അതിവേഗം മുങ്ങിക്കൊണ്ടിരിക്കുകയാണ് ജക്കാര്‍ത്ത. നഗരപരിധിക്കുള്ളിലും പുറത്തുമായി 40 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ജക്കാര്‍ത്തയുടെ 40 ശതമാനം പ്രദേശവും സമുദ്രനിരപ്പിന് താഴെയാണുള്ളത്. ജക്കാര്‍ത്ത പ്രതിദിനം മുങ്ങിക്കൊണ്ടിരിക്കെ തലസ്ഥാനം നുസാന്തരയിലേക്ക് മാറ്റാനുള്ള നടപടികളിലാണ് ഇപ്പോള്‍ ഇൻഡൊനീഷ്യ.  ജക്കാര്‍ത്തയില്‍ നിന്ന് 1400 കിലോമീറ്റര്‍ ദൂരത്തുള്ള ബോര്‍ണിയോയുടെ കിഴക്കൻ തീരത്ത് നിര്‍മിക്കുന്ന പുതിയ നഗരമാണ് നുസാന്തര. 35 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് വര്‍ഷം കൊണ്ട് ഒരു പുതിയ നഗരത്തെ രൂപപ്പെടുത്താനുള്ള   പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. 

To advertise here,

മുങ്ങുന്ന ജക്കാര്‍ത്ത

ലോകത്ത് വലുപ്പത്തില്‍ പതിനാലാം സ്ഥാനത്തുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് ഇന്‍ഡൊനീഷ്യ. ജപ്പാന്റെ അധിനിവേശത്തില്‍ നിന്ന് 1949 ഡിസംബറില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെയാണ് ജക്കാര്‍ത്തയെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അതുവരെ ബറ്റാവിയ എന്ന ഡച്ച് പേരില്‍ അറിയപ്പെട്ടിരുന്ന നഗരത്തെ ഇൻഡൊനീഷ്യൻ ദേശീയവാദികളാണ് ജക്കാര്‍ത്ത എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്‍ഡൊനീഷ്യയിലെ ഏറ്റവും വലിയ നഗരമാണ് ജക്കാര്‍ത്ത. ഏതാണ്ട് 1.14 കോടി ജനങ്ങളാണ് ജക്കാര്‍ത്തയില്‍ മാത്രം വസിക്കുന്നത്. ജപ്പാനിലെ ടോക്യോ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവിക്കുന്ന രണ്ടാമത്തെ നഗരമേഖല കൂടിയാണ് ജക്കാര്‍ത്ത. 

ലോകത്ത് ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം എന്ന ഖ്യാതി കൂടിയുണ്ട് ജാവന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ജക്കാര്‍ത്തയ്ക്ക്. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ജക്കാര്‍ത്ത നേരിടുന്ന പ്രതിസന്ധി. പതിനെട്ടാം നൂറ്റാണ്ടില്‍ ഡച്ച് സംഘം കൃഷിക്ക് വേണ്ടി വലിയ തോതില്‍ വനങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ മുതല്‍ ജക്കാര്‍ത്തയുടെ ദുര്‍വിധിയും ആരംഭിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ജക്കാര്‍ത്ത 16 അടിയോളം താഴ്ന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പഠനങ്ങള്‍ പറയുന്നത്. ജക്കാര്‍ത്തയുടെ തീരപ്രദേശത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രതിവര്‍ഷം 11-12 സെന്റിമീറ്റര്‍ നിരക്കിലാണ് സമുദ്രനിരപ്പുയരുന്നത്, ഇത് സംബന്ധിച്ച പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

ജാവ ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെടുന്ന ജക്കാര്‍ത്തയിലായിരുന്നു സര്‍ക്കാരിന്റെ പ്രധാന ഓഫീസുകള്‍.  ഈ നഗരം പ്രതിവര്‍ഷം 25 സെ.മി വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമിതമായ അളവില്‍ ഭൂഗര്‍ഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 2050 ആകുമ്പോഴേക്കും ജകാര്‍ത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നിലവില്‍ ജക്കാര്‍ത്തയുടെ ഭൂപ്രദേശത്തിന്റെ 40% സമുദ്രനിരപ്പിന് താഴെയാണ്.

എന്തുകൊണ്ട്? 

ആഗോളതാപനം ലോകത്താകമാനം സമുദ്രനിരപ്പ് ഉയര്‍ത്തുന്നതിലേക്ക് നയിക്കുന്നുണ്ട്. റിങ് ഓഫ് ഫയറിലുള്‍പ്പെട്ട ജക്കാര്‍ത്തയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ക്ക് പുറമേ ഇതും ഈ 'മുങ്ങലിന്' പിന്നിലെ കാരണമാണ്. പ്രതിവര്‍ഷം 5-6 മില്ലിമീറ്റര്‍ വീതം സമുദ്രനിരപ്പ് ഉയരുന്നുണ്ടെന്നാണ് കണക്ക്, അത് ജക്കാര്‍ത്തയുടെ തീരപ്രദേശത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ജപ്പാന്‍ അധിനിവേശകാലത്ത് വനങ്ങള്‍ വെട്ടിനശിപ്പിച്ചത് മണ്ണൊലിപ്പിലേക്ക് നയിച്ചെന്നും അത് സിലിവുങ് നദിയില്‍ വലിയ തോതില്‍ അവശിഷ്ടങ്ങള്‍ അടിയുന്നതിലേക്കും എത്തിച്ചു. കാലക്രമേണ ഈ അവശിഷ്ടത്തിന്റെ ശേഖരണം വലിയ ഡെല്‍റ്റ രൂപീകരിക്കപ്പെടുന്നതിലേക്കും നയിച്ചു. ദശാബ്ദങ്ങളായുള്ള ഈ ഡെല്‍റ്റയ്ക്ക് മുകളിലാണ് ജക്കാര്‍ത്ത നഗരം കെട്ടിപ്പടുത്തിരിക്കുന്നത്. താരതമ്യേന പ്രായം കുറവുള്ള ഈ ഇളം മണ്ണ് പ്രകൃതിദത്തമായ സങ്കോചത്തിനും മാറ്റങ്ങള്‍ക്കും വിധേയപ്പെടുന്നുണ്ട്. 

വര്‍ഷത്തില്‍ മൂന്നിലൊന്ന് ദിവസങ്ങളിലും മഴ ലഭിക്കുന്ന മേഖലയാണ് ജക്കാര്‍ത്ത. 13 നദികളാണ് ഇതിലൂടെ ഒഴുകുന്നത്. മുമ്പ് കണ്ടല്‍ക്കാടുകളുള്ള ചതുപ്പുനിലങ്ങളായിരുന്ന പ്രദേശങ്ങള്‍ ഇന്ന് 90 ശതമാനവും കെട്ടിടനിര്‍മാണങ്ങള്‍ക്കായി നികത്തിയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളെല്ലാം ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, ഓഫീസ്, അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും നഗരവത്കരണവും ജക്കാര്‍ത്തയിലെ മണ്ണിന് പിന്നേയും സമ്മര്‍ദ്ദമേറ്റി. അത് മണ്ണ് അമരുന്നതിലേക്കും മണ്ണിന്റെ നിരപ്പ് താഴുന്നതിലേക്കും നയിച്ചു. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഭൂകമ്പസാധ്യത കൂടിയ മേഖലയിലുള്‍പ്പെട്ട പ്രദേശമാണ് ജക്കാര്‍ത്ത. മണ്ണിന് മുകളിലോ അകത്തോ നിരന്തരമായി ഉണ്ടാവുന്ന ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ തരംഗചലനത്തിലേക്ക് (vibration) നയിക്കുകയും മണ്ണിന്റെ ഘടനയില്‍ സങ്കോചമുണ്ടാക്കുകയും ചെയ്യുന്നു. മറ്റൊരു കാരണം ഭൂഗര്‍ഭജലമൂറ്റല്‍ ആണ്. ഉപരിതലത്തില്‍ നിന്ന് 60 മീറ്ററിന് താഴെയുള്ള വെള്ളത്തെയാണ് ഭൂഗര്‍ഭജലം എന്ന് പറയുക. ജക്കാര്‍ത്തയില്‍ വളരെ പ്രചാരത്തിലുള്ള ജലസേചനരീതിയാണ് ഭൂഗര്‍ഭജലസംഭരണം. ഇത്തരത്തില്‍ പുറത്തേക്കെടുക്കുന്ന വെള്ളത്തിന് ആനുപാതികമായുള്ള ജലം, അതേവേഗതയില്‍ വീണ്ടും സ്വഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഒപ്പം ഭൂഗര്‍ഭജലമെടുക്കാനായി ഉപയോഗിച്ച മണ്ണിലുള്ള ദ്വാരങ്ങള്‍ മണ്ണിടിച്ചിലിന് കാരണമാവുന്നു. ഇതെല്ലാം പ്രദേശത്തിന്റെ നിരപ്പ് താഴുന്നതിലേക്ക് നയിക്കുന്നുണ്ട് എന്നാണ് സര്‍വേകളും പഠനങ്ങളും പറയുന്നത്. 

2014-ല്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ത്ജാജ പൂര്‍നാമ, ജലസ്രോതസ്സുകളുടെ നിയമവിരുദ്ധമായ ഉപയോഗം അപകടകരമായ അളവില്‍ എത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എത്ര അളവില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകള്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല. ജലസ്രോതസ്സുകള്‍ പുനഃസ്ഥാപിക്കുന്നതിനായി ജക്കാര്‍ത്ത പരിസ്ഥിതി മന്ത്രാലയം 2009ല്‍ നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പാലിയിട്ടില്ല. സാങ്കേതിക സംവിധാനങ്ങള്‍ കുറവായിരുന്നുവെന്നാണ് പദ്ധതി പരാജയപ്പെടാനുള്ള കാരണമായി ഭരണകൂടം ചൂണ്ടിക്കാട്ടിയത്. 

നുസാന്തര-പുതിയ തലസ്ഥാനം

പാരിസ്ഥിതിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇന്‍ഡൊനീഷ്യയുടെ തലസ്ഥാനം മാറ്റാനുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2019'ല്‍ പ്രസിഡന്റ് ജോകോ വിദോദോ ആണ് തലസ്ഥാനം മാറ്റുന്ന കാര്യം ഔദ്യോഗികമായി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് കാരണം തീരുമാനം നീണ്ടുപോയി. കോവിഡിന് പിന്നാലെ 2022 ജനുവരിയില്‍ തലസ്ഥാനം മാറ്റാനുള്ള ബില്‍ ഇന്‍ഡൊനീഷ്യന്‍ പാര്‍ലമെന്റില്‍ പാസായി. പുതിയ തലസ്ഥാനത്തിന് ദ്വീപസമൂഹം എന്നര്‍ഥമുള്ള നുസാന്തര എന്നാണ് പേരുനല്‍കിയത്. 80 പേരുകളില്‍ നിന്നാണ് നുസാന്തര തെരഞ്ഞെടുത്തത്. തലസ്ഥാനം മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ കിഴക്കന്‍ കാലിമന്റാനിലേക്കും പുഃനസ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു. 

ബോര്‍ണിയോ ദ്വീപസമൂഹത്തില്‍പെട്ട സ്ഥലമാണ് നുസാന്തര. 140 ദശലക്ഷം പഴക്കമുള്ള മഴക്കാടുകള്‍ക്കും ബോര്‍ണിയന്‍ ഒറാങ്കുട്ടന്‍ ഉള്‍പ്പെടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവിവര്‍ഗങ്ങളുമുള്ള മേഖലയാണിത്. ബോര്‍ണിയയുടെ മൂന്നിലൊന്ന് ഭാഗവും ഇന്‍ഡൊനീഷ്യന്‍ അധീനതയിലാണുള്ളത്. ബാക്കി ഭാഗം മലേഷ്യയുടേയും ബ്രൂണെയുടേയും നിയന്ത്രണത്തിലാണ്. ബോര്‍ണിയോയില്‍ ഏതാണ്ട് 23 ദശലക്ഷം ആളുകളാണുള്ളത്. 

ഏതാണ്ട് 1.5-2 ലക്ഷം ആളുകളാണ് നുസാന്തര കെട്ടിപ്പടുക്കാനായി പണിയെടുക്കുന്നത്. ഇവിടേക്കുള്ള റോഡുകളുടെ നിര്‍മാണ് 2022 മുതല്‍ ആരംഭിച്ചിരുന്നു. വനത്തിലൂടെയുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമാണ് സര്‍ക്കാര്‍ ഓഫീസുകളുടേയും കെട്ടിടങ്ങളുടേയും നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായാല്‍ തുടക്കത്തില്‍ അഞ്ച് ലക്ഷം ആളുകള്‍ തലസ്ഥാനത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2045 നുസാന്തര പ്രവര്‍ത്തന സജ്ജമാവുമെന്നാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും പുനഃരുപയോഗിക്കാവുന്ന ഊര്‍ജത്തിലായിരിക്കും നഗരം പ്രവര്‍ത്തിക്കുക. ഹരിത-സുസ്ഥിരവികസനമാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നഗരത്തിലേക്കുള്ള പ്രവേശനം. തലസ്ഥാനത്തിന് വേണ്ടി മാത്രം 50 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റും നിര്‍മാണത്തിലാണ്. 

മുന്‍ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയാന്‍ അല്‍ നഹ്യാനും നുസന്തരയിലെ പദ്ധതിയുടെ മേല്‍നോട്ട സമിതിയുടെ ഭാഗമാണ്. ദി ബിസിനസ് ഇന്‍സൈഡറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, നുസന്താരയില്‍ ഒരു ഗവേഷണ കേന്ദ്രം നിര്‍മിക്കാനുള്ള കരാറില്‍ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒപ്പുവച്ചിട്ടുണ്ട്. ഒരു വികസിത രാജ്യമാവുകയെന്ന ലക്ഷ്യം 2045 ഓടെ ലക്ഷ്യത്തിലെത്തുമെന്നാണ് ഇന്‍ഡൊനീഷ്യ പ്രതീക്ഷിക്കുന്നത്. 

അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണം, സ്റ്റേറ്റ് പാലസ്, ഭവനനിര്‍മാണ പദ്ധതികള്‍, ജനപ്രതിനിധികളുടെ വസതികളുടെ മാറ്റം, ആദ്യഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ലക്ഷം ആളുകള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. നുസാന്തരയെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു സാമ്പത്തികകേന്ദ്രമാക്കി മാറ്റി സുസ്ഥിരവികസനം കെട്ടിപ്പടുക്കുകയാണ് അടുത്തഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 

ജക്കാര്‍ത്ത മാത്രമല്ല

പാരിസ്ഥിതിക ആഘാതത്തിന്റെ വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിലെ ഏക പ്രദേശമല്ല ജക്കാര്‍ത്ത. ഇന്‍ഡൊനീഷ്യയിലെ സെമരാംഗ്, തയ്‌ലന്‍ഡിലെ ബാങ്കോക്ക്, ജപ്പാനിലെ യോക്കോഹോമ, മെക്‌സിക്കോ സിറ്റി തുടങ്ങിയ പ്രദേശങ്ങളെല്ലാം ഈ പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പകുതിയും സമുദ്രനിരപ്പില്‍ നിന്ന് താഴേക്ക് പോകുന്നതായി പറയുന്നുണ്ട്. നഗരത്തിലെ വമ്പന്‍ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യ നിര്‍മാണങ്ങളുടേയും ഭാരം താങ്ങാന്‍ കഴിയാത്തതും ഭൂഗര്‍ഭജലം എടുക്കുന്നതുമാണ് ചൈനയെ വെള്ളത്തിലാക്കാനൊരുങ്ങുന്നത്. ബീജിങ്, ടിയാഞ്ചിന്‍ തുടങ്ങിയ നഗരങ്ങളാണ് ഗുരുതരമായ പ്രതിസന്ധിയിലുള്ളത്. 45 ശതമാനം നഗരമേഖലയും പ്രതിവര്‍ഷം 3 മില്ലിമീറ്റര്‍ വീതവും 16 ശതമാനം മേഖല 10 മില്ലിമീറ്റര്‍ വീതവുമാണ് മുങ്ങുന്നതെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2015 മുതല്‍ 2022 വരെയുള്ള പഠനത്തിന് ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാലദ്വീപ്, സീഷെല്‍സ്, വിയറ്റ്‌നാം, കിരിബാത്തി, സമോവ, ലാഗോസ്(നൈജീരിയ), ഹൂസ്റ്റണ്‍, ധാക്ക, വെനീസ്, വിര്‍ജീനിയ ബീച്ച്, ബാങ്കോക്ക്, ലൂസിയാന, റോട്ടര്‍ഡാം, അലക്‌സാൻഡ്രിയ, മിയാമി തുടങ്ങിയ ലോകത്തിലെ പ്രധാനപ്പെട്ട പല നഗരങ്ങളും 2050 ഓടെ വെള്ളത്തിനിടയിലാവുമെന്നാണ് ആഗോളവ്യാപകമായി നടന്ന പഠനങ്ങള്‍ പറയുന്നത്. 

പരിഹാരമുണ്ടോ? 

ഭൂഗര്‍ഭജലം എടുക്കല്‍ സമുദ്രനിരപ്പുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജക്കാര്‍ത്തയിലെ നഗര ഉടമസ്ഥതയിലുള്ള വാട്ടര്‍ കമ്പനിക്ക് ഉപരിതല ജലത്തില്‍ നിന്ന് പൈപ്പ് വഴി താമസക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തത് വന്‍തോതില്‍ ഭൂഗര്‍ഭജലം വേര്‍തിരിച്ചെടുക്കുന്നതിന് കാരണമായി. ഇത് ഒഴിവാക്കണമെങ്കില്‍ നഗരത്തില്‍ ജലവിതരണത്തിനായി മറ്റേതെങ്കിലും തരത്തിലുള്ള വഴികള്‍ കാണാന്‍ ഭരണകൂടത്തിന് സാധിക്കണം. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ 9 ദശലക്ഷം നിവാസികള്‍ക്കും നഗരത്തില്‍ ജോലി ചെയ്യുകയോ യാത്രയ്ക്കായോ എത്തുന്ന 15 ദശലക്ഷം ആളുകള്‍ക്കും ഗാര്‍ഹിക ഉപയോഗത്തിന് വെള്ളം എത്തിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് ഇപ്പോഴും കഴിയുന്നില്ല. വെറും 48 ശതമാനം പ്രദേശത്ത് മാത്രമാണ് പൈപ്പ് വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നത്. ഇതില്‍തന്നെ ശുദ്ധജല വിതരണം ലഭിക്കുന്ന വീടുകളുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ആളുകള്‍ രഹസ്യമായും നിയമവിരുദ്ധമായും ആഴത്തിലുള്ള ഭൂഗര്‍ഭജലം വേര്‍തിരിച്ചെടുക്കുന്നതും പതിവാണ്. അതിനിടെ ഭൂഗര്‍ഭജലചൂഷണം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് ജക്കാര്‍ത്ത നിയമനടപടികളും സ്വീകരിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന വെള്ളപ്പൊക്കം നേരിടാന്‍ ദേശീയ തലസ്ഥാന സംയോജിത തീരദേശ വികസന പരിപാടിയുടെ ഭാഗമായി വമ്പന്‍ കടല്‍ഭിത്തികളും നിര്‍മിക്കുന്നുണ്ട്. ജക്കാര്‍ത്തയുടെ 30 കിലോമീറ്റര്‍ തീരപ്രദേശത്തിന്റെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് 2014 മുതല്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന തീരദേശ കരയുടെ വികസനം തുടരേണ്ടതുണ്ട്.ഈ കായലിന് ജക്കാര്‍ത്തയുടെ വടക്കന്‍ ഭാഗത്ത് വേലിയേറ്റം തടയാന്‍ കഴിയും. എന്നാല്‍ ഇതിന്റെയെല്ലാം ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.