ഫെബ്രുവരി ആദ്യവാരം ജപ്പാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ചരിത്രനേട്ടമാണ് പ്രധാനമന്ത്രി സനെ തകെയ്ച്ചി നയിക്കുന്ന ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്വന്തമാക്കിയത്. പ്രതിനിധി സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു എൽഡിപിയുടെ അവിശ്വസനീയമായ ജയം. രണ്ട് വർഷങ്ങൾക്ക് മുൻപ്, അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ട പാർട്ടിയായിരുന്നു എൽഡിപി. എന്നാൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി വെറും നാല് മാസം തികയുന്നതിന് മുൻപാണ് സനെ തകെയ്ച്ചി വൻ ഭൂരിപക്ഷത്തിലേക്കെത്തിച്ചത്. സനെ തകെയ്ച്ചിയുടെ ഭരണത്തെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നതെന്നതിന്റെ സൂചന കൂടിയാണ് എൽഡിപിയുടെ വമ്പൻ വിജയം. രാഷ്ട്രീയ മുൻഗാമികൾ നേരിട്ട തിരിച്ചടികളെ തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് തകെയ്ച്ചി മറികടന്നത്. പുതിയ അജണ്ടകളും സാമ്പത്തിക പരിഷ്‌കരണങ്ങളും തടസ്സമില്ലാതെ നടപ്പിലാക്കാൻ ഇത് തകെയ്ച്ചിയെ സഹായിക്കും. ജപ്പാനിലെ ഭരണമാറ്റം ഇന്ത്യ-ജപ്പാൻ ബന്ധത്തെ എങ്ങനെയാവും ബാധിക്കുക? തകെയ്ച്ചിയുടെ ജനപ്രിയതയിൽ ചൈന എന്തിനാണ് അസ്വസ്ഥമാവുന്നത്?

To advertise here,

എൽഡിപിയുടെ ജയം, തകെയ്ച്ചിയുടേയും

നാഷണൽ ഡയറ്റിലെ 465 അംഗങ്ങളുള്ള അധോസഭയിൽ എൽഡിപി സഖ്യം 352 സീറ്റുകളിലാണ് വിജയിച്ചത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി മാത്രം 316 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം മറികടന്നു. 1947-ൽ ജപ്പാനിൽ നിലവിലെ പാർലമെന്റ് സംവിധാനം നിലവിൽ വന്നതിനുശേഷം ഒരു ഒറ്റകക്ഷി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ജപ്പാനിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വനിതാ ഭരണാധികാരി എന്ന ചരിത്രനേട്ടവും ഇതിലൂടെ സ്വന്തമാക്കി. കേവലഭൂരിപക്ഷം നേടിയതിനാൽ, ഉപരിസഭ തള്ളിക്കളഞ്ഞാലും ഭരണഘടനാ ഭേദഗതികൾ, നിയമനിർമാണങ്ങൾ പാസാക്കുക തുടങ്ങിയ നടപടികൾ എൽഡിപിക്ക് ഏകപക്ഷീയമായി തന്നെ നടപ്പാക്കാൻ സാധിക്കും. യുദ്ധാനന്തര ജപ്പാനിൽ ഇത്രയും വലിയ ഭൂരിപക്ഷം നേടുന്ന ആദ്യ പാർട്ടിയാണ് LDP.എൽഡിപി സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടി 36 സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ കക്ഷികളെല്ലാം കൂടി വെറും 113 സീറ്റുകളിൽ ഒതുങ്ങി.

മുപ്പതിലേറെ വർഷത്തിന് ശേഷം വന്ന കടുത്ത ശൈത്യകാലത്തിലൂടെയാണ് ഇപ്പോൾ ജപ്പാൻ കടന്നുപോവുന്നത്. അതിശൈത്യത്തെ തുടർന്ന് 37 ട്രെയിൻ ലൈനുകളും 58 ഫെറി റൂട്ടുകളും നിശ്ചലമാവുകയും 54 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. റോഡ് ഗതാഗതവും ദുഷ്‌കരമായിരുന്നു. എന്നാൽ ഇതൊന്നും പൊതുതിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. തകെയ്ച്ചി മുന്നോട്ടുവെക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പ്രതീക്ഷ പുലർത്തുന്നതിനാലാണ് ജനങ്ങൾ വോട്ടുചെയ്യാൻ പുറത്തിറങ്ങിയതെന്നാണ് വിശകലനങ്ങൾ. ജപ്പാനിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ളയാളാണ് തകെയ്ച്ചി. സമൂഹമാധ്യമങ്ങളിലൂടേയും മറ്റും നിരന്തരമായി ജനങ്ങളുമായി അവർ സംവദിക്കുന്നു, ചർച്ചകൾ നടത്തുന്നു, പൊതുവിഷയങ്ങളിൽ ഇടപെടുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും രാജ്യത്തെ മ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. തകെയ്ച്ചി മുന്നോട്ടുവെയ്ക്കുന്ന പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ രാജ്യം കരകയറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

തകെയ്ച്ചിയുടെ വിജയം ഇന്ത്യയ്ക്ക് നിർണായകം

സനെ തകെയ്ച്ചിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചിരുന്നു. ഇന്ത്യയുടേയും ജപ്പാന്റേയും വികസനത്തിനും പരസ്പര സഹകരണത്തിനും തകെയ്ച്ചിയുടെ വിജയം നിർണായകമാകുമെന്ന് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തകെയ്ച്ചിയുടെ ഭരണപാടവത്തിലും നേതൃത്വത്തിലും ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിക്കുകയുണ്ടായി. പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് തകെയ്ച്ചി ഇതിനോട് പ്രതികരിച്ചത്.

സനെ തകെയ്ച്ചിയുടെ വിജയം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര ബന്ധങ്ങൾ, സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ മേഖലകളിൽ പരസ്പരാശ്രയത്വം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതും സ്ഥിരതയുള്ളതും ആയിരിക്കണമെന്നാണ് ഇന്ത്യയുടേയും ജപ്പാന്റേയും പൊതുനിലപാട്. ക്വാഡ് സഹകരണം വർധിപ്പിക്കുക, വിതരണ ശൃംഖലകൾ വികസിപ്പിക്കുക, സാങ്കേതികവിദ്യ പങ്കാളിത്തം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്തോ-പസഫിക് നയം തന്നെ തകെയ്ച്ചിയുടെ കാലത്തും തുടരാനാവുമെന്നാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിയാർജിക്കുമെന്നതാണ് അതിൽ പ്രധാനം. തകെയ്ച്ചി ജപ്പാനിലെ യാഥാസ്ഥിതിക രാഷ്ട്രീയക്കാരിയാണ്. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായി. ആബെ ഇന്ത്യ-ജപ്പാൻ ബന്ധത്തെ തന്ത്രപരമായി ശക്തിപ്പെടുത്തിയിരുന്നു, പ്രത്യേകിച്ച് ക്വാഡ് (ഇന്ത്യ-ജപ്പാൻ-ഓസ്‌ട്രേലിയ-അമേരിക്ക) സഖ്യത്തിലൂടെ. ചൈനയോടുള്ള ശക്തമായ നിലപാട് അവരുടെ പ്രത്യേകതയാണ്. ഇന്ത്യയ്ക്ക് ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ കണക്കിലെടുക്കുമ്പോൾ ജപ്പാനിലെ തകെയ്ച്ചിയുടെ നേതൃത്വം ക്വാഡിനെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്തോ-പസിഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തകെയ്ച്ചിയുടെ വിജയത്തെ അഭിനന്ദിച്ചത് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ വളർച്ചയേയും സൗഹൃദത്തേയും കൂടിയാണ് സൂചിപ്പിക്കുന്നത്. പ്രാദേശിക സ്ഥിരതയും ആഗോള വ്യാപാരവുമടക്കമുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. അടിസ്ഥാനസൗകര്യവികസനത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച പല പദ്ധതികളിലും ജപ്പാനും പങ്കാളിയാണ്. ബുള്ളറ്റ് ട്രെയിൻ, മെട്രോ തുടങ്ങിയവയാണ് അതിൽ പ്രധാനം. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ, ഡൽഹി-മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വർധിക്കും. പ്രാദേശിക പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചയെ സഹായിക്കുന്നവയാണ് ഈ ഘടകങ്ങൾ. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വർധിക്കും. പ്രത്യേകിച്ച് ടെക്‌നോളജി, ഡിഫൻസ്, റിന്യൂവബിൾ എനർജി മേഖലകളിലെ വ്യാപാരം വർധിക്കുന്നത് ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പോലുള്ള പദ്ധതികൾക്ക് ഗുണം ചെയ്യും.

തകെയ്ച്ചി ജപ്പാന്റെ പ്രതിരോധനയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അതീവതാൽപര്യമുള്ള ഭരണാധികാരിയാണ്. അതിനാൽ തന്നെ ഇന്ത്യയുമായുള്ള ജപ്പാന്റെ പ്രതിരോധ സഹകരണം വർധിക്കാനിടയുണ്ട്. ജപ്പാന്റെ സൈനിക പരിഷ്‌കാരങ്ങൾ തടസ്സമില്ലാതെ നടക്കുകയും ആയുധകയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീങ്ങുകയും ചെയ്യും. ഇത് ഇന്ത്യയുമായുള്ള സംയുക്ത സൈനിക പരിശീലനങ്ങൾക്കും സാങ്കേതികവിദ്യ കൈമാറ്റത്തിനും വഴിയൊരുക്കും. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷയെ ശക്തിപ്പെടുത്തുന്നു. സംയുക്ത നാവികാഭ്യാസങ്ങൾ അടക്കമുള്ളവയ്ക്ക് ലോകം ഭാവിയിൽ സാക്ഷിയാകും. മൊത്തത്തിൽ തകെയ്ച്ചിയുടെ വിജയം ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ നേട്ടമാണ്. കാരണം അത് ഏഷ്യയിലെ സ്വാധീനശക്തിയായി നിലനിൽക്കാൻ ഇന്ത്യയ്ക്ക് ഊർജം പകരുന്നു. മാത്രമല്ല,ചൈനയുടെ നയങ്ങൾക്കെതിരെ ഒരു ശക്തമായ സഖ്യം രൂപപ്പെടുത്താനും സഹായിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണിത്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ജപ്പാന് താൽപ്പര്യമുണ്ട്. ഇത് ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധയൂന്നുന്നതിലേക്ക് ജപ്പാനെ എത്തിക്കും. നൂതന നിർമ്മാണം, സെമികണ്ടക്ടറുകൾ, ശുദ്ധ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ചൈനയോട് കടുപ്പം

തകെയ്ച്ചി ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, ജപ്പാൻ-ചൈന ബന്ധങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സങ്കീർണമാക്കി. ചൈനയോട് കടുത്ത നിലപാട് പുലർത്തുന്നയാളാണ് തകെയ്ച്ചി എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അവർ നിരന്തരം ചൈനയെ വിമർശിക്കുകയും ചൈനീസ് സ്വാധീനത്തിനെതിരേ ശബ്ദമുയർത്തുകയും ചെയ്തു.

ജപ്പാന്റെ പ്രതിരോധ ചെലവ് വർധിപ്പിക്കാൻ തകെയ്ച്ചി പദ്ധതിയിടുന്നുണ്ട്. ജപ്പാന്റെ ദ്വീപുകളെയും തായ്വാനെയും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം. എന്നാൽ ചൈന ഇതിനെ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയായാണ് കാണുന്നത്. 2025 നവംബറിൽ, ചൈന തായ്‌വാൻ ആക്രമിച്ചാൽ അത് ജപ്പാന്റെ 'അസ്തിത്വ ഭീഷണി'യായി കണക്കാക്കി സൈനിക ഇടപെടൽ നടത്താമെന്ന് തകെയ്ച്ചി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇത് ജപ്പാന്റെ പരമ്പരാഗത നയത്തിൽ നിന്നുള്ള വ്യതിചലനമായിരുന്നു. ഇതിനെത്തുടർന്ന് ചൈന കടുത്ത പ്രതികരണം നടത്തി: ജപ്പാനിൽ 'മിലിട്ടറിസത്തിന്റെ തിരിച്ചുവരവ് ആണെന്നാണ് അവർ കുറ്റപ്പെടുത്തിയത്. ജപ്പാനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെടുകയും സൈനിക ഭീഷണികളും സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. റെയർ എർത്തുകൾ പോലുള്ള സാമഗ്രികളുടെ കയറ്റുമതിക്കും ചൈന നിയന്ത്രണമേർപ്പെടുത്തിയുന്നു. ടൂറിസവും നിയന്ത്രിച്ചു.

തകെയ്ച്ചി തായ്വാനുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രിലിൽ തായ്‌വാൻ സന്ദർശിച്ച് പ്രസിഡന്റ് ലൈ ചിങ്-തെയെ കാണുകയും സുരക്ഷാ ബന്ധം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തു. ഇത് ചൈനയെ പ്രകോപ്പിക്കുകയുണ്ടായി. ചൈന തങ്ങളുടെ മേഖലയായി കാണുന്ന സ്വയംഭരണ പ്രദേശമാണ് തായ്‌വാൻ. അവിടെയുള്ള എല്ലാത്തരം വിദേശഇടപെടലുകളേയും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് ചൈന കണക്കാക്കുന്നത്. അമേരിക്കയുമായി ജപ്പാനുമായി, പലാവുമായി, കരീബിയൻ ദ്വീപുകളായുമെല്ലാം ചൈനയ്ക്കുള്ള പ്രശ്‌നം തായ്‌വാന്റെ പേരിലാണ്. തകെയ്ച്ചിയുടെ വിജയം ചൈനയ്ക്ക് തന്ത്രപരമായ തിരിച്ചടിയാണ്. ഇതിനോടകം തന്നെ ജപ്പാൻ-ചൈന ബന്ധം ദശാബ്ദത്തിലെ തന്നെ ഏറ്റവും താഴ്ന്നനിലയിലാണുള്ളത്. ഇത് പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മറികടക്കാൻ ചൈന ജപ്പാനെതിരേ സൈനിക-സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.