാദിക്കുന്നത്. ദ്വീപ് മൗറീഷ്യസിന് കൈമാറിയതിലൂടെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വലിയ തെറ്റ് ചെയ്യുകയാണെന്നാണ് ട്രംപിന്റെ വാദം. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനും യു.എസ്.-ബ്രിട്ടീഷ് സൈനിക താവളമായ ഡീഗോ ഗാർഷ്യ പാട്ടത്തിന് നൽകാനുമുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്. പാട്ടക്കരാർ നല്ലതാകില്ലെന്നാണ് ട്രംപിന്റെ മുന്നറിപ്പ്. ഇറാനുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന സൈനിക താവളത്തിന്റെ നിയന്ത്രണത്തെ കരാർ ദുർബലപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം.

ബ്രിട്ടനും മൗറീഷ്യസും തമ്മിലുള്ള കരാറിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി പിന്തുണച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ മലക്കംമറിച്ചിൽ. മാത്രമല്ല, അമേരിക്കയും മൗറീഷ്യസും തമ്മിലുള്ള ചർച്ചകളും നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരായ യുഎസ് ആക്രമണങ്ങൾക്ക് ഡീഗോ ഗാർഷ്യ നിർണായകമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിലെ യുഎസ് പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ താവളത്തിന് ഭാവിയിലെ മൗറീഷ്യസ് സർക്കാരുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അതി തിരിച്ചടിയാകുമെന്ന് ട്രംപിനറിയാം. മേഖലയിലെ ചൈനയുടെ സ്വാധീനത്തെയും മൗറീഷ്യസുമായി ഇന്ത്യ പുലർത്തുന്ന അടുപ്പത്തേയും ട്രംപ് ഭയപ്പെടുന്നു കാണുന്നുവെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഡീഗോ ഗാർഷ്യ കൈവിട്ട് പോകുന്നത് അമേരിക്കയ്ക്ക് ഒട്ടും താല്പര്യമുള്ള വിഷയമല്ല.