അധികാരത്തിന്റെ സംഘാടന തത്ത്വമായി ഷി ജിന്പിങ് ഭയത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് കുറച്ചുകാലത്തേക്ക് അദ്ദേഹത്തിന് നിയന്ത്രണാധികാരമുണ്ടായേക്കാം. എന്നാല്, ദീര്ഘകാലാടിസ്ഥാനത്തില് അത് അപകടകരമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു

ചൈനയിൽ ഒരു മുതിർന്ന സൈനിക ജനറൽ പുറത്താക്കപ്പെടുന്നത്, കേവലം അഴിമതിയുമായിമാത്രം ബന്ധപ്പെട്ട പ്രശനമായിരിക്കണമെന്നില്ല. എന്നാൽ, നേതാവിനോട് അടുത്ത ബന്ധം പുലർത്തുന്ന ഒട്ടേറെ ജനറൽമാരെ നീക്കം ചെയ്യുമ്പോൾ അത് അധികാരം, ഭയം, നിയന്ത്രണം എന്നിവയൊക്കെയുമായി ബന്ധപ്പെട്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ, ചൈനയുടെ സൈനികനേതൃത്വത്തിൽ അടുത്തിടെനടന്ന ശുദ്ധീകരണം ആന്തരികമായ ഒരു ഭരണനടപടിയായിമാത്രം കണക്കാക്കാനാവില്ല. തന്ത്രപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു രാഷ്ട്രീയസംഭവമാണത്. ഷി ജിൻപിങ് എങ്ങനെയാണ് ചൈന ഭരിക്കുന്നതെന്ന് അത് വെളിവാക്കുന്നു. ചൈന അതിന്റെ അയൽരാജ്യങ്ങളോടും ലോകത്തോടാകെയും എങ്ങനെയൊക്കെ പെരുമാറാൻ സാധ്യതയുണ്ടെന്ന കാര്യം മനസ്സിലാക്കാനും അത് സഹായിക്കുന്നു.
ആവർത്തിക്കുന്ന പുറത്താക്കലുകൾ
മാവോ സേ തുങ്ങിനുശേഷം ചൈനയിലെ ഏറ്റവും കരുത്തനായ നേതാവാണ് ഷി ജിൻപിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റും സെൻട്രൽ മിലിറ്ററി കമ്മിഷന്റെ ചെയർമാനുമെല്ലാം അദ്ദേഹമാണ്. ചൈനയുടെ രാഷ്ട്രീയസംവിധാനത്തിൽ സൈന്യത്തെ നിയന്ത്രിക്കുന്നതുതന്നെയാണ് പരമാധികാരത്തിന്റെ അന്തിമമായ ഉറവിടം. സെൻട്രൽ മിലിറ്ററി കമ്മിഷൻ വൈസ് ചെയർമാനായിരുന്ന ജനറൽ ഷാങ് യൂക്‌സിയയെ പുറത്താക്കിയത് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. വിപ്ലവകാരികളുടെ കുടുംബത്തിൽനിന്നുള്ള ആളും ചൈനയുടെ അവസാനത്തെ വലിയ യുദ്ധത്തിൽ പങ്കെടുത്ത അനുഭവപരിചയമുള്ള സൈനികനും ഷി ജിൻ പിങ്ങിന്റെ ദീർഘകാല കൂട്ടാളിയുമായിരുന്നു യൂക്‌സിയ. പീപ്പിൾസ് ലിബറേഷൻ ആർമിയുടെമേൽ നിയന്ത്രണമുറപ്പാക്കാൻ ഷിയെ അദ്ദേഹം സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പതനം സുപ്രധാനമായ ചിലതിന്റെ സൂചനയാണ്.
അധികാരത്തോട് അടുത്തിരിക്കുക എന്നത് സുരക്ഷാ ഉറപ്പുനൽകുന്ന ഒരു കാര്യമല്ലെന്ന് അത് വ്യക്തമാക്കുന്നു. കൂറും വിശ്വസ്തതയുംമാത്രം ഇനി മതിയാവില്ല. യൂക്‌സിയയെ പദവിയിൽനിന്ന് നീക്കിയത് ഒറ്റപ്പെട്ട സംഭവമല്ല. സമീപവർഷങ്ങളിലായി ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ പൊതുമധ്യത്തിൽനിന്ന് അപ്രത്യക്ഷരാകുകയോ സമാനകുറ്റങ്ങൾ ചുമത്തപ്പെട്ട് പദവിയിൽനിന്ന് നീക്കംചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. രണ്ട് പ്രതിരോധമന്ത്രിമാർ-വേ ഫങ് ഹ്യൂയും ലി ഷാങ്ഫുവും-തുടർച്ചയായി പുറത്താക്കപ്പെട്ടു. ചൈനയുടെ മിസൈലിന്റെയും ആണവശക്തിയുടെയും മേൽനോട്ടം വഹിക്കുന്ന റോക്കറ്റ് ഫോഴ്‌സിന്റെ മുതിർന്ന കമാൻഡർമാരെ കൂട്ടത്തോടെ നീക്കി. കർമപദ്ധതികൾ ആസൂത്രണംചെയ്യുന്നതിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റിന്റെ തലവൻ ജനറൽ ലിയു ഷെൻലിയെ അന്വേഷണത്തിന് വിധേയനാക്കി.
'ഷി' അപ്രമാദിത്വം
ഈ സംഭവങ്ങളെല്ലാം ഒരേ കാര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇത് ചിലരെമാത്രം തിരഞ്ഞെടുത്തുനടപ്പാക്കുന്ന അച്ചടക്കനടപടിയല്ല. അത് മുഴുവൻ സംവിധാനത്തിന്റെയും പുനഃസംഘടനയാണ്. ഒരു പതിറ്റാണ്ടിലേറെയായി ചൈനയിലെ രാഷ്ട്രീയ-സൈനിക സംവിധാനങ്ങളെ നിയന്ത്രിക്കാനും അച്ചടക്കം പഠിപ്പിക്കാനും അഴിമതിവിരുദ്ധ നടപടിയുടെ ഭാഷയാണ് ഷി ജിൻപിങ് ആശ്രയിച്ചുവരുന്നത്. ഈ അഴിമതിവിരുദ്ധ പ്രചാരണം ഇടതടവില്ലാതെ തുടരുകയാണ്. വിവിധ സർവീസുകളിൽനിന്നും കമാൻഡുകളിൽനിന്നും മുതിർന്ന ഉദ്യോഗസ്ഥർ പുറത്താക്കപ്പെട്ടു. രാഷ്ട്രീയ കമ്മിസാർമാർ, പരിശീലനമേധാവികൾ, കർമപദ്ധതി ആസൂത്രകർ തുടങ്ങിയവർക്കെല്ലാം ഇത് ബാധകമായി. നൈതികമായ ശുദ്ധീകരണത്തിനും സ്ഥാപനപരമായ പരിഷ്‌കരണത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, പിന്തുടരുന്ന ഈ മാതൃക മറ്റൊരു കഥയാണ് പറയുന്നത്.
ഓരോവട്ട ശുദ്ധീകരണം കഴിയുന്തോറും വിശ്വസ്തരുടെ വലയം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ നടപടിയും നേതാവിന്റെ വ്യക്തിഗത അധികാരം കൂടുതൽ ശക്തമാക്കുക മാത്രമല്ല, സൈന്യത്തിനുള്ളിലെ കൂട്ടായ നേതൃത്വത്തെ ദുർബലപ്പെടുത്തുകയുംചെയ്തു. ഈ പ്രക്രിയയിലെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഷാങ് യൂക്‌സിയയുടെ പുറത്താകൽ. ഒരിക്കൽ അധികാരകേന്ദ്രമായിരുന്നവരെപ്പോലും മാറ്റിനിർത്താൻ കഴിയുമെന്ന് അത് കാണിച്ചുതന്നു.
പൂർണമായ രാഷ്ട്രീയകീഴടങ്ങലിന് വിധേയമാവുകയും സ്വതന്ത്രനിലപാടുകൾ ത്യജിക്കുകയും ചെയ്താലേ 'ഷിയുടെ ചൈന'യിൽ ഇന്ന് അതിജീവനം സാധ്യമാകൂ. ഷി ജിൻപിങ് ഭരണത്തിലെ വിരോധാഭാസമാണ് ഇത് കാട്ടിത്തരുന്നത്. മുൻപൊരിക്കലും ഒരു വ്യക്തിയിൽ ഇത്രയധികം അധികാരം കേന്ദ്രീകരിച്ചിട്ടില്ല. ആ വ്യക്തി സ്വന്തം ഭരണസ്ഥാപനങ്ങൾക്കുമേൽ ഇത്രയും ആഴത്തിൽ സംശയം പ്രകടിപ്പിക്കുന്നതായി മുൻപൊരിക്കലും കണ്ടിട്ടില്ല.
ഷി ജിൻപിങ് സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നത് ഒരു സ്ഥാപനവും ഒരു വ്യക്തിയും തന്റെ നിയന്ത്രണത്തിന് അതീതരായി ഉണ്ടാകാൻ പാടില്ലെന്നുറപ്പിക്കാനാണ്. ഇന്ന് പദവിയിൽനിന്ന് നീക്കംചെയ്യപ്പെട്ട ജനറൽമാർക്ക് പകരക്കാരായെത്തുന്നത് താരതമ്യേന ചെറുപ്പക്കാരായിരിക്കും. അവർ പ്രത്യയശാസ്ത്രപരമായി കൂടുതൽ ചേർന്നുനിൽക്കുന്നവരുമായിരിക്കും. തങ്ങളുടെ കരിയറിനായി ജിൻപിങ്ങിനോട് അവർക്ക് വ്യക്തിപരമായി കൂടുതൽ ആശ്രയത്വം കാണിക്കേണ്ടിവരും. പഴയ തലമുറയ്ക്കുണ്ടായ ചരിത്രപരമായ അധികാരബലം അവർക്കുണ്ടായിരിക്കില്ല. എന്നാൽ, അവർ അനിഷേധ്യമായ രാഷ്ട്രീയക്കൂറ് ഉള്ളവരായിരിക്കും. അത്തരമൊരു സൈന്യം കൂടുതൽ അനുസരണശീലമുള്ളതായിരിക്കും. എന്നാൽ, ജാഗ്രത കുറഞ്ഞതുമാകും.
വേണം, ജാഗ്രത
ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാണ്. ചൈനയുടെ ഭാഗത്തുനിന്ന് സൈനികനടപടി ആസന്നമാണെന്നോ അവിടത്തെ ആന്തരികകലഹങ്ങൾ നമ്മുടെ സമാധാനം ഉറപ്പാക്കുമെന്നോ നമ്മൾ അനുമാനിക്കേണ്ടതില്ല. എന്നാൽ, ഇന്ത്യയുടെ പ്രതികരണം സ്ഥിരതയോടെയും തന്ത്രപരവും ആയിരിക്കണം. അതിർത്തിയിലുടനീളം പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സൈനികതയ്യാറെടുപ്പും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്തോ-പസഫിക് മേഖലയിലുടനീളം പങ്കാളിത്തം ആഴത്തിലാക്കേണ്ടത് വിവേകപൂർണമായ നടപടിയായിരിക്കും.
ചൈനയ്ക്കുള്ള അരക്ഷിതമനോഭാവത്തെ കൂടുതൽ പ്രകോപിപ്പിക്കുന്ന നടപടികളും ഇന്ത്യ ഒഴിവാക്കണം. ഭയത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനം തെറ്റായ കണക്കുകൂട്ടലുകളിലേക്ക് എളുപ്പം വഴിമാറും. രാജ്യത്തിന്റെ ശേഷിയുടെ പിൻബലത്തോടെയുള്ള തന്ത്രപരമായ ക്ഷമയാണ് ശരിയായ പ്രതികരണം.
അധികാരത്തിന്റെ സംഘാടന തത്ത്വമായി ഷി ജിൻപിങ് ഭയത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് കുറച്ചുകാലത്തേക്ക് അദ്ദേഹത്തിന് നിയന്ത്രണാധികാരമുണ്ടായേക്കാം. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ അത് അപകടകരമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭയമെന്ന അടിത്തറയിൽ കെട്ടിപ്പൊക്കിയ പട്ടാളം സാവധാനത്തിലല്ല തകരുന്നത്. അതിന്റെ വീഴ്ച വളരെ പെട്ടെന്നായിരിക്കും. അങ്ങനെ സംഭവിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് കടക്കും. ഇന്ത്യയെ സംബന്ധിച്ച് ചൈനയിലെ ഇപ്പോഴത്തെ ഘട്ടത്തെക്കുറിച്ച് മനസ്സിലാക്കുക എന്നത് ഐച്ഛികമായ കാര്യമല്ല, മറിച്ച് തന്ത്രപരമായ അനിവാര്യതയാണ്.
(ദേശീയ സുരക്ഷാ ഉപദേശക സമിതി മുൻ അംഗവും സ്‌കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസ് ഡീനുമാണ് ലേഖകൻ)
Content Highlights: Explore the implications of China`s recent military reshuffle under Xi Jinping. Understand the power dynamics, control, and strategic consequences for China and its neighbors.
Published: 07 Feb 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented