പതിവ് ആവേശവും പിരിമുറുക്കവുംവിട്ട് ഏറ്റവും പ്രതിലോമകരമായ ചര്‍ച്ചകളിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോഴാണ് അടുത്തകാലത്തായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമൊന്നുമല്ലാത്ത, എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന ഒരുവാര്‍ത്ത ഹരിയാണയില്‍നിന്ന് വന്നത്. ബി.ജെ.പി. സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു എന്നതായിരുന്നു അത്. സമാനസാഹചര്യം അടുത്ത കാലത്തായി പലസംസ്ഥാനങ്ങളില്‍ കണ്ടുവന്നെങ്കിലും ബി.ജെ.പി. സര്‍ക്കാരിനെതിരായാണ് ഈ നീക്കമെന്നതായിരുന്നു ആശ്ചര്യപ്പെടുത്തുന്ന ഘടകം. പിന്നീടുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങള്‍ക്ക്, സമാനസാഹചര്യം മുമ്പുണ്ടായ സംസ്ഥാനങ്ങളിലേതുപോലെ വേഗവും ആവേശവുമൊന്നുമുണ്ടായില്ലെങ്കിലും അപ്രതീക്ഷിതവും എന്നാല്‍ ചടുലവുമായ നീക്കങ്ങള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്, ഹരിയാണ. ബി.ജെ.പി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസും മാസങ്ങള്‍ മുമ്പ് മാത്രം സഖ്യമുപേക്ഷിച്ചുവന്ന ജനനായക് ജനതാ പാര്‍ട്ടിയും പറയുന്നുണ്ടെങ്കിലും ഒന്നിച്ചാലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇരുവർക്കും കടമ്പകള്‍ ഏറെ കടക്കേണ്ടിയിരിക്കുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങിൽ പാര്‍ട്ടികള്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍തന്നെ സംസ്ഥാന ഭരണം കൈവിട്ടുപോകാതിരിക്കാന്‍ ഒരുഭാഗവും കൈപ്പിടിയിലൊതുക്കാന്‍ മറുഭാഗവും തിരക്കിട്ട നീക്കങ്ങളിലാണ്.
മൂന്നായിരുന്നില്ല ലക്ഷ്യം
ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടികളെല്ലാം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായുണ്ടായ 'ഹരിയാണ പ്രതിസന്ധി'യുടെ പിന്നില്‍ കോണ്‍ഗ്രസ് സഭാകക്ഷിനേതാവായ ഭൂപീന്ദര്‍ ഹൂഡയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബി.ജെ.പിക്കൊപ്പമുള്ള നാല് എം.എല്‍.എമാരെ ഒപ്പമെത്തിക്കാനായിരുന്നു ഹൂഡയുടെ നീക്കം. വ്യക്തിപരമായി കണ്ട് സംസാരിച്ചായിരുന്നു ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, രഹസ്യസ്വഭാവമുള്ള ചര്‍ച്ചകളുടെ വിവരം ചോര്‍ന്നതോടെ ധാരണയിലെത്തിയ മൂന്നുപേരുമായി റോഹ്തക്കില്‍ അടിയന്തര വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു.
90 അംഗ നിയമസഭയില്‍ 42 എം.എല്‍.എമാരായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. ലോക്സഭയിലേക്ക് മത്സരിക്കുന്ന മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെയും മന്ത്രിയായിരുന്ന രഞ്ജിത് ചൗട്ടാലയുടേയും രാജിയെത്തുടര്‍ന്ന് കര്‍ണാല്‍, റാനിയ മണ്ഡലങ്ങള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ സഭയുടെ അംഗബലം 88 ആയി. ഇതില്‍ കോണ്‍ഗ്രസിന് 30 എം.എല്‍.എമാരാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ബി.ജെ.പി. സഖ്യം വിട്ട ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാപാര്‍ട്ടിക്ക് 10 പ്രതിനിധികളുണ്ട്. ഹരിയാണ ലോക്ഹിത് പാര്‍ട്ടിക്കും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും ഓരോ എം.എല്‍.എമാര്‍. ആറു സീറ്റുകളില്‍ സ്വതന്ത്രര്‍. ഇതില്‍ മൂന്നുപേരാണ് ബി.ജെ.പി. പിന്തുണ ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. രണ്ടുപേര്‍ ഇപ്പോഴും ബി.ജെ.പിക്കൊപ്പമുണ്ട്. ഒരാള്‍ ഇരുഭാഗത്തിനും പിന്തുണപ്രഖ്യാപിച്ചിട്ടില്ല.
മേയ് 25-ന് ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ് നടക്കുന്ന സംസ്ഥാനത്ത്, ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചത്. സോംബിര്‍ സങ്വാൻ, രണ്‍ധീര്‍ സിങ് ഗോലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മുന്‍മുഖ്യമന്ത്രി കൂടിയായ ഹൂഡയ്ക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച ഇവര്‍, പിന്തുണ പിന്‍വലിക്കാന്‍ നിരവധി കാരണങ്ങളും നിരത്തി. വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷകപ്രക്ഷോഭവും മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങളും മൂവരും കാരണങ്ങളായി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഖട്ടര്‍ സര്‍ക്കാരിനായിരുന്നു പിന്തുണ പ്രഖ്യാപിച്ചതെന്നും, 'ഞങ്ങളുടെ സേനാപതി ഇറങ്ങിപ്പോയപ്പോള്‍ ഞങ്ങള്‍ക്ക് വേദനിച്ചു'വെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

ഇറങ്ങിക്കളിക്കുന്ന ഹൂഡ
എതിര്‍ പാര്‍ട്ടികള്‍ക്കെതിരേ നടത്തിയതിനേക്കാള്‍ ഉള്‍പ്പാര്‍ട്ടി പോരുകള്‍കൊണ്ട് പ്രശസ്തനാണ് തുടര്‍ച്ചയായി രണ്ടുതവണ ഹരിയാണ മുഖ്യമന്ത്രിയായ ഭൂപീന്ദര്‍ സിങ് ഹൂഡ. ഹൈക്കമാന്‍ഡിനോട് കലഹിക്കാന്‍ ഒട്ടും മടിയില്ലാത്ത നേതാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദംചെലുത്തി പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയ, നീണ്ടനാളത്തെ കോണ്‍ഗ്രസ് വേരുകളുള്ള അശോക് തന്‍വര്‍ ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ്. അന്ന് പ്രതിപക്ഷ നേതാവായ കിരണ്‍ ചൗധരിയേയും ഹൂഡയുടെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസ് മാറ്റി. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ സമൂലമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ജി- 23 സംഘത്തില്‍പ്പെട്ട നേതാവാണ് ഹൂഡ. ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ, നേതൃത്വത്തെ വെല്ലുവിളിച്ച് അദ്ദേഹത്തെ കണ്ട മൂന്നുപേരില്‍ ഒരാള്‍. അതേസമയം, അടിയന്തരഘട്ടങ്ങളില്‍ എ.ഐ.സി.സി. നിരീക്ഷകനാക്കിയും ഹൈക്കമാന്‍ഡ് ഹൂഡയില്‍ വിശ്വാസമര്‍പ്പിക്കാറുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ വിമതഭീഷണിയെ നേരിടാന്‍ ഡി.കെ. ശിവകുമാറിനൊപ്പം കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശിലേക്ക് അയച്ചത് ഹൂഡയെയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയില്‍, ഒരുപോരാട്ടത്തിന് കൂടി തനിക്ക് ബാല്യമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് 76-കാരനായ ഹൂഡ. 'എല്ലാകാര്യവും നിങ്ങളോട് പറയേണ്ടതില്ല', എന്നായിരുന്നു സ്വതന്ത്രര്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ ഹരിയാണ രാഷ്ട്രീയപ്രതിസന്ധിയുടെ പശ്ചാലത്തില്‍, കൂടുതല്‍ എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് ഹൂഡയുടെ പ്രതികരണം. മറ്റ് സ്വതന്ത്ര എം.എല്‍.എമാരുമായി ഹൂഡ ബന്ധപ്പെടുന്നുണ്ടെന്നാണ് ഹരിയാണയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദുഷ്യന്ത് ചൗട്ടാലയോട് വിധേയക്കുറവുള്ള ജെ.ജെ.പി. എം.എല്‍.എമാരേയും ഒപ്പം നിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബി.ജെ.പിയും ഇവരെ ലക്ഷ്യമിടുന്നത് ആ ദിശയിലുള്ള നീക്കം ദുഷ്‌കരമാക്കും. എന്നാല്‍, ജൂണ്‍ നാലുവരെ കാത്തിരിക്കൂവെന്നും പല ബി.ജെ.പി. എം.എല്‍.എമാര്‍ തന്നെയും കൂടെപ്പോരുമെന്നാണ് കോണ്‍ഗ്രസിനൊപ്പം പോയ സ്വതന്ത്രരില്‍ ഒരാള്‍ പറഞ്ഞത്. ഒരു വെടിയില്‍ ഹൂഡ ലക്ഷ്യമിടുന്നത് നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനെ മാത്രമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് കൂടെ അടുത്തുവരുന്ന സാഹചര്യത്തില്‍ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്ന കുമാരി ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല, കിരണ്‍ ചൗധരി എന്നീ കോണ്‍ഗ്രസ് നേതാക്കളേയും കൂടിയാണ്.

'അത് പ്രതീക്ഷിച്ചതല്ല'
മാര്‍ച്ചിലാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യം ഉപേക്ഷിക്കുന്നതെങ്കിലും അതിന് മുമ്പേതന്നെ ഇരുഭാഗവും പലപ്പോഴായി, പല വിഷയങ്ങളില്‍ രണ്ടുതട്ടിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലെ നൂഹ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാലയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പലപ്പോഴും രണ്ടുതട്ടില്‍ നില്‍ക്കുന്ന പരസ്യപ്രസ്താവനകള്‍ തന്നെ നടത്തിയിരുന്നു. ആരും നിര്‍ബന്ധിച്ചിട്ടല്ല, അമിത് ഷായുമായടക്കം നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന കാഴ്ചപ്പാടിനെത്തുടര്‍ന്നാണ് ബി.ജെ.പിക്കൊപ്പം തങ്ങള്‍ സഖ്യത്തിലെത്തിയതെന്ന് ചൗട്ടാല ഓര്‍മിപ്പിച്ചിരുന്നു. വെറുതെയല്ല, മന്ത്രിസ്ഥാനം നല്‍കിയാണ് ജെ.ജെ.പിയെ ഒപ്പം കൂട്ടിയതെന്ന് ഹരിയാണയുടെ ചുമതലുണ്ടായിരുന്ന ബിപ്ലക് കുമാര്‍ ദേബ് അവകാശപ്പെട്ടപ്പോള്‍, പകരം തങ്ങള്‍ ബി.ജെ.പിയുടെ രാജ്യസഭാ- രാഷ്ട്രപതി സ്ഥാനാര്‍ഥികളെ പിന്തുണച്ചുവെന്ന് ജെ.ജെ.പിയും തിരിച്ചടിച്ചു.
ഹരിയാണയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ജെ.ജെ.പി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാവട്ടെ നഗരമണ്ഡലങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്ന സൂചന മാസങ്ങള്‍ക്കുമുമ്പേ തന്നെ ബി.ജെ.പി. നല്‍കിയിരുന്നു. മറ്റിടങ്ങളിലെല്ലാം എന്‍.ഡി.എ. വികസനത്തിന് ശ്രമിക്കുന്ന ബി.ജെ.പി. പക്ഷേ ഹരിയാണയില്‍ ആ താത്പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞതവണ പത്തില്‍ പത്തും ജയിച്ച സംസ്ഥാനത്ത് ഇത്തവണയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. 400-ല്‍ കൂടുതല്‍ സീറ്റുകള്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുമ്പോള്‍, സിറ്റിങ് സീറ്റുകളില്‍ ഒരുവീട്ടുവീഴ്ച ചിന്തിക്കുന്നതുപോലും ബി.ജെ.പിക്ക് അസാധ്യമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്ത് എത്തിയ കേന്ദ്രആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ പ്രധാനതിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ അമിത് ഷാ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലും താമര വിരിയുമെന്ന് പ്രഖ്യാപിച്ചതോടെ ജെ.ജെ.പിക്ക് കൃത്യമായ സൂചന ലഭിച്ചിരുന്നു. സഖ്യമായി മത്സരിക്കുമ്പോള്‍ രണ്ട് സീറ്റ് വേണമെന്നായിരുന്നു ജെ.ജെ.പിയുടെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിയാണ് ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഹിസാര്‍, ഭിവാന- മഹേന്ദ്രഗഢ് സീറ്റുകളായിരുന്നു ലക്ഷ്യം. എന്നാല്‍, ആവശ്യം ബി.ജെ.പി. തള്ളിയതോടെ സര്‍ക്കാരിനുള്ള പിന്തുണ ജെ.ജെ.പി. പിന്‍വലിച്ചു.
മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്നതും ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്തുണ ജെ.ജെ.പി. പിന്‍വലിക്കുന്നതും ഒരുമിച്ചായിരുന്നു. ബി.ജെ.പി. ജനപ്രതിനിധികളുടെ യോഗത്തിനുശേഷം ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള നേതാവായ, സംസ്ഥാന അധ്യക്ഷന്‍ നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇതേസമയം, ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ തന്റെ എം.എല്‍.എമാരെ കൂട്ടി പാര്‍ലമെന്ററി യോഗം വിളിച്ചു. പങ്കെടുത്തത് ആകെ അഞ്ചുപേര്‍ മാത്രം. വിട്ടുനിന്ന നാലുപേര്‍ ചണ്ഡിഗഡില്‍ സൈനി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു.

അന്ന് ബി.ജെ.പിയുമായി അകന്ന ദുഷ്യന്ത് ചൗട്ടാല സര്‍ക്കാരിനെതിരായ നീക്കത്തില്‍ ഇന്ന് തങ്ങളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് ഒട്ടും പ്രതീക്ഷിച്ചതല്ല. സ്വതന്ത്രര്‍ ബി.ജെ.പിയെ കൈവിട്ടപ്പോള്‍ തന്നെ, സര്‍ക്കാരിനെ താഴയിറക്കാനുള്ള ഏത് നീക്കത്തേയും പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് വാഗ്ദാനംചെയ്തു. പിറ്റേന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദുഷ്യന്ത്, ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് കത്തും നല്‍കി. നാലരവര്‍ഷം ബി.ജെ.പി. സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്തിന്റെ വാക്കുകളെ മുഖവിലയ്ക്ക് എടുക്കാന്‍ ഭൂപീന്ദര്‍ ഹൂഡ തയ്യാറല്ല. ബി.ജെ.പിയുടെ ബി. ടീം എന്നാണ് ഹൂഡ ജെ.ജെ.പിയെ വിശേഷിപ്പിക്കുന്നതുപോലും. തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ദുഷ്യന്തിനോട് ആദ്യം സ്വന്തം എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പിക്കാനായിരുന്നു ഹൂഡയുടെ ഉപദേശം. നിങ്ങളുടെ എം.എല്‍.എമാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. അവരെല്ലാം കേടുകൂടാതെയുണ്ടോയെന്ന് ആദ്യം വിശകലനംചെയ്യണമെന്നും ഹൂഡ പ്രതികരിച്ചു.
തിരിച്ചു പണിയുന്ന ബി.ജെ.പി.
സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ, യാതൊരു പ്രതിസന്ധിയുമില്ലെന്നാണ് ബി.ജെ.പി. അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് നിലവില്‍ ഒപ്പമുള്ള എം.എല്‍.എമാരുടെ പിന്തുണയില്‍ മാത്രം പ്രതീക്ഷ അര്‍പ്പിച്ചല്ല. ശക്തിതെളിയിക്കേണ്ട സാഹചര്യം വന്നാല്‍ എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഒപ്പമെത്തിക്കാമെന്ന വിശ്വാസത്തില്‍ കൂടിയാണിത്. കോണ്‍ഗ്രസ് എം.എല്‍.എമാരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ഖട്ടര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വലിയ വിയര്‍പ്പൊഴുക്കാതെ കൂടുതല്‍പേരെ ഒപ്പമെത്തിക്കാവുന്നത് ജെ.ജെ.പിയെ പിളര്‍ത്തിയാലാണെന്ന് ബി.ജെ.പിക്കറിയാം.
പ്രാദേശികപാര്‍ട്ടികളുടെ ഒപ്പം കൂടി അവര്‍ക്ക് മുകളില്‍ വളര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറുകയെന്ന തന്ത്രം കാലങ്ങളായി ബി.ജെ.പി. പരീക്ഷിച്ചുപോരുന്നതാണ്. ഇവിടെ നേരത്തെ ഒപ്പം നിര്‍ത്തിയ ജെ.ജെ.പിയെ നിലനില്‍പ്പിനായി പിളര്‍ത്താമെന്നാണ് ബി.ജെ.പി. കരുതുന്നത്. കുഴിക്കാനെളുപ്പമുള്ള നനഞ്ഞമണ്ണ് ജെ.ജെ.പിയില്‍ നേരത്തേയുണ്ട് താനും.
ഖട്ടറിന്റെ രാജിക്ക് പിന്നാല ദുഷ്യന്ത് ചൗട്ടാല വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്ന നാലുപേരിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇവരില്‍ മൂന്നുപേരുമായി ഖട്ടര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. സൈനി മന്ത്രിസഭയിലെ അംഗമായ മഹിപാല്‍ ഢംഡയുടെ പാനിപത്തിലെ വീട്ടില്‍വെച്ചാണ് ഖട്ടര്‍ ജെ.ജെ.പി. എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
പത്ത് ജെ.ജെ.പി. എം.എല്‍.എമാരില്‍ രണ്ടുപേര്‍ ചൗട്ടാല കുടുംബാംഗങ്ങളാണ്. ദുഷ്യന്തിന് പുറമേ, അമ്മ നൈന ചൗട്ടല. പാര്‍ട്ടിയിലെ എട്ടുപേര്‍ ദുഷ്യന്തിന് എതിരാണെന്നും ഇവരുടെ പിന്തുണയില്ലാതെ എങ്ങനെ, വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കാന്‍ സാധിക്കുമെന്ന ചോദ്യവുമായി മുന്‍മന്ത്രി കൂടിയായ ദേവേന്ദര്‍ ബബ്ലി രംഗത്തെത്തിയിരുന്നു. ദുഷ്യന്തിന് അമ്മയുടെ പിന്തുണ മാത്രമുള്ളത് എന്നാണ് അവരുടെ അവകാശവാദം. ദുഷ്യന്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ പുറത്താക്കുമെന്നും ബബ്ലി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ബബ്ലിയുടെ അവകാശവാദം തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദുഷ്യന്തിന്റെ സഹോദരനുമായ ദിഗ്‌വിജയ് സിങ് ചൗട്ടാല എത്തി. എട്ട് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന വാദം മറ്റൊരു എം.എല്‍.എ. അമര്‍ജീത് ഢംഡയും തള്ളി. അതേസമയം, ബബ്ലിക്ക് പുറമേ ജോഗി രാം സിഹാഗ്, രാം കുമാര്‍ ഗൗതം, രാം നിവാസ് സുര്‍ജാഖേഡ എന്നിവര്‍ ദുഷ്യന്തിന് ഒപ്പമില്ലെന്നും ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് വിവരം. ഇതില്‍ രാം കുമാര്‍ ഗൗതം ഒഴികയുള്ളവര്‍ സൈനി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഈശ്വര്‍ സിങ്ങിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്, അദ്ദേഹം ആര്‍ക്കൊപ്പമാണെന്ന വ്യക്തതയില്ലായ്മ രാഷ്ട്രീയകേന്ദ്രങ്ങളില്‍ ആകാംക്ഷ ഉണര്‍ത്തുന്നു.
ജോഗി രാം സിഹാഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാറിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജെ.ജെ.പിയും ജനവിധി തേടുന്ന ഹിസാറില്‍ നൈന ചൗട്ടാലയാണ് അവരുടെ സ്ഥാനാര്‍ഥി. ദേശീയതാത്പര്യം മുന്‍നിര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനുമായാണ് പിന്തുണപ്രഖ്യാപിക്കുന്നതെന്ന് രാം സിഹാഗ് അന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി പദവികളില്‍നിന്ന് വിടുതല്‍ തേടി രാം സിഹാഗ് അതിന് മുമ്പേ തന്നെ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, സിഹാഗ് ജെ.ജെ.പി. ചിഹ്നത്തിലാണ് മത്സരിച്ചുജയിച്ചതെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കുമെന്നായിരുന്നു ദുഷ്യന്തിന്റെ മുന്നറിയിപ്പ്. രാം സിഹാഗിന് പിന്നാലെ രാം നിവാസ് സുര്‍ജാഖേഡയും ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഖട്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഭാവി കാര്യങ്ങള്‍ തന്റെ അനുയായികളുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും അറിയിച്ചു. മറ്റൊരു എം.എല്‍.എ. രാം കുമാര്‍ ഗൗതമാവട്ടെ, ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ദുഷ്യന്ത് സംസ്ഥാന ഖജനാവ് കൊള്ളയടിച്ചുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
മനോഹര്‍ലാല്‍ ഖട്ടറില്‍നിന്ന് നയാബ് സിങ് സൈനിയിലേക്ക്
2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തിലെത്തിയത്. അന്നത്തെ ബി.ജെ.പി. അധ്യക്ഷന്‍ രാം ബിലാസ് ശര്‍മ, മുതിര്‍ന്ന നേതാക്കളായ ക്യാപ്റ്റന്‍ അഭിമന്യു, റാവു ഇന്ദര്‍ജീത് സിങ്, അനില്‍ വിജ്, ഒ.പി. ധന്‍കര്‍ എന്നിവരെ പിന്തള്ളിയാണ് നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായത്. അന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഖട്ടര്‍ ആദ്യമായിട്ടാണ് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്നത്. ഗുജറാത്ത് ബി.ജെ.പിയിലെ കലഹത്തെത്തുടര്‍ന്ന് മോദിയെ ഹരിയാണയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി അയച്ചിരുന്നു. അന്നുമുതലാണ് ഇരുവരും അടുക്കുന്നത്. 40 വര്‍ഷത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തന പരിചയവും ഖട്ടറെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചു. മുഖ്യമന്ത്രിയാവുമ്പോള്‍, അന്ന് സംസ്ഥാനത്തെ ഏറ്റവും കൂടിയ രണ്ടാമത്തെ ഭൂരിപക്ഷവും അദ്ദേഹത്തിനായിരുന്നു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റ് ഒറ്റയ്ക്കുനേടാന്‍ കഴിഞ്ഞില്ലെങ്കിലും ഖട്ടര്‍ വീണ്ടുംമുഖ്യമന്ത്രിയായി. അബ്കി ബാര്‍ പച്ചത്തര്‍ പാര്‍ (ഇത്തവണ 75 കടക്കും) എന്ന മുദ്രാവാക്യവുമായാണ് അന്ന് ഖട്ടര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം അഴിമതിരഹിതവും സുതാര്യവുമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി. മനോഹര്‍ലാല്‍ ഖട്ടറെ വീണ്ടും മുഖ്യമന്ത്രിയാക്കാനിറങ്ങിയത്. തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് സീറ്റും നേടിയ ആത്മവിശ്വാസത്തില്‍, മോദിയെ മുന്‍നിര്‍ത്തിയായിരുന്നു പ്രചാരണം. ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടടക്കം വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഖട്ടര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കിലും അത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്നതില്‍നിന്ന് ബി.ജെ.പിയേയോ വീണ്ടും മുഖ്യമന്ത്രിയാവുന്നതില്‍നിന്ന് ഖട്ടറെയോ തടഞ്ഞില്ല. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ഖട്ടര്‍, രണ്ടുതവണ തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയുമായി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി അനുവദിച്ചില്ല.
കര്‍ഷകപ്രക്ഷോഭവും അതിനെതിരെ നടത്തിയ ഖട്ടറിന്റെ പ്രസ്താവനകളും ഇക്കാലത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. എന്നാല്‍, ഇതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പക്ഷേ പരാജയപ്പെട്ടു. ഇതിനെല്ലാം പിന്നാലെയാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഖട്ടര്‍ രാജിവെക്കുന്നതും സംസ്ഥാന അധ്യക്ഷനായ നയാബ് സിങ് സൈനി മുഖ്യമന്ത്രിയാവുന്നതും. പഞ്ചാബിയായ ഖട്ടറെ മാറ്റി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള സൈനിയെ മുഖ്യമന്ത്രിയാക്കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന പിന്നാക്കവോട്ടുകള്‍ ഏകീകരിക്കാനും ഭരണവിരുദ്ധവികാരം ഇല്ലാതാക്കാനുമാണെന്ന് അന്നേ വിലയിരുത്തപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റുന്ന ബി.ജെ.പിയുടെ പതിവില്‍ 2021 മുതല്‍ ഇത് അഞ്ചാമത്തെ സംഭവമായിരുന്നു. ഗുജറാത്തിലും ഉത്തരാഖണ്ഡിലും ത്രിപുരയിലും ഇത് വിജയിച്ചപ്പോള്‍ കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഇതേനിരയിലേക്കെത്തിയ ഹരിയാണയുടെ വിധി ലോക്‌സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഒക്ടോബറോടെ മാത്രമേ വ്യക്തമാവൂ. ജാട്ട് വിഭാഗത്തില്‍നിന്നുള്ള ഒ.പി. ധന്‍കറെ മാറ്റിയാണ് സൈനി സംസ്ഥാന ബി.ജെ.പി. അധ്യക്ഷനാവുന്നത്. 25 ശതമാനത്തോളം വരുന്ന ജാട്ട് സമൂഹം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെങ്കിലും, ജാട്ടിതരവോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ജാതി സെന്‍സസ് അടക്കം വാഗ്ദാനംചെയ്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനായി കളത്തിലിറങ്ങുമ്പോള്‍ കൂടിയാണ് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ ഹരിയാണയിലും മാറ്റംകൊണ്ടുവന്നത്.

2010-ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനി, അത്തവണ പരാജയപ്പെട്ടു. 2014-ല്‍ നാരായിന്‍ഗഡില്‍നിന്ന് 24,000-ത്തിലേറെ വോട്ടിന് ജയിച്ച് എം.എല്‍.എയും മന്ത്രിയുമായി. 2019-ലെ തിരഞ്ഞെടുപ്പില്‍ കുരുക്ഷേത്രയില്‍നിന്ന് മത്സരിച്ച് എം.പിയായിരിക്കുമ്പോഴാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും പിന്നീട് മുഖ്യമന്ത്രിയുമാവുന്നത്.
മുതിര്‍ന്ന നേതാവ് അനില്‍ വിജ് അടക്കമുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് സൈനി മുഖ്യമന്ത്രിയായത്. 2014-ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിച്ച തന്നെ ഇരുട്ടില്‍നിര്‍ത്തി സൈനിയെ മുഖ്യമന്ത്രിയാക്കിയെന്ന പരിഭവം അദ്ദേഹത്തിനുണ്ടായിരുന്നു. സൈനിയെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം നീരസം പരസ്യമാക്കി. ലോക്‌സഭയിലേക്ക് പരിഗണിക്കുമെന്ന ഉറപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് ഖട്ടര്‍ രാജിവെക്കുന്നതും തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതും. ധാരണപ്രകാരം കര്‍ണാലില്‍നിന്ന് ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍, അദ്ദേഹമൊഴിഞ്ഞ കര്‍ണാല്‍ നിയമസഭ സീറ്റില്‍ സൈനിയും ജനവിധി തേടും.
ഇനിയെന്ത്?
ജെ.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ച് ഹരിയാണയില്‍ ബി.ജെ.പി. രണ്ടാമതും അധികാരത്തിലേറിയതിനുപിന്നാലെ മാര്‍ച്ച് 14-ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി വിശ്വാസവോട്ടെടുപ്പ് നേരിട്ടിരുന്നു. അതില്‍ 40 ബി.ജെ.പി. എം.എല്‍.എ.മാരുടെയും ആറ് സ്വതന്ത്ര എം.എല്‍.എ.മാരുടെയും ഹരിയാണ ലോക്ഹിത് പാര്‍ട്ടി (എച്ച്.എല്‍.പി.) അംഗത്തിന്റെയും പിന്തുണയോടെ 47 വോട്ടുനേടിയാണ് നയാബ് സൈനി ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസവോട്ടുനേടി ആറുമാസം കഴിയാതെ വീണ്ടുമൊരു അവിശ്വാസപ്രമേയത്തിന് സാധുതയില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തില്‍ തുടരാനാണ് സാധ്യത.
എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും പിരിച്ചുവിടണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ മുപ്പതും ജെ.ജെ.പിയുടെ പത്തും ഐ.എന്‍.എല്‍.ഡിയുടെ ഒന്നും കഴിഞ്ഞദിവസം പിന്തുണ പിന്‍വലിച്ച മൂന്ന് സ്വതന്ത്രരും രണ്ടുവര്‍ഷം മുമ്പേ തന്നെ ബി.ജെ.പിയോട് ഇടഞ്ഞ മറ്റൊരു സ്വതന്ത്രനുമടക്കം സര്‍ക്കാരിനെ എതിര്‍ക്കുന്ന 45 എം.എല്‍.എമാര്‍ സഭയില്‍ ഉണ്ടെന്നാണ് കത്തില്‍ പറയുന്നത്. 88 അംഗ നിയമസഭയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 43 എം.എല്‍.എമാരില്‍ കൂടുതലാണിത്. ധാര്‍മികത മുന്‍നിര്‍ത്തി സൈനി രാജിവെക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ സവിശേഷാധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. അതിനും തയ്യാറല്ലെങ്കില്‍ ഉടന്‍തന്നെ സഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ട് തേടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ പറയുന്നു.

എന്നാല്‍, സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് സൈനിയും ഖട്ടറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതുകൊണ്ട് തങ്ങള്‍ക്ക് വെല്ലുവിളികള്‍ ഇല്ലെന്ന് പറയുന്ന ഖട്ടര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ എം.എല്‍.എമാരുമായി തങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെടുന്നു. പിന്തുണ പിന്‍വലിച്ച മൂന്നുപേര്‍ തങ്ങള്‍ക്കൊപ്പം തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, വിശ്വാസവോട്ട് തേടേണ്ട സാഹചര്യമുണ്ടായാല്‍ നാല് ജെ.ജെ.പി. എം.എല്‍.എമാരുടെ പിന്തുണലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 40 സ്വന്തം എം.എല്‍.എമാര്‍ക്ക് പുറമേ, ബാക്കിയുള്ള രണ്ടുസ്വതന്ത്ര എം.എല്‍.എമാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ ഒരു എം.എല്‍.എയുടേയും ദേവേന്ദര്‍ സിങ് ബബ്ലി, രാം കുമാര്‍ ഗൗതം, ജോഗി രാം സിഹാഗ്, രാം നിവാസ് സുര്‍ജാഖേഡ എന്നിവരും പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ. ജെ.ജെ.പി. പിളരുന്ന സാഹചര്യമുണ്ടായാല്‍ ഒരുവിഭാഗത്തെ അയോഗ്യരാക്കി സഭയുടെ അംഗബലം കുറച്ചും സാഹചര്യത്തെ മറികടക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. അപ്രതീക്ഷിതമായ നീക്കംകൊണ്ട് ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നാണ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്. ഒക്ടോബറില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ തന്നെ ഭരണം തങ്ങളിലേക്ക് എത്തുമെന്ന് അവര്‍ പ്രതീക്ഷവെക്കുന്നു. അതേസമയം, സര്‍ക്കാരിന് ഭീഷണിയേയില്ലെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും കരുതലോടെ തന്നെയാണ് ഇരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നഷ്ടപ്പെടുത്തുന്നത് ബി.ജെ.പിക്ക് ക്ഷീണമാവും. എന്നാല്‍, നഷ്ടപ്പെടാനൊന്നുമില്ലാത്ത ഹൂഡയ്ക്കും സംഘത്തിനും നേടാനും നേട്ടത്തിലൂടെ ആഘോഷിക്കാനും ഏറെയുണ്ട് താനും.
Content Highlights: Haryana Political Crisis: Whats Next for BJP- Nayab Singh Saini government?
Published: 13 May 2024, 03:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented