ഇസ്രയേലും അമേരിക്കയും ഒരുപോലെ വിലയിട്ടൊരാൾ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. വർഷങ്ങളായി ഇരുവരും ചേർന്ന് നടത്തിയ വേട്ടയ്‌ക്കൊടുവിൽ ഇറാന് അവരുടെ പരമോന്നത നേതാവിനെ നഷ്ടമായി. ഖമനേയി വധിക്കപ്പെട്ടു. ഫെബ്രുവരി 27ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് ഇടയ്ക്കിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട്‌ ഖമനേയിയുടെ വീഡിയോ സന്ദേശങ്ങളും ട്വീറ്റുകളും പുറത്തുവന്നു. കൊല്ലപ്പെട്ടതായി അമേരിക്ക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുവരെ ഖമനേയിയുടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചയോടെ ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കയും ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.

To advertise here,

ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളെ വധിച്ചുവെന്നാണ് കൊലപാതക വിവരം പങ്കുവെച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് കുറിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമായിരുന്നു ഈ 86 വയസ്സുകാരൻ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയുടേയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയുമായിരുന്നു.

പരമോന്നത നേതാവിനെ ലക്ഷ്യമിടുന്നതിനെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരസ്യമായിത്തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ ഉയർത്തുന്ന എല്ലാത്തരം ഭീഷണികളേയും തങ്ങൾ ഇല്ലാതാക്കുമെന്നാണ് അമേരിക്കയും ഇസ്രയേലും പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഖമനേയിയുടെ ജീവന് അവർ വിലയിടുന്നതിന് പിന്നിലും അതുതന്നെ കാരണം. ഇറാനെ ഇന്നു കാണുന്ന നിലയിലേക്കെത്തിച്ചത് ഖമനേയിയാണ്. പുരോഹിതനിൽ നിന്ന് പരമോന്നത നേതാവായി ഉയർത്തപ്പെട്ട ചരിത്രമാണ് ഖമനേയിക്കുള്ളത്. ആരായിരുന്നു ഖമനേയി? സംഭവബഹുലമായ പദവിയിൽ ഖമനേയി ഇല്ലാതാകുമ്പോൾ ഇറാന് മുന്നിൽ ഇനി എന്താണ് വഴി? ഖമനേയിക്ക് പകരം ആര് പരമാധികാര പദവിയിലേക്ക് എത്തും?

ഖമനേയിയുടെ ഉദയം

മതപരമായി ഏറെ പ്രധാന്യമുള്ള മഷാദിലാണ് 1939ൽ ഖമനേയി ജനിച്ചത്. ഷിയ മുസ്ലീം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണിത്. ഖമനേയിയുടെ കുടുംബവും ഒരു പൗരോഹിത്യ കുടുംബമായിരുന്നു. ഖുമിലെ സെമിനാരിയിലാണ് ഖമനേയി മതപഠനം നടത്തിയത്. ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാട്ടം നടത്തിക്കൊണ്ടാണ് ഖമനേയി എന്ന നേതാവ് രൂപപ്പെട്ടുവരുന്നത്. ജനകീയ പോരാട്ടങ്ങളിൽ പങ്കെടുത്തും പ്രക്ഷോഭങ്ങളെ നയിച്ചും ഖമനേയി പേരെടുത്തു, രാഷ്ട്രീയമായി സജീവമായി. ഷായ്ക്കെതിരേ 1979ലെ ഇസ്ലാമിക വിപ്ലവത്തെ നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമെയ്നിയുടെ വിശ്വസ്തനായിരുന്നു ഖമനേയി. അമേരിക്ക പിന്തുണച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ ശിക്ഷാനടപടികൾക്ക് പലകുറി ഖമനേയിയും വിധേയനായിട്ടുണ്ട്. പലതവണ രഹസ്യ പോലീസ് ഖമനേയിയെ തടവിലാക്കി, പുറത്തിറങ്ങിയാലും നിരന്തരം പോലീസ് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഇസ്ലാമിക വിപ്ലവത്തിൽ റൂഹുള്ള ഖമനേയിക്കൊപ്പം അലി ഖമനേയിയും നേതൃത്വം നൽകി. ഷാ ഭരണകൂടത്തിന്റെ അട്ടിമറിക്കു ശേഷം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അധകാരശ്രേണിയിലെ പ്രധാനിയായ ഖമനേയി മാറി. ഭരണകൂടത്തിൽ ഉയർന്ന മതാടിസ്ഥാന പദവികൾ ഇല്ലാതിരുന്നിട്ടും ഇറാൻ സൈന്യം, ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണം അതിവേഗത്തിൽ ഖമനേയിയിലേക്കെത്തി. 1981ൽ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി. 1989-ൽ ഇറാൻ പ്രസിഡന്റായിരിക്കെയാണ് അദ്ദേഹം പരമോന്നത നേതാവായി ചുമതലയേറ്റത്. നിലവിൽ 35 വർഷമായി അലി ഖമനേയിയാണ് ഇറാന്റെ പരമോന്നത നേതാവ്. പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാഷ്ട്രത്തലവനാണ് അദ്ദേഹം.

ഇറാനും പരമോന്നത നേതാവും

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയർന്ന മത-രാഷ്ട്രീയ അധികാരസ്ഥാനമാണിത്. പ്രസിഡന്റിനു മുകളിലാണ് ഇറാനിൽ പരമോന്നത നേതാവിന്റെ സ്ഥാനം. ഇറാന്റെ ഭരണഘടന അനുസരിച്ച്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 'പൊതുനയങ്ങൾ' തീരുമാനിക്കുന്നത് പരമോന്നത നേതാവാണ്. അതുമാത്രമല്ല രാജ്യത്തെ സംബന്ധിച്ചും വിദേശനയങ്ങൾ സംബന്ധിച്ചുമെല്ലാമുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പരമോന്നത നേതാവാണ്. സായുധസേനയുടെ കമാൻഡർ-ഇൻ-ചീഫ് പദവിയും പരമോന്നത നേതാവിനാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ-സുരക്ഷാ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ, ജുഡീഷ്യൽ സംവിധാനം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവയെല്ലാം പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെകമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിന് അധികാരമുണ്ട്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാർഡിയൻ കൗൺസിൽ ഉൾപ്പെടെ പ്രധാന സർക്കാർ സംവിധാനങ്ങളും പരമോന്നത നേതാവിനു കീഴിൽ തന്നെ. കൗൺസിൽ ഓഫ് ഗാർഡിയൻസിലെ 12 അംഗങ്ങളിൽ ആറു പേരെയും പരമോന്നത നേതാവാണ് തിരഞ്ഞെടുക്കുന്നത്. പാർലമെന്റ്പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഏത് സ്ഥാനാർഥികളെ പൊതുസ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കാൻ യോഗ്യരാണെന്ന് നിർണയിക്കുന്നതും പരമോന്നത നേതാവ് തന്നെയാണ്. സർക്കാരിന്റെ വിവിധ മേഖലകളുടെ ഭാഗമായ ഏകദേശം 2,000 പ്രതിനിധികൾ വഴിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

1979ൽ ഇസ്ലാമിക വിപ്ലവത്തിനു ശേഷമാണ് പരമോന്നത നേതാവ് എന്ന പദവി രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമാകുന്നത്. ഇസ്ലാമിക വിപ്ലവത്തിനും പഹ്ലവി രാജവംശത്തിന്റെ പതനത്തിനും പിന്നാലെ ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. ഇറാന്റെ ചരിത്രത്തിൽ ഇതുവരെ രാജ്യത്തിന് രണ്ട് പരമോന്നത നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാമിക് വിപ്ലവത്തിനു ശേഷം അധികാരമേറ്റെടുത്ത റൂഹുള്ള ഖമനേയിയായിരുന്നു ആദ്യത്തെ പരമോന്നത നേതാവ്. 1989-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. റൂഹുള്ളയ്ക്ക് ശേഷം അലി ഖമനേയി ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ടേപ്പ് റെക്കോർഡർ പൊട്ടിത്തെറിച്ച് നഷ്ടമായ വലതുകൈ

1981ൽ നടന്ന വധശ്രമത്തിൽ തലനാരിഴയ്ക്കാണ് ഖമനേയി രക്ഷപ്പെട്ടത്. ടേപ്പ് റെക്കോർഡറിനുള്ളിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ജൂൺ 27-ന് ടെഹ്റാനിലെ അബുസാർ മസ്ജിദിൽ വെച്ചാണ് ആക്രമണം നടന്നത്. അന്ന് ആയത്തൊള്ള ഖൊനേിയുടെ പ്രധാന സഹായിയും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ഖമനേയി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഒരു യുവാവ് അദ്ദേഹത്തിന്റെ മുന്നിലുള്ള മേശപ്പുറത്ത് ഒരു ടേപ്പ് റെക്കോർഡർ കൊണ്ടുവെച്ചു. ഏകദേശം ഒരു മിനിറ്റിനു ശേഷം അത് ഒരു വിസിൽ ശബ്ദം പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ടേപ്പ് റെക്കോർഡിനുള്ളിൽ ഒരു ചെറിയ സന്ദേശവുമുണ്ടായിരുന്നു, അതിൽ 'ഇസ്ലാമിക് റിപ്പബ്ലിക്കിന് ഫോർഖാൻ ഗ്രൂപ്പിന്റെ സമ്മാനം' എന്നാണ് എഴുതിയിരുന്നത്. ഇറാനിലെ തീവ്രസംഘടനയായിരുന്നു ഫോർഖാൻ. 

ഈ ആക്രമണത്തിൽ ഖമനേയിക്ക് ഗുരുതരമായി പരിക്കുകളേറ്റു. കൈക്കും നെഞ്ചിനും മുഖത്തും സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടില്ലെന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ നിരവധി അടിയന്തര ശസ്ത്രക്രിയകൾക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. എന്നാൽ വലതുകൈ പൂർണമായും തളർന്നുപോയി. വലത് ചെവിയുടെ കേൾവി ശക്തിയും ഭാഗികമായി ഇല്ലാതായി. ആ സംഭവത്തോടെ അദ്ദേഹം പൂർണമായും ഇടംകൈയനായി മാറി. പൊതുസ്ഥലങ്ങളിൽ തന്റെ വലത് കൈ റോബയ്ക്കുള്ളിൽ മറച്ചുവെച്ചാണ് അദ്ദേഹം പിന്നീട് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

നിഴൽ യുദ്ധത്തിന്റെ സൂത്രധാരൻ

ആരാലും ചോദ്യം ചെയ്യപ്പെടാത്ത തരത്തിലാണ് പരമോന്നത നേതാവ് എന്ന പദവി ഖമനേയി കയ്യാളിയത്. രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും മധ്യപൂർവദേശമാകെ ഇസ്രയേൽ -യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനേയി കരുത്തനായി വളരുകയായിരുന്നു. 40 വർഷം കൊണ്ട് പകരക്കാരനില്ലാത്ത നേതാവായി അദ്ദേഹം മാറി. പ്രസിഡന്റുമാരെയും സൈന്യത്തെയും നിയമസംവിധാനങ്ങളെപ്പോലും ഖമനേയി അടക്കിഭരിച്ചു. ആണവ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ അത് ചുറ്റുമുള്ള രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കി. ഇറാനെ അനുകൂലിക്കുന്ന സംഘടനകളെ ഒപ്പം നിർത്തിക്കൊണ്ട് പ്രാദേശിക പ്രോക്സി ശൃംഖല കെട്ടിപ്പടുത്തതിനു പിന്നിൽ ഖമനേയിക്ക് ശക്തമായ പങ്കുണ്ട്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂത്തിക്കും ഇറാഖിലെയും സിറിയയിലെയും വിവിധ സായുധസംഘങ്ങൾക്കും സാമ്പത്തികസഹായവും ആയുധവും നൽകുന്നതിന്റെ പേരിൽ ഇറാനും ഖമനേയിയും ചിലരാൽ സ്വീകാര്യരാവുകയും മറ്റുചിലരാൽ അനഭിമതരാവുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെ നടത്തുന്ന ഈ നിഴൽയുദ്ധങ്ങൾ ഇതുവരെയും നേരിട്ടുള്ള പോരാട്ടത്തിലേക്ക് എത്തിയിരുന്നില്ല. പക്ഷെ ഇസ്രയേലിനെയും അമേരിക്കയെയും സൗദി അറേബ്യയെയും വെല്ലുവിളിക്കുന്ന തലത്തിലേക്കെത്തിയിരുന്നു. സായുധസംഘങ്ങളെ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങൾക്കൊപ്പം ഇറാന്റെ ആണവപരിപാടികൾ, സുരക്ഷാഭീഷണി തുടങ്ങിയ കാരണങ്ങളാലുമാണ് ഇപ്പോൾ ഇറാൻ ഇസ്രയേലിന്റെ ആക്രമണത്തിനിരയായത്.

ഇറാൻ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ സ്ഥാനവും പ്രാദേശിക തന്ത്രങ്ങളും രൂപപ്പെടുത്തിയത് ഈ പ്രോക്സി സംഘങ്ങളെയും സമാനതകളില്ലാത്ത യുദ്ധമുറകളെയുമുപയോഗിച്ചാണ്. ഖമനേയിയുടെ നേതൃത്വത്തിലാണ് ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഇറാൻ സഖ്യകക്ഷികളുടെയും സായുധസംഘങ്ങളുടെയും ശക്തമായ ശൃംഖല വളർത്തിയെടുത്തത്. അമേരിക്ക, ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പ്രധാനപ്പെട്ട പങ്കുവഹിച്ചതും ഈ സായുധസംഘങ്ങളുടെ സ്വാധീനം തന്നെ. പക്ഷെ ജൂൺ 13ന് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത പ്രഹരം ഈ തന്ത്രങ്ങൾക്കേറ്റ തിരിച്ചടിയായി. പ്രധാന സൈനിക, ആണവ കേന്ദ്രങ്ങൾ ഇസ്രയേലിന്റെ ലക്ഷ്യമാവുകയും പ്രധാനപ്പെട്ട പലരും കൊല്ലപ്പെടുകയും ചെയ്തു.

തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സിവിലിയൻ ആവശ്യങ്ങൾക്കാണെന്ന് ഇറാൻ ശഠിക്കുമ്പോഴും അമേരിക്കയുൾപ്പെടുന്ന പാശ്ചാത്യ ഗവൺമെന്റുകൾക്കും ഇസ്രയേലിനും അത് വിശ്വസിക്കാൻ കഴിയില്ലായിരുന്നു. ഇസ്ലാമിക നിയമപ്രകാരം ആണവായുധങ്ങൾ നിഷിദ്ധമാണെന്ന് ഖമനേയി 2003-ൽ പുറപ്പെടുവിച്ച ഫത്വ നിലവിലുണ്ടെങ്കിലും ഇറാൻ ആണവായുധ ശേഷിയിലേക്ക് അടുക്കുകയാണെന്ന സംശയമാണ് ഇപ്പോഴും നിലനിൽക്കുന്നത്.ഖമനേയിയൂടെ കൊലപാതകത്തിലേക്ക് നയിച്ചതും അതുതന്നെ.

ഖമനേയിയും ട്രംപും

ആശയങ്ങളിൽ നിന്ന് അണുവിട പോലും വ്യതിചലിക്കാത്ത രീതിയും തന്ത്രപരമായ പ്രായോഗികവാദവും കൂട്ടിയിണക്കിയതാണ് ഖമനേയിയുടെ നേതൃശൈലി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അമേരിക്കയുമായി കരാറുകളിലേർപ്പെടുന്നുണ്ടെങ്കിലും അവരെ എപ്പോഴും സംശയത്തിന്റെ നിഴലിലായിരുന്നു ഇറാൻ നിലനിർത്തിയിരുന്നത്. അതേസമയം ഇറാന്റെ നിലനിൽപ്പ് അപകടത്തിലാകുമ്പോൾ അമേരിക്കയ്ക്ക് വഴങ്ങാനും തയ്യാറായിട്ടുണ്ട്. അതിന് ഉദാഹരണമാണ് ഇറാഖ് യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തലും അമേരിക്കയുൾപ്പെടെ ആറ് രാജ്യങ്ങളുമായി ചേർന്നുള്ള ആണവകരാറും. എട്ട് വർഷത്തെ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം 1988-ലാണ് ഖമനേയി വെടിനിർത്തൽ നടപ്പിലാക്കാമെന്ന തീരുമാനം കൈക്കൊണ്ടത്.ആറ് ലോക ശക്തികളുമായി 2015-ലാണ് ഇറാൻ ആണവകരാറുണ്ടാക്കിയത്. ഇറാന്റെ സമ്പദ് വ്യവസ്ഥ സ്ഥിരപ്പെടുത്താനും അധികാരത്തിലുള്ള പിടി മുറുക്കാനും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയുംസാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് ഇളവ് വേണമെന്ന് ഖമനേയി കണക്കുകൂട്ടിയിരുന്നു.

2018ൽ ട്രംപ് ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയപ്പോൾ ഇറാൻ ഇതിനോട് പ്രതികരിച്ചത് ആണവപദ്ധതിക്കു മേൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളെയും ലംഘിച്ചുകൊണ്ടാണ്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കുകയും 2020ൽ കരാറിൽ നിന്ന് പിന്മാറുകയും ചെയ്തു. എങ്കിലും ഇക്കഴിഞ്ഞ മാർച്ച് മുതൽ ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ്. പുതിയ ആണവ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു കത്ത് ഖമനേയിക്ക് അയച്ചതായി ട്രംപ് മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു. ഏപ്രിലിൽ ആദ്യ ചർച്ച മസ്‌ക്കറ്റിൽ വച്ച് നടത്തിയെങ്കിലും അത് ഫലവത്തായില്ല. അടുത്തവട്ട ചർച്ചകൾ നടക്കാനിരിക്കെയായിരുന്നു ഇറാനുനേരെയുള്ള ഇസ്രയേലിന്റെ ആക്രമണം. അതോടെ ചർച്ചകളും വഴിമുട്ടി. ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

ആരാവും അടുത്ത പരമോന്നത നേതാവ്?

ഖമനേയിയുടെ കൊലപാതകത്തോടെ രാജ്യം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ട സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. ആക്രമണത്തിൽ തകർന്ന, മുതിർന്ന മതനേതാക്കളുൾപ്പെടെ കൊല്ലപ്പെട്ട ഒരു രാജ്യത്തെ അടുത്ത പരമോന്നത നേതാവാകാൻ യോഗ്യത ആർക്കാണെന്നതാണ് ചോദ്യം. ഇറാന്റെ ചരിത്രം പരിശോധിച്ചാൽ ആ തിരഞ്ഞെടുപ്പ് ഏറെ സങ്കീർണമായ പ്രക്രിയയാണ് മനസ്സിലാക്കാം.

88 അംഗങ്ങളുള്ള ഒരു പാനലാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. അസംബ്ലി ഓഫ് എക്‌സ്‌പേർട്ട് എന്നാണ് ഈ പാനലിനെ പറയുന്നത്. തിരഞ്ഞെടുക്കുന്നതു പോലെ പരമോന്നത നേതാവിന് ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള അവകാശവും ഈ പാനലിനുണ്ടെങ്കിലും ചരിത്രത്തിൽ ഇതുവരേയും അത് സംഭവിച്ചിട്ടില്ല. എട്ട് വർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഷിയ പുരോഹിതരാണ് ഈ പാനലിലുള്ള 88 അംഗങ്ങളും. ഷിയ പുരോഹിതരുടെ സ്ഥാനാർത്ഥിത്വം ഇറാനിലെ ഭരണഘടനാ നിരീക്ഷകരായ ഗാർഡിയൻ കൗൺസിൽ ആണ് അംഗീകരിക്കുന്നത്. ഇറാനിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് പേരുകേട്ട ഒരു സ്ഥാപനമാണ് ഗാർഡിയൻ കൗൺസിൽ. അസംബ്ലി ഓഫ് എക്‌സ്‌പേർട്ടും ഇതിൽ വ്യത്യസ്തമല്ല. 2015-ൽ ലോക രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പുവെച്ച മിതവാദിയായ മുൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ 2024ൽ ഗാർഡിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു.

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ കാലതാമസം നേരിടുകയാണെങ്കിൽ താൽക്കാലിക നേതൃസമിതിക്ക് ചുമതലകൾ ഏറ്റെടുക്കാനാകും. എക്‌സ്‌പേർട്ട് അസംബ്ലി എത്രയും പെട്ടന്ന് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. കാലതാമസം നേരിട്ടാൽ, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഒരു നേതൃ സമിതിക്ക് താല്ക്കാലികമായി എല്ലാ നേതൃത്വ ചുമതലകളും ഏറ്റെടുക്കാം. രാജ്യത്തിന്റെ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിലെ ഒരംഗം എന്നിവരും അസംബ്ലി എക്‌സ്‌പേർട്ട് പാനലിലുണ്ടാവും. പരോമന്നത നേതാവും ഇറാൻ പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരനായി പ്രവർത്തിക്കുന്നതും ഈ അസംബ്ലിയാണ്. അതായത് പ്രസിഡന്റായ മസൂദ് പെസഷ്‌കിയാൻ, ജുഡീഷ്യറി തലവൻ ഘോലാം ഹോസൈൻ മോഹ്‌സെനി എജെയി എന്നിവർ നിലവിലെ അംസംബ്ലിയിൽ അംഗങ്ങളാണ്.

ഖമനേയിക്ക് പകരം മകൻ എത്തുമോ?

പരമോന്നത നേതാവായി ആര് എത്തുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ സജീവമായിക്കഴിഞ്ഞു. എന്നാൽ അതുമായി ബന്ധപ്പെട്ട് നടക്കുന്ന മതപുരോഹിതരുടെ ചർച്ചകളും അതിലെ 'രാഷ്ട്രീയ തന്ത്രങ്ങളും' നിഗൂഢമായിരിക്കും. ഖമനിയുടെ ശിഷ്യനും തീവ്രനിലപാടുകാരനുമായ പ്രസിഡന്റ് ഇബ്രാഹിം റയീസി ഈ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു, അത് ഏറെക്കുറേ ഉറപ്പുമായിരുന്നു. എന്നാൽ 2024 മെയ് മാസത്തിലുണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.

ഈ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് ഖമനേയിയുടെ മകനും ഷിയാ പുരോഹിതനുമായ 56 വയസ്സുകാരൻ മൊജ്തബ ആണ്. ഈ സ്ഥാനത്തേക്ക് മുൻതൂക്കമുള്ളത് അദ്ദേഹത്തിന് തന്നെ. പക്ഷെ ഇതുവരെ ഒരു ഭരണപദവികളും വഹിച്ച അനുഭവപരിചയം അദ്ദേഹത്തിനില്ല. അലി ഖമനേയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മൊജ്തബ ഖമനേയി. 1969-ൽ മഷ്ഹദിലാണ് മുജ്തബയുടെ ജനനം. 1987-ൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി(ഐ.ആർ.ജി.സി.)ൽ ചേർന്നു. ഐ.ആർ.ജി.സിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. ഇറാൻ സർക്കാരിൽ പദവികളോ മതപരമായ പ്രധാന സ്ഥാനങ്ങളോ വഹിക്കുന്നില്ലെങ്കിലും ഖമനേയിയുടെ ഓഫിസിൽ വലിയ സ്വാധീനം മുജ്തബയ്ക്കുണ്ട്. പൊതുവേദികളിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി മുജ്തബ ഖമനേയി ഇറാന്റെ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. 2021-ലാണ് അദ്ദേഹത്തിന് 'ആയത്തുള്ള' പദവി ലഭിക്കുന്നത്. 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെ തകർത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.