'യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ബന്ധിതരാവും.' വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങും എത്താത്ത സാഹചര്യത്തിലായിരുന്നു റഷ്യയ്‌ക്കെതിരേ ട്രംപിന്റെ ഉപരോധ ഭീഷണി. അതിരൂക്ഷമായാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്. സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന അതേ ശക്തിയും ആയുധങ്ങളും ആണവശേഷിയും ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് തിരിച്ചടിച്ചു. ദിമിത്രിയുടെ മറുപടിയില്‍ പ്രകോപിതനായ ട്രംപ്, റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് പ്രതികരിച്ചത്. എന്നാല്‍, റഷ്യ അതിനേയും നിസ്സാരവത്കരിച്ച് തള്ളിക്കളഞ്ഞു.  ട്രംപ് ഭീഷണിനാടകം തുടരുകയാണെന്നും ഇറാനോ ഇസ്രയേലോ അല്ല റഷ്യയെന്ന്‌ ഓര്‍ക്കണമെന്നാണ്‌ ദിമിത്രി മെദ്‌വദേവ്‌ മറുപടി നല്‍കിയത്. അടിച്ചും തിരിച്ചടിച്ചും അമേരിക്കയും റഷ്യയും ഇടഞ്ഞുനില്‍ക്കുകയാണ്, ആണവായുധശേഷിയില്‍ മുന്‍പന്തിയിലുള്ള രണ്ട് രാജ്യങ്ങള്‍ പരസ്പരം ശീതയുദ്ധം നയിക്കുന്നത് എന്തിനാണ്? മുങ്ങിക്കപ്പലുകള്‍ വിന്യസിക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോവുമോ? അതോ ട്രംപിന്റെ വെറും വാചാടോപമാണോ ഈ ഭീഷണി? 

To advertise here,

ട്രംപിന്റെ പ്രകോപനം, റഷ്യയുടേയും

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കു നല്‍കിയ 50 ദിവസത്തെ അന്ത്യശാസനം ട്രംപ് 10-12 ദിവസമായി ചുരുക്കിയതിനു പിന്നാലെയായിരുന്നു മെദ്‌വദേവ്‌ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇത് അദ്ദേഹവും ട്രംപും തമ്മിലുള്ള സാമൂഹികമാധ്യമ വാക്പോരായി. ട്രംപിന്റെ ഉപരോധ ഭീഷണിയെ മെദദേവ് യുദ്ധത്തിലേക്കുള്ള ഒരു ചുവടുവെപ്പ് എന്നാണ് വിളിച്ചത്. അവസാന അഭയമായി ആണവായുധങ്ങളുണ്ടെന്ന് മെദ്‌വദേവ്‌ പോസ്റ്റുചെയ്തതിനു പിന്നാലെയാണ് ഉചിതമായ മേഖലകളിലേക്ക് ആണവമുങ്ങിക്കപ്പല്‍ അയക്കാന്‍ ട്രംപ് ഉത്തരവിട്ടത്. എന്നാല്‍, ട്രംപിന്റെ ഭീഷണിയെ കോപംമൂത്തുള്ള ട്രംപിന്റെ വാചാടോപമായി മാത്രമേ റഷ്യ കാണുന്നുള്ളൂവെന്ന് 'ബിബിസി' റിപ്പോര്‍ട്ടുചെയ്തു. സുരക്ഷാവിദഗ്ധരും അങ്ങനെയാണ് വിലയിരുത്തുന്നത്. ആണവശേഷിയുള്ളതും റഷ്യയെ ആക്രമിക്കാന്‍ കഴിയുന്നതുമായ മുങ്ങിക്കപ്പലുകള്‍ നേരത്തേത്തന്നെ യുഎസ് വിന്യസിച്ചിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. 

റഷ്യയുടെ മുന്‍ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയും പുതിന്റെ വിശ്വസ്തനുമാണ് മെദ്‌വദേവ്‌. 2020 മുതല്‍ റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. മെദ്‌വദേവ്‌ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രധാനമന്ത്രിയായ പുതിന്‍ പ്രസിന്റ് പദവിയിലേക്കെത്തിയപ്പോള്‍ മെദ്‌വദേവിനെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. 2008 മുതല്‍ പ്രസിഡന്റായും 2012 മുതല്‍ 2020 വരെ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. റഷ്യയുടെ നയതന്ത്ര വിദേശകാര്യ വിഷയങ്ങളില്‍ നിര്‍ണായകമാണ് മെദ്‌വദേവിന്റെ അഭിപ്രായങ്ങള്‍. അതുകൊണ്ടാണ് ട്രംപിനെതിരേ അദ്ദേഹം ശക്തമായി തിരിച്ചടിച്ചത്. അതേസമയം, ട്രംപ് ഇതിനെ പരിഹസിക്കുകയാണുണ്ടായത്. മെദ്‌വദേവ്‌ പരാജയപ്പെട്ട പ്രസിഡന്റ് ആണെന്നും ഇപ്പോഴും താനാണ് പ്രസിഡന്റ് എന്നാണ് മെദ്‌വദേവ് കരുതുന്നതെന്നുമാണ് ട്രംപ് വിമര്‍ശിച്ചത്. 

 വാക്കുകളുടെ പ്രാധാന്യം വളരെ വലുതാണെന്നും അവ പലപ്പോഴും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി, യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. നീചമായ ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. റഷ്യയ്ക്ക് സമീപം വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ട മുങ്ങിക്കപ്പലുകള്‍ ആണവായുധ ശേഷിയുള്ളവയാണ്. ഓരോ അന്തര്‍വാഹിനിയിലും ഏകദേശം 20 അത്യാധുനിക മിസൈലുകള്‍ ഉണ്ടെന്നാണ് വിവരം. അതേസമയം, അമേരിക്കയേക്കാള്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ അന്തര്‍വാഹിനികള്‍ പോലും റഷ്യയുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണെന്നുമാണ് വിക്ടര്‍ വോഡോലാറ്റ്‌സ്‌കി എന്ന റഷ്യന്‍ എംപി പ്രതികരിച്ചത്. 

placeholder
ദിമിത്രി മെദ്‌വദേവ്

എന്താണ് മെദ്‌വദേവ് പറഞ്ഞ ഡെഡ് ഹാന്‍ഡ്? 

സോവിയറ്റ് കാലത്തെ പ്രധാന ആയുധമായിരുന്നു ഡെഡ് ഹാന്‍ഡ് (Dead Hand) എന്നറിയപ്പെടുന്ന ആണവായുധം. പെരിമീറ്റര്‍ സിസ്റ്റം എന്നാണ് ഔദ്യോഗികമായി ഇത് അറിയപ്പെടുന്നത്. 1980-കളിലാണ് സെമി ഓട്ടോമേറ്റഡ് ആയ ആണവ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. റഷ്യന്‍ നേതൃത്വം മുഴുവനായും ആണവ ആക്രമണത്തിലൂടെ തുടച്ചുനീക്കപ്പെട്ടാലും ഈ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കും. മിസൈലുകള്‍ വിക്ഷേപിച്ച് നിശ്ചയിച്ച ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാനപരമായി ഈ സംവിധാനം ഒരു അവസാന ആശ്രയമെന്ന നിലയിലുള്ള പ്രതിരോധമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റഷ്യയ്ക്കെതിരായ ഒരു ആണവാക്രമണവും ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഉറപ്പാക്കുന്ന ഒരുതരം ലോകാവസാന സംവിധാനം. ഒരു ആണവാക്രമണത്തിന്റെ ലക്ഷണങ്ങള്‍ (ശക്തമായ ഭൂചലനങ്ങള്‍, റേഡിയേഷന്‍ അളവിലെ വര്‍ദ്ധനവ്, അല്ലെങ്കില്‍ ആശയവിനിമയ സംവിധാനങ്ങളുടെ തകരാറ് പോലുള്ളവ) സെന്‍സറുകള്‍ കണ്ടെത്തുകയും, എല്ലാ കമാന്‍ഡ് ലൈനുകളും നിശ്ശബ്ദമാവുകയും ചെയ്താല്‍, മനുഷ്യന്റെ യാതൊരു ഇടപെടലും കൂടാതെ ഒരു പ്രത്യാക്രമണം ആരംഭിക്കാന്‍ ''ഡെഡ് ഹാന്‍ഡിന്'' കഴിയും.

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് ഈ സംവിധാനം നിര്‍മ്മിക്കപ്പെട്ടത്. ആ കാലത്ത്, അമേരിക്കയുടെ ഭാഗത്തുനിന്ന് സോവിയറ്റ് നേതൃത്വത്തെ ഉന്മൂലനം ചെയ്യുന്ന പ്രഹരം ഉണ്ടാകുമെന്ന ഭയം ശക്തമായിരുന്നു. ഒരു പ്രത്യാക്രമണത്തിന് ഉത്തരവ് നല്‍കുന്നതിന് മുമ്പുതന്നെ, അപ്രതീക്ഷിതമായ ഒരു ആക്രമണത്തില്‍ ക്രെംലിനിലെ നേതൃത്വം നിര്‍വീര്യമാക്കപ്പെട്ടേക്കുമോ എന്ന് സോവിയറ്റ് സൈനിക ആസൂത്രകര്‍ ആശങ്കപ്പെട്ടു. ഇതിന് പരിഹാരമായാണ് ചുമതലയിലുള്ള എല്ലാവരും മരിച്ചാലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്വയംനിയന്ത്രിത 'പ്രതികാര യന്ത്രം'(revenge machine) അവര്‍ രൂപകല്‍പ്പന ചെയ്തത്. 

ഈ സംവിധാനം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോ എന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, മിക്ക പ്രതിരോധ വിശകലന വിദഗ്ധരും ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 1980-കള്‍ക്ക് ശേഷം കാര്യമായി നവീകരിക്കപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കുന്നു. ഇതിനെ കൂടുതല്‍ വേഗതയേറിയതും വിശ്വസനീയവുമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുമായി ഭാഗികമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷകര്‍ വിശ്വസിക്കുന്നു. ഈ സംവിധാനം ഇപ്പോഴും നിലവിലുണ്ടെന്നാണ് മെദ്‌വദേവിന്റെ സമീപകാല പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.

കടലാഴങ്ങളില്‍ ആരാണ് ബലവാന്‍? അമേരിക്കയോ റഷ്യയോ? 

പരസ്പര പോര്‍വിളിയോടെ അന്തര്‍വാഹിനി കപ്പലുകള്‍ വീണ്ടും ഭൗമരാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു ആവുകയാണ്. യഥാര്‍ഥത്തില്‍ കടലാഴങ്ങളില്‍ ശക്തിയിലും കഴിവിലും ആരാണ് മുന്നിലുള്ളത്? ഒരു രാജ്യവും അവരുടെ പ്രതിരോധ നിരയെക്കുറിച്ചോ അന്തര്‍വാഹിനി വിന്യാസങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിടില്ല, എങ്കിലും പ്രഖ്യാപിച്ച വിവരങ്ങളുടേയും ലഭ്യമായ കണക്കുകളുടേയും രാജ്യങ്ങള്‍ നടത്തിയ പ്രതിരോധ കരാറുകളുടെയും മറ്റും അടിസ്ഥാനത്തില്‍ നടത്തിയ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത് ആണവ അന്തര്‍വാഹിനി ശക്തിയില്‍ അമേരിക്കയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ്. ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡെക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൈന്യം അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമാണുള്ളത്. ഇന്ത്യയാണ് നാലാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജപ്പാന്‍, തുര്‍ക്കി, ഇറാന്‍ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങള്‍ എന്ന് ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് പറയുന്നു. പാകിസ്താന്‍ 12-ാംസ്ഥാനത്താണ്. 

ഗ്ലോബല്‍ ഫയര്‍പവറിന്റെ 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയ്ക്ക് സജീവമായ 70 അന്തര്‍വാഹിനികളാണുള്ളത്. അതേസമയം റഷ്യയ്ക്കിത് 60-64 വരെയാണ്. ന്യൂക്ലിയര്‍ ത്രെട്ട് ഇനിഷ്യേറ്റീവിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമേരിക്കയ്ക്ക് 64-ഉം റഷ്യക്ക് 58-ഉം അന്തര്‍വാഹിനികളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം നേരിയതെങ്കിലും അന്തര്‍വാഹിനികള്‍ എവിടെ വിന്യസിച്ചിരിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു, എന്ത് ആയുധങ്ങളാണ് അവ വഹിക്കുന്നത്, ഉപയോഗിച്ചാലുണ്ടാവുന്ന ആഘാതം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് അവയുടെ ശക്തിയും ശേഷിയും അളക്കുന്നത്. 

യുഎസ് നാവികസേനയുടെ അന്തര്‍വാഹിനികള്‍ അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ പട്രോളിംഗ് നടത്തിക്കൊണ്ട് ലോകമെമ്പാടും വ്യാപിച്ചുകിടക്കുകയാണ്. നിരീക്ഷണം, അന്തര്‍വാഹിനി വിരുദ്ധ യുദ്ധതന്ത്രങ്ങള്‍, ഓക്കസ് (AUKUS) പോലുള്ള തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നിവയിലും അവ പതിവായി ഏര്‍പ്പെടുന്നുണ്ട്.മറുവശത്ത്, റഷ്യ തങ്ങളുടെ വിന്യാസം ആര്‍ട്ടിക്, നോര്‍ത്ത് അറ്റ്‌ലാന്റിക്, പസഫിക് മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍, റഷ്യന്‍ അന്തര്‍വാഹിനികളെ നാറ്റോയുടെ തീരപ്രദേശങ്ങള്‍ക്കടുത്തും യുഎസ് തീരത്തും വരെ ലൊക്കേറ്റ് ചെയ്തിരുന്നു. ഇത് സോവിയറ്റ് കാലഘട്ടത്തിലെ തന്ത്രങ്ങളോട് സാമ്യമുള്ള ഒരു നീക്കമാണെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കരുതുന്നത്‌. 

അമേരിക്കയും റഷ്യയും തങ്ങളുടെ ആണവ പ്രതിരോധം നിലനിര്‍ത്താന്‍ പ്രധാനമായും ആശ്രയിക്കുന്നത് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളെയാണ്. ഈ അന്തര്‍വാഹിനികളെ 'ബൂമറുകള്‍' എന്ന് വിളിക്കാറുണ്ട്. അവ നിര്‍മിച്ചിരിക്കുന്നത് ഉടനടിയുള്ള ഏറ്റുമുട്ടലിന് വേണ്ടിയല്ല, മറിച്ച് ഒരു ആണവയുദ്ധമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ആവശ്യമായത്ര കാലം മറഞ്ഞിരിക്കാനും ആവശ്യമുണ്ടെങ്കിൽ മാത്രം രംഗത്തിറങ്ങാനുമാണ്. 

അമേരിക്കന്‍ നാവികസേന നിലവില്‍ 14 ഒഹായോ-ക്ലാസ് എസ്എസ്ബിഎന്‍-കള്‍ (ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഒന്നിലധികം തെര്‍മോന്യൂക്ലിയര്‍ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന 20 ട്രൈഡന്റ് ഡി5 മിസൈലുകള്‍ വരെ ഇതില്‍ ഓരോന്നിനും വിക്ഷേപിക്കാന്‍ സാധിക്കും. ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത് രഹസ്യമായി സഞ്ചരിക്കുന്നതിനും ദീര്‍ഘനേരത്തെ പ്രവര്‍ത്തനക്ഷമതയ്ക്കും വേണ്ടിയാണ്. മാസങ്ങളോളം വെള്ളത്തിനടിയില്‍ കഴിയാനും 15 വര്‍ഷം വരെ വലിയ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാനും ഇവയ്ക്ക് കഴിയും. ഇതുകൂടാതെ നാല് ഒഹായോ-ക്ലാസ് അന്തര്‍വാഹിനികളെ എസ്എസ്ജിഎന്‍-കളായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇവയില്‍ അണുവായുധങ്ങള്‍ക്ക് പകരം, സാധാരണ സ്‌ഫോടകവസ്തുക്കള്‍ വഹിക്കുന്ന ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

റഷ്യയുടെ സമുദ്രത്തിലെ ആണവ പ്രതിരോധത്തിന്റെ നട്ടെല്ല് ബോറേ-ക്ലാസ്, ഡെല്‍റ്റ IV-ക്ലാസ് അന്തര്‍വാഹിനികളാണ്. എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം, റഷ്യയ്ക്ക് നിലവില്‍ എട്ട് ബോറേ-ക്ലാസ് എസ്എസ്ബിഎന്‍-കള്‍ സജീവമായുണ്ട്. മൂന്നെണ്ണം കൂടി ഉടന്‍ വിന്യസിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഓരോന്നിനും 16 ബുലാവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വഹിക്കാന്‍ സാധിക്കും. കൂടാതെ ടോര്‍പ്പിഡോ ലോഞ്ചറുകളും ആന്റി സബ്മറൈന്‍ റോക്കറ്റ് സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഒരുകാലത്ത് പ്രതിരോധ സേനയുടെ നെടുംതൂണായിരുന്ന പഴയ ഡെല്‍റ്റ IV-ക്ലാസ് അന്തര്‍വാഹിനികള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്, അവയില്‍ കുറഞ്ഞത് ആറെണ്ണമെങ്കിലും ഇപ്പോഴും സജീവമായുണ്ട്. അവ സിനേവ എസ്എല്‍ബിഎം-കള്‍ വഹിക്കുകയും റഷ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്രാധിഷ്ഠിത ആണവകവചത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.

placeholder

അതിവേഗ അന്തര്‍വാഹിനികള്‍ സമ്പത്ത് 

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തരം അതിവേഗ ആക്രമണ അന്തര്‍വാഹിനികള്‍ അമേരിക്കയ്ക്കുണ്ട്.  

  • വിര്‍ജീനിയ ക്ലാസ്: ഏറ്റവും ആധുനികവും ബഹുമുഖവുമായ ഇവയ്ക്ക് മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍, പ്രത്യേക സൈനിക നീക്കങ്ങള്‍ക്കുള്ള പിന്തുണ, ടോമാഹോക്ക് മിസൈല്‍ ശേഷി എന്നിവയുണ്ട്.
  • ലോസ് ആഞ്ജലിസ് ക്ലാസ്: 1970-കളില്‍ അവതരിപ്പിച്ച ഇവ ഇപ്പോഴും യുഎസ് നാവികസേനയുടെ ഒരു വലിയ ഭാഗമാണ്. കാലക്രമേണ ഇവയെ നവീകരിച്ചിട്ടുണ്ട്.
  • സൂള്‍ഫ് ക്ലാസ്: ഉയര്‍ന്ന നിര്‍മ്മാണച്ചെലവ് കാരണം ഇവയുടെ എണ്ണം പരിമിതമാണ്. മൂന്നെണ്ണം മാത്രമാണ് ഉള്ളത്. പക്ഷേ രഹസ്യനീക്കങ്ങള്‍ക്കും കനത്ത ആക്രമണശേഷിക്കും പേരുകേട്ടതാണ് ഇവ. 

ഈ അന്തര്‍വാഹിനികള്‍ ഒരുമിച്ച് യുഎസ് നാവികസേനയ്ക്ക് സമാനതകളില്ലാത്ത മുന്‍തൂക്കം നല്‍കുന്നു. ഒരേസമയം, വിവിധ സമുദ്രമേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളോട് പ്രതികരിക്കാന്‍ ഇവയ്ക്ക് സാധിക്കും. 

റഷ്യ തങ്ങളുടെ ആക്രമണ അന്തര്‍വാഹിനി വിഭാഗത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ അതിവേഗത്തിലാണ് മുന്നേറിയത്.  യാസന്‍-എം ക്ലാസ് അന്തര്‍വാഹിനിയടക്കമുള്ള ശേഷിയാണ് റഷ്യയുടേത്. ഈ പുതിയ അന്തര്‍വാഹിനികള്‍ വലുപ്പത്തില്‍ മുന്‍പുള്ളവയേക്കാള്‍ ചെറുതും ശബ്ദം വളരെ കുറവുള്ളതും ആധുനികവുമാണ്. ഇവ കാലിബര്‍ ക്രൂയിസ് മിസൈലുകളും ഓനിക്‌സ് ആന്റി-ഷിപ്പ് മിസൈലുകളും വഹിക്കുന്നതായാണ് കരുതപ്പെടുന്നത്. ഹൈപ്പര്‍സോണിക് സിര്‍ക്കോണ്‍ മിസൈലുകള്‍ വിക്ഷേപിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും. 1980-കളില്‍ അവതരിപ്പിച്ച അകുല-ക്ലാസ് അന്തര്‍വാഹിനികളും റഷ്യ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇവ പഴക്കമുള്ളതാണെങ്കിലും കാര്യമായി നവീകരിക്കുകയും റഷ്യയുടെ സജീവമായ ആക്രമണ വിഭാഗത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നു.

ആഴക്കടലിലെ ശക്തിയില്‍ അമേരിക്കയ്ക്കുള്ള മുന്‍തൂക്കം എണ്ണത്തില്‍ മാത്രമല്ല, വിന്യസിച്ചിരിക്കുന്ന മേഖല, ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി, ആധുനിക സംവിധാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. യുഎസ് അന്തര്‍വാഹിനികള്‍ ദീര്‍ഘദൂര ദൗത്യങ്ങള്‍ക്കും ആഗോള പ്രവര്‍ത്തനങ്ങള്‍ക്കുമായി നിര്‍മിച്ചവയാണ്. അവയില്‍ പലതിനും ഊര്‍ജ്ജം പകരുന്നത് ലൈഫ്-ഓഫ്-കോര്‍ ന്യൂക്ലിയര്‍ റിയാക്ടറുകളാണ്. ഇത് ഇന്ധനം നിറയ്ക്കാതെ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കാന്‍ അവയെ പ്രാപ്തമാക്കുന്നു. Large Aperture Bow array പോലുള്ള അത്യാധുനിക സോണാര്‍ സംവിധാനങ്ങളും അവയില്‍ സജ്ജീകരിച്ചിട്ടുണ്ട്, ഇത് ആഴക്കടലില്‍ അവയ്ക്ക് മികച്ച നിരീക്ഷണത്തിനും കണ്ടെത്തലിനുമുള്ള കഴിവ് നല്‍കുന്നു.

തന്ത്രപരമായ നിലപാടിന്റെ കാര്യത്തില്‍ ആഗോള സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനാണ് യുഎസ് അന്തര്‍വാഹിനികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാറ്റോ, ഇന്തോ-പസഫിക് സഖ്യകക്ഷികളോടൊപ്പമോ അവയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടോ അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇവയെ പലപ്പോഴും വിന്യസിക്കാറുണ്ട്.