
പ്രധാനമന്ത്രിപദത്തിലേറിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല, പാര്‍ലമെന്റില്‍ നടത്തിയ ഒരൊറ്റ പരാമര്‍ശത്തിന്റെ പേരില്‍ ചൈനയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജപ്പാനും പ്രധാനമന്ത്രി സനെ തകൈച്ചിയും. തയ്വാനെ കുറിച്ചുള്ള പരാമര്‍ശം നടത്തിയതോടെ ചൈനയില്‍ നിന്ന് കനത്ത തിരിച്ചടികള്‍ നേരിടാനും ആരംഭിച്ചു. തയ്വാൻ പരാമര്‍ശത്തിന് ജപ്പാനില്‍ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് ചൈന ഏറ്റവുമാദ്യം പ്രതികരിച്ചത്. ബീഫ് ഇറക്കുമതി നിരോധനം പിന്‍വലിക്കാനുള്ള നീക്കങ്ങളും പാതിവഴിയില്‍ നിന്നു. ജപ്പാനിലെ ഏതാനും വകുപ്പ് മന്ത്രിമാരുമായി നടത്തേണ്ടിയിരുന്ന ചര്‍ച്ചകളും ഒഴിവാക്കിയതായി ചൈന അറിയിച്ചിട്ടുണ്ട്. ജപ്പാന് സിനിമകള്‍ക്കും ചൈന താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും നേതാക്കളും പരസ്യ പ്രതികരണങ്ങളും ആരംഭിച്ചുകഴിഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ജപ്പാനും ചൈനയും തമ്മിലുണ്ടായ ഏറ്റവും മോശം സ്ഥിതിഗതികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയെ പ്രകോപിപ്പിച്ച് ജപ്പാന് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം എന്താണ്? തയ്വാന് മേല്‍ ജപ്പാന്റെ താല്പര്യമെന്ത്?
സനെ തകൈച്ചിയുടെ പരാമര്‍ശം
തയ്വാൻ വിഷയത്തില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന തരത്തിലായിരുന്നു സനെ തകൈച്ചി നടത്തിയ പരാമര്‍ശം. ഊഷ്മളമായിരുന്ന ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും ഈ പരാമര്‍ശമാണ്. ആ നാള് വഴികള്‍ ഇങ്ങനെ:
ഒക്ടോബര്‍ 31- ഏഷ്യ-പസഫിക് എക്കണോമിക് കോപ്പറേഷന് ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും ജപ്പാന് പ്രധാനമന്ത്രി സനെ തകൈച്ചിയും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തമാക്കുമെന്ന് ഉറപ്പുകള്‍ കൈമാറി.
നവംബര്‍ 1- ഉച്ചകോടിക്കിടെ തയ്വാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സനെ തകൈച്ചി സമൂഹമാധ്യമങ്ങളിലൂടെപുറത്തുവിട്ടിരുന്നു. ഇതില്‍ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചു.
നവംബര്‍ 3- ചൈനയുടെ പ്രതിഷേധത്തിന് പിന്നാലെ തയ്വാന്റെ വിശദീകരണം പുറത്തുവന്നു. തകൈച്ചിയുമായുള്ള കൂടിക്കാഴ്ച 'വളരെ സാധാരണ'മാണെന്ന് വിശേഷിപ്പിച്ച തയ്വാൻ ഉദ്യോഗസ്ഥന് ചൈനയുടെ പ്രതിഷേധം തള്ളി.
നവംബര്‍ 7- തായ്വാനെതിരായ ആക്രമണം 'ജപ്പാന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കാവുന്ന' ഒരു സാഹചര്യമായി കണക്കാക്കാമെന്ന് തകൈച്ചി പാര്‍ലമെന്റിനെ അറിയിച്ചു. രാജ്യത്തിന്റെ സ്വയം പ്രതിരോധസേനയെ വിന്യസിക്കാന്‍ പ്രധാനമന്ത്രിമാര്‍ക്ക് അധികാരം നല്കുന്ന സ്ഥിതിവിശേഷണമാണിത്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ സനെ തകൈച്ചിക്ക് നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട്. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.
നവംബര്‍ 8 - തകൈച്ചിയുടെ പരാമര്‍ശത്തിന് ശക്തമായ പ്രതികരണവുമായി ചൈനയുടെ കോണ്‍സല്‍ ജനറല്‍ ഷ്യൂ ജിയാന്‍ രംഗത്തെത്തി. അനാവശ്യ കാര്യങ്ങളില്‍ തലയിടുന്നവരെ ഇല്ലാതാക്കണമെന്ന പരാമര്‍ശമായിരുന്നു ഷ്യൂ ജിയാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെങ്കിലും പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
നവംബര്‍ 10 - തകൈച്ചിയുടെ പരാമര്‍ശങ്ങളില്‍ ചൈന ആശങ്ക അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സാങ്കല്പികമായ സാഹചര്യത്തെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പാര്‍ലമെന്റില്‍ സമാനമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കുമെന്നും തകൈച്ചി ഉറപ്പുനല്‍കി.
നവംബര്‍ 11 -തകൈച്ചിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഒസാക്കയിലെ ചൈനീസ് കോണ്‍സുലര്‍ ഉദ്യോഗസ്ഥനായ ഷ്യൂ ജിയാനെ പുറത്താക്കണമെന്ന് ജപ്പാനിലെ രാഷ്ട്രീയ നേതാക്കള്‍ ആവശ്യമുയര്‍ത്തി.
നവംബര്‍ 12 - തകൈച്ചിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ രൂക്ഷമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
നവംബര്‍ 13 - തയ്വാനെക്കുറിച്ചുള്ള അതിഗുരുതരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ചൈന തകൈച്ചിയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും ജപ്പാന് വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്കി. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് സനെ തകൈച്ചി വ്യക്തമാക്കി.
നവംബര്‍ 14 - തയ്വാനിൽ സൈനികമായി ഇടപെടുകയാണെങ്കില്‍ 'അതിദാരുണമായ' സൈനിക പരാജയം നേരിടേണ്ടിവരുമെന്ന് ചൈന ജപ്പാന് മുന്നറിയിപ്പ് നല്കി. ഒപ്പം ചൈനീസ് പൗരന്മാരുടെ ജപ്പാന് സന്ദര്‍ശനത്തിനെതിരെ ജാഗ്രതാനിര്‍ദ്ദേശവും നല്കി. ഒസാക്കയിലെ കോണ്‍സല്‍ ജനറല്‍ ഷ്യൂ ജിയാന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കാന്‍ ജപ്പാന്റെ വിദേശകാര്യ മന്ത്രാലയം ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി.
നവംബര്‍ 15 - മൂന്ന് ചൈനീസ് എയര്‍ലൈനുകള്‍ ജപ്പാനിലേക്കുള്ള റൂട്ടുകളില്‍ റീഫണ്ടുകളോ സൗജന്യ മാറ്റങ്ങളോ വാഗ്ദാനം ചെയ്തു. ചൈനയില്‍ നിന്ന് 'ഉചിതമായ നടപടികള്‍' ഉണ്ടാവണമെന്ന് ജപ്പാന് ആവശ്യപ്പെട്ടു.
നവംബര്‍ 16 - ജപ്പാനിലുള്ളതോ അവിടെ പഠിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ തങ്ങളുടെ വിദ്യാര്‍ഥികള്‍ അപകടസാധ്യതകള്‍ വിലയിരുത്തണമെന്നും കരുതലോടെ ആസൂത്രണം ചെയ്യണമെന്നും ചൈന ആവശ്യപ്പെട്ടു. അതേ ദിവസമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന, ജപ്പാന് ഭരിക്കുന്ന സെന്‍കാകു ദ്വീപുകളുടെ ജലപരിധിയിലൂടെ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വ്യൂഹം റോന്ത് ചുറ്റിയത്.
നവംബര്‍ 17 - ജാപ്പനീസ് സിനിമകളുടെയെങ്കിലും ആഭ്യന്തര പ്രദര്‍ശനം നിര്‍ത്തിവെച്ചതായി ചൈനീസ് ചലച്ചിത്ര വിതരണക്കാര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ തകൈച്ചിയുമായി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന അറിയിച്ചു.
നവംബര്‍ 18 -ബെയ്ജിങ്ങിൽ ചൈനീസ്, ജാപ്പനീസ് നയതന്ത്രജ്ഞര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തകൈച്ചി തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടു. ഈ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദീര്‍ഘകാല നിലപാടുകളുടെ ഭാഗമാണെന്നായിരുന്നു ജപ്പാന് പറഞ്ഞത്. ഒപ്പം ചൈനയിലുള്ള ജപ്പാന് പൗരന്മാര് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നവംബര്‍ 19 - ജാപ്പനീസ് സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി നടപടിക്രമങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ചൈന ജപ്പാനെ അറിയിച്ചു, ഇറക്കുമതിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. മാസങ്ങള്‍ക്കുള്ളില്‍ ഈ ഇറക്കുമതിക്ക് സമ്പൂര്‍ണ നിരോധനം ഏര്പ്പെടുത്തുമെന്നതിന്റെ സൂചനയായിരുന്നു ഇത്. ജപ്പാനില്‍ നിന്നുള്ള ബീഫ് ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും താത്കാലികമായി നിര്‍ത്തിവച്ചതായി ക്യോഡോ വാര്‍ത്താ ഏജന്‍സി അറിയിച്ചു. തയ്വാനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജപ്പാന് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ചൈന ഭീഷണിപ്പെടുത്തി.
നവംബര്‍ 20- ജപ്പാനും ദക്ഷിണ കൊറിയയും ചേര്‍ന്ന് നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്കാരിക മന്ത്രിമാരുടെ ത്രികക്ഷി യോഗം ചൈന മാറ്റിവച്ചു.
ജപ്പാനും ചൈനയും; തകരുന്ന ബന്ധം
ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒക്ടോബറിലാണ് തകൈച്ചി സ്ഥാനമേറ്റത്. തയ്വാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവര്‍ നടത്തിയ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് തന്നെ കടുത്ത ചൈനാ വിമര്‍ശകയായിരുന്നു തകൈച്ചി. മാത്രമല്ല, തയ്വാനോട് അനുകൂല നിലപാടും തകൈച്ചി സ്വീകരിച്ചിരുന്നു. ജപ്പാന്റെ ഏറ്റവും അടുത്ത ദ്വീപുമായി വെറും 100 കിലോമീറ്റര്‍ ദൂരത്താണ് തയ്വാൻ. ചൈന തയ്വാൻ കടലിടുക്കില്‍ യുദ്ധക്കപ്പലുകളെ വിന്യസിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത്തരമൊരു അടിയന്തരാവസ്ഥയില്‍ ജപ്പാന് സൈന്യവും രംഗത്തിറങ്ങുമെന്നായിരുന്നു തകൈച്ചി പറഞ്ഞത്. തയ്വാവാനെതിരെയുള്ള സൈനികനീക്കം ജപ്പാനെതിരെയുമുള്ള ഗുരുതര ഭീഷണിയായി കാണുമെന്നും തകൈച്ചി സൂചിപ്പിച്ചു.
അധിനിവേശങ്ങളുടെ ദ്വീപ് എന്നാണ് തയ്വാൻ അറിയപ്പെടുന്നത്. 1624 മുതല്‍ 1661 വരെ ഡച്ചുകാരുടെ കോളനിയായിരുന്നു ഈ പ്രദേശം. 1683 മുതല്‍ 1895 വരെ ചൈനയിലെ ക്വിങ് രാജവംശമാണ് ഭരിച്ചത്. യിവെയ് യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ചൈന-ജപ്പാന് യുദ്ധത്തിന്റെ അവസാനത്തിലാണ് തയ്വാന്റെ അധികാരം ജപ്പാന് ലഭിക്കുന്നത്. അഞ്ച് ദശാബ്ദക്കാലം നീണ്ടുനിന്ന ജാപ്പനീസ് ഭരണത്തിന് ശേഷം രണ്ടാം ലോകമായുദ്ധത്തിന് പിന്നാലെയാണ് തയ്വാൻ വീണ്ടും ചൈനയ്ക്ക് ലഭിക്കുന്നത്. ചൈന-തയ്വാൻ-ജപ്പാന് ബന്ധം ശക്തിപ്പെടുന്നതും വഷളാവുന്നതും മിക്കപ്പോഴും ഈ ദ്വീപ് മേഖലയെ ചൊല്ലിയാണ്. വ്യാപാര ബന്ധങ്ങള്‍, പ്രാദേശിക അധികാര തര്‍ക്കങ്ങള്‍ എന്നിവയും ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ ബാധിക്കാറുണ്ട്.
തകൈച്ചി നടത്തിയ പരാമര്‍ശം വാക്പ്പോരിലേക്ക് നയിച്ചതു പോലെ നയതന്ത്രബന്ധത്തേയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തേയും ബാധിച്ചു. ജപ്പാനിലെത്തുന്ന പൗരന്മാര്ക്ക് ചൈന നല്കിയ യാത്രാ മുന്നറിയിപ്പ് ജപ്പാനിലെ ഏറ്റവും വലിയ ടൂറിസം, റീട്ടെയില്‍ ഓഹരികളില്‍ വലിയ ഇടിവിന് കാരണമായി. ഓഹരിവിപണിയില്‍ വലിയ പ്രത്യാഘാതമാണ് ആദ്യഘട്ടത്തില്‍ ജപ്പാന് നേരിടേണ്ടി വന്നത്. ടോക്ക്യോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്ററായ ഈസ്റ്റ് ജപ്പാന് ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസിന് ഡിസംബര്‍ വരെയുള്ള 80 ശതമാനം ബുക്കിങ്ങുകളാണ് ഇതേ തുടര്‍ന്ന് റദ്ദായത്. ജപ്പാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം ഏഴ് ശതമാനവും ടൂറിസത്തില്‍ നിന്നാണ് വരുന്നത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ജീവനക്കാരോട് ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായാല്‍ അത് ആദ്യം പ്രതിഫലിക്കുന്നത് സാമ്പത്തിക-വ്യാപാര ഇടപാടുകളിലായിരിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാന്, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ ചൈന സ്വീകരിച്ചത് പോലെ, പ്രതികാര നടപടികള്‍ക്കായി ചൈന വ്യാപാരത്തെ ഉപയോഗിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. തയ്വാന് വിഷയത്തിന് പിന്നാലെ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതിയിലടക്കം ചൈന നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുക്കുഷിമ ആണവനിലയത്തില്‍ നിന്ന് കടലിലേക്ക് വെള്ളമൊഴുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇറക്കുമതി അടുത്തിടെയാണ് ചൈന പുനരാരംഭിച്ചത്. 2023ല്‍ മൊത്തം 390 ബില്യണ്‍ യെന്നിന്റെ (2.5 ബില്യണ്‍ ഡോളര്‍) സമുദ്രോത്പന്ന കയറ്റുമതിയില്‍ ചൈനയുടെ വിഹിതം 15.6 ശതമാനമായി കുറഞ്ഞിരുന്നു. 2022ല്‍ ഇത് 22.5 ശതമാനമായിരുന്നു. 2023-ല്‍ ഹോങ്കോങ്ങിന്റെ വിഹിതം 26.1 ശതമാനവും അമേരിക്കയുടേത് 15.7 ശതമാനവുമായിരുന്നു.
ചൈന ആവര്‍ത്തിക്കുന്ന ശക്തിപ്രകടനം
ഏഴു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തര്‍ക്കമാണ് ചൈനയ്ക്കും തയ്വാനുമിടയിലുള്ളത്. തങ്ങളുടെ പ്രദേശത്തിന്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ തയ്വാൻ ദ്വീപിനെ ചൈന ഭരിച്ചിട്ടില്ല. എങ്കിലും ഒരു വിമത പ്രവിശ്യയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദ്വീപിനെചൈനയുമായി ചേര്‍ക്കാനാണ് ശ്രമങ്ങള്‍. എന്നാല്‍ ഇത് തയ്വാൻ അംഗീകരിച്ചിട്ടില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും രണ്ടരക്കോടിയോളം ജനസംഖ്യയുമുള്ള തയ്വാൻ, ചൈനീസ് അധീനത ഒരിക്കലും അംഗീകരിക്കുന്നില്ല. മേഖലയിലെ ചൈനീസ് അധിനിവേശത്തേയും ഇടപെടലുകളേയും തയ്വാൻ നിരന്തരം വിമര്‍ശിക്കുകയും അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ദ്വീപിന്റെ നിലയെക്കുറിച്ചും ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം തയ്വാന് സ്വതന്ത്ര നിലപാടുണ്ട്.
ചൈനയുടെ ഭീഷണികളെയും മുന്നറിയിപ്പുകളെയും മുഖവിലയ്ക്കെടുക്കാതെയുള്ള നിലപാടായിരുന്നു ഇതുവരെ തയ്വാനുള്ളത്. ഇത് വര്‍ഷങ്ങളായി അമേരിക്കയും ജപ്പാനും നല്കുന്ന നിരുപാധിക പിന്തുണയുടെ ബലത്തിലാണ്. അത് പലപ്പോഴും യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തയ്വാനുള്ള ജപ്പാന്റെ പരസ്യ പിന്തുണയും അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനവുമെല്ലാം ഈ പിന്തുണകളുടെ ഭാഗമാണ്. ജപ്പാനും അമേരിക്കയും ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും സ്വയംഭരണ ദ്വീപിനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നില്ല. എന്നാല്‍, നിലവിലുള്ള സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ഏതൊരു ശ്രമത്തെയും അവര്‍ എതിര്‍ക്കും. ദ്വീപിന് ആയുധങ്ങള്‍ നല്കാന് വാഷിങ്ടണ്‍ പ്രതിജ്ഞാബദ്ധമാണ്.
നിലവിലെ കാട്ടിക്കൂട്ടലുകളെ തങ്ങളുടെ മേഖലയായ തയ്വാനെ തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ലോകത്തെ അറിയിക്കാനുള്ള ചൈനയുടെ പരിശ്രമമായി വിശേഷിപ്പിക്കുന്നവരുമുണ്ട്. ചൈനയുടെ ശക്തിയേയോ സ്വാധീനത്തേയോ ജപ്പാന് ബഹുമാനിക്കില്ലെന്ന ധാരണയാണ് ചൈനയ്ക്കുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ചൈനയുടെ ഉയര്‍ച്ചയ്ക്ക് ഭീഷണിയാവുന്ന സൈനിക അഭിലാഷങ്ങളാണ് ജപ്പാനുള്ളത്. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരു നേതാവ് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അവയുടെ ഭാഗമാണെന്ന് ചൈനീസ് മുഖപത്രമായ പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.
തകൈച്ചിയുടെ പരാമര്‍ശത്തിന് പിന്നാലെ ജപ്പാന് സമീപത്ത് ചൈന സൈനിക, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് സത്യമായത് പോലെ ജപ്പാന് സമീപം 'ജപ്പാനില്‍ സെന്‍കാകുസ് എന്നറിയപ്പെടുന്ന തര്‍ക്ക ദ്വീപസമൂഹമായ ദിയായു ദ്വീപുകള്‍ക്ക് സമീപം ചൈനയുടെ കപ്പല്‍ വ്യൂഹം റോന്ത് ചുറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കിഴക്കന്‍ ചൈനാക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വളരെക്കാലമായി സംഘര്‍ഷത്തിന്റെ ഉറവിടമാണ്.
ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകള്‍ക്ക് സമീപത്തെ സമുദ്രമേഖലയില്‍ നേരത്തെ ചൈനയുടെ തീരസംരക്ഷണ സേന പതിവായി പട്രോളിംഗ് നടത്തിയിരുന്നു. അത് ഏറെക്കുറേ അവസാനിച്ച ഘട്ടത്തിലായിരുന്നു തകൈച്ചിയുടെ പരാമര്‍ശം ചൈനയ്ക്ക് പ്രകോപനമായത്. പിന്നാലെ ചൊവ്വാഴ്ച മുതല്‍ തെക്കന്‍ മഞ്ഞക്കടലില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആയുധ അഭ്യാസം ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ ശക്തിപ്രകടനം കൂടിയാണ് ഈ അഭ്യാസം. ഈ ആഴ്ച മഞ്ഞക്കടലില്‍ ചൈന നടത്തുന്ന രണ്ടാമത്തെ അഭ്യാസമാണിത്. ഈ രണ്ട് അഭ്യാസങ്ങളുടേയും സ്ഥലങ്ങള്‍ ജപ്പാന് സമുദ്രമേഖലയില്‍ നിന്ന് അകലെയാണെങ്കിലും അതൊരു മുന്നറിയിപ്പാണെന്നത് തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ദിയോയു ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചൈനീസ് കോസ്റ്റ്ഗാര്‍ഡ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.
അവസാനിക്കാത്ത തര്‍ക്കമാണ് ചൈനയ്ക്ക് തയ്വാന്. ജപ്പാന് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കാരണം ചൈനയും ജപ്പാനും പരസ്പര ആശ്രയത്വം പുലര്‍ത്തുന്നുണ്ട്. ഇരു രാജ്യങ്ങളും സാമ്പത്തികമായി പരസ്പരം ആശ്രയിക്കുന്നവരും സാംസ്കാരിക ബന്ധങ്ങള്‍ പങ്കിടുന്നവരുമാണ്. സംഘര്‍ഷങ്ങളോ നയതന്ത്ര പ്രശ്നങ്ങളോ നീളുന്നത് ഇരു രാജ്യങ്ങളേയും ബാധിക്കും. തയ്വാന് മേലുള്ള അധികാരം പ്രകടിപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: Escalating Japan-China diplomatic row leads to China banning seafood imports and restricting Japanese films. Explore the reasons and implications.
Published: 23 Nov 2025, 04:46 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented