ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനസ്ഥാനത്ത് സ്ഥതിചെയ്യുന്ന ചാഗോസ് ദ്വീപുകളെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരം. അന്താരാഷ്ട്ര നീതിന്യായ കോടതിവരെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബ്രിട്ടനിലെയും മൗറീഷ്യസിലെയും സര്‍ക്കാരുകള്‍ ഒത്തുതീര്‍പ്പിലെത്തി. ചാഗോസിലെ ഒരു ദ്വീപൊഴികെ ബാക്കിയെല്ലാം മൗറീഷ്യസിന് കൈമാറാന്‍ ബ്രിട്ടന്‍ കരാറിലൊപ്പുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അറുപതോളം ദ്വീപുകളുടെ സമൂഹമാണ് ആഫ്രിക്കയിലെ അവസാന ബ്രിട്ടീഷ് കോളനിയായിരുന്ന ചാഗോസ് ദ്വീപുകള്‍ (Chagos Archipelago). കരാര്‍പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനായിരിക്കും. അതേസമയം, ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയുടെ (Diego Garcia) അവകാശം 99 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ബ്രിട്ടന്‍ നിലനിര്‍ത്തും. 1966 മുതല്‍ ബ്രിട്ടന്‍ അമേരിക്കയ്ക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ് ഈ ദ്വീപ്. അമേരിക്കയുടെ സേനാതാവളമാണ് നിലവില്‍ ഡീഗോ ഗാര്‍ഷ്യ. ഇതിന് പകരം പാട്ടത്തുകയായി വലിയൊരു സംഖ്യ ബ്രിട്ടന്‍ മൗറീഷ്യസിന് നല്‍കും.

To advertise here,

മനുഷ്യവാസമില്ലാതെ കിടന്ന ചാഗോസ് ദ്വീപുകള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രധാനസ്ഥാനമായിരുന്നു ആ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല, ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. ആദ്യം ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഇവിടം കയ്യടക്കി. പിന്നീട് മൗറീഷ്യസിന് സ്വാതന്ത്ര്യം നല്‍കിയപ്പോഴും ഈ ദ്വീപുകള്‍ ബ്രിട്ടൻ വിട്ടുകൊടുത്തിരുന്നില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ദ്വീപുകള്‍ കൈമാറുന്ന കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെയ്ക്കുന്നത്. എന്താണ് ചാഗോസിന്റെ ചരിത്രം? എന്തുകൊണ്ടാണ് ചാഗോസ് പ്രാധാന്യമര്‍ഹിക്കുന്നത്? മൗറീഷ്യസിന് കൈമാറുമ്പോള്‍ എന്തായിരിക്കും ഇവയുടെ ഭാവി? 

തന്ത്രപ്രധാനം ചാഗോസ് ദ്വീപുകള്‍    

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപ് ദ്വീപസമൂഹത്തിന് ഏകദേശം 500 കിലോമീറ്റര്‍ തെക്കായി 60-ലധികം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന കൂട്ടമാണ് ചാഗോസ് ദ്വീപസമൂഹം. സീഷെല്‍സിന് 1,880 കിലോമീറ്റര്‍ കിഴക്കും മൗറീഷ്യസിന്റെ ഭാഗമായ റോഡ്രിഗസ് ദ്വീപിന് 1,680 കിലോമീറ്റര്‍ വടക്കുകിഴക്കും കൊക്കോസ് ദ്വീപുകള്‍ക്ക് 2,700 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് ഇതിന്റെ സ്ഥാനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രാന്തര പര്‍വതനിരയായ ചാഗോസ്-ലാക്കാഡൈവ് റിഡ്ജി(Chagos–Laccadive Ridge)ന്റെ തെക്കേ അറ്റത്താണ് ഈ ദ്വീപസമൂഹം. സലോമണ്‍ ദ്വീപുകള്‍ (Salomon Islands), നെല്‍സണ്‍സ് ദ്വീപ് (Nelsons Island), പെറോസ് ബാന്‍ഹോസ് (Peros Banhos) എന്നിവയാണ് വടക്കുഭാഗത്ത്. തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ത്രീ ബ്രദേഴ്സ് (Three Brothers), ഈഗിള്‍ ദ്വീപുകള്‍ (Eagle Islands), എഗ്മോണ്ട് ദ്വീപുകള്‍ (Egmont Islands), ഡേഞ്ചര്‍ ദ്വീപ് (Danger Island) എന്നിവയുണ്ട്. ഇവയുടെ തെക്കുകിഴക്കായി ഡീഗോ ഗാര്‍ഷ്യയും സ്ഥിതിചെയ്യുന്നു. 56.1 ചരുരശ്ര കിലോമീറ്റര്‍ മാത്രമാണ് ദ്വീപുകളുടെ ഭൂവിസ്തൃതി. ഇവയില്‍ ഏറ്റവും വലുതാണ് തെക്കേയറ്റത്തുള്ള ഡീഗോ ഗാര്‍ഷ്യ.

placeholder
ഇന്ത്യൻ മഹാസമുദ്രത്തിൽ ചാ​ഗോസ് ദ്വീപുകളുടെ സ്ഥാനം |  Photo: google.com/maps

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് പര്യവേക്ഷകരായിരുന്നു ഈ ദ്വീപസമൂഹത്തിലെത്തിയ ആദ്യത്തെ യൂറോപ്യന്മാര്‍. പോര്‍ച്ചുഗീസ് നാവികര്‍ ഇതിന് ബസ്സാസ് ഡി ചാഗാസ് (Bassas de Chagas) എന്നാണ് പേരിട്ടിരുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും താല്‍പ്പര്യമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട ഈ ദ്വീപുകളെ അവര്‍ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ഭാഗമാക്കിയില്ല. ഫ്രഞ്ചുകാരായിരുന്നു ചാഗോസിന് മേല്‍ അവകാശവാദമുന്നയിച്ച ആദ്യത്തെ യൂറോപ്യന്‍ ശക്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫ്രാന്‍സ് അവകാശവാദമുന്നയിക്കുകയും സര്‍വേ നടത്തുകയും ചെയ്തു. ഈ കാലയളവിലുടനീളം ഐല്‍ ഡി ഫ്രാന്‍സിന്റെ (Isle de France) ഭാഗമാക്കിയാണ് ഫ്രാന്‍സ്  ഭരിച്ചിരുന്നത്. 1810-ല്‍ ബ്രിട്ടീഷുകാര്‍ ഐല്‍ ഡി ഫ്രാന്‍സ് പിടിച്ചടക്കി മൗറീഷ്യസ് എന്ന് പുനര്‍നാമകരണം ചെയ്തു. ഇതിനിടെ ചാഗോസ് ദ്വീപുകളിലും ഡീഗോ ഗാര്‍ഷ്യയിലും ബ്രിട്ടന്‍ അവകാശവാദമുന്നയിച്ചു. വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്റെ പരാജയത്തിനുശേഷം മാത്രമാണ് ഈ പ്രദേശം ബ്രിട്ടന് വിട്ടുകൊടുത്തത്. 1814 മെയ് 30-ലെ പാരീസ് ഉടമ്പടി പ്രകാരം ഐല്‍ ഡി ഫ്രാന്‍സിനെയും ചാഗോസ് ദ്വീപുകളെയും ബ്രിട്ടന് വിട്ടുകൊടുത്തു. അന്ന് മുതല്‍ ബ്രിട്ടീഷ് ഭരണത്തിലായിരുന്നു ചാഗോസ്. മൗറീഷ്യസിന്റെ ഭാഗമാക്കിയാണ് ബ്രിട്ടന്‍ ഈ ദ്വീപുകളുടെ ഭരണം നടത്തിയിരുന്നത്.

ഫ്രാന്‍സ് കോളനി സ്ഥാപിച്ച കാലത്ത് ചാഗോസിലെ പല ദ്വീപുകളിലും തെങ്ങിന്‍ തോട്ടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. കൊപ്രയും വെളിച്ചെണ്ണയും ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടാക്കി. ഇവിടെ പണിയെടുക്കാന്‍ ആഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും തൊഴിലാളികളെ കൊണ്ടുവന്നു. നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ന്നു. തെങ്ങിന്‍തോപ്പുകളിലും കൊപ്രസംഭരണ കേന്ദ്രങ്ങളിലും പണിയെടുക്കാനായി ആഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും വന്ന തൊഴിലാളികള്‍ അവിടെ അധിവസിക്കാന്‍ തുടങ്ങി. അവര്‍ അവിടെ സ്വന്തമായി ഭാഷയും സംസ്‌കാരവുമുള്ള ഒരു സമൂഹമായി വളര്‍ന്നു. അവര്‍ പിന്നീട് ചാഗോസിയര്‍ എന്ന് വിളിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും ഇതായിരുന്നു ഈ ദ്വീപുകളുടെ അവസ്ഥ. ബ്രിട്ടീഷ് ഭരണകാലത്ത് ചാഗോസ് ദ്വീപസമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും തെങ്ങിന്‍ തോട്ടങ്ങളേയും കൊപ്ര കയറ്റുമതിയേയും കേന്ദ്രീകരിച്ചായിരുന്നു. ഇതിനിടെ ദ്വീപസമൂഹത്തിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ വികസിച്ചു.

1968-ല്‍ മൗറീഷ്യസിന് ബ്രിട്ടന്‍ സ്വാതന്ത്ര്യം നല്‍കി. ഇതിനു മുന്നോടിയായി 1965-ല്‍ ചാഗോസിനെ മൗറീഷ്യല്‍നിന്ന് വേര്‍പ്പെടുത്തുകയും 'ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷന്‍ ടെറിറ്ററി'യായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഡീഗോ ഗാര്‍ഷ്യയെ ചാഗോസില്‍നിന്നു വേര്‍പ്പെടുത്തിയ ബ്രിട്ടന്‍, ദ്വീപ് അമേരിക്കയ്ക്ക് പാട്ടത്തിന് നല്‍കി. 1967 മുതല്‍ 1973 വരെയുള്ള കാലയളവില്‍ ചാഗോസ് ദ്വീപുകളിലെ മുഴുവന്‍ ജനങ്ങളും അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. അവരില്‍ ഭൂരിഭാഗത്തേയും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മൗറീഷ്യസിലേയ്‌ക്കോ സീഷെല്‍സിലേക്കോ നാടുകടത്തി. ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയ്ക്ക് സൈനിക താവളം സ്ഥാപിക്കാനായി ഏകദേശം 2,000 ചാഗോസിയന്‍സിനെയാണ് ബലമായി പുറത്താക്കിയത്. ഈ നിര്‍ബന്ധിത മാറ്റിപ്പാര്‍പ്പിക്കലിനെ 'ഭയാനകമായ കൊളോണിയല്‍ കുറ്റകൃത്യം' എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്.  

placeholder
ചാഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ​ഗാർഷ്യയുടെ  ഉപഗ്രഹ ചിത്രം | Photo: maps4media via Getty Images

ബ്രിട്ടന്‍ പിടിച്ചുവെച്ച ഡീഗോ ഗാര്‍ഷ്യ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിര്‍ണായകമായ ഇടത്താണ് ഡീഗോ ഗാര്‍ഷ്യ. കിഴക്കന്‍ ആഫ്രിക്ക, മധ്യപൂര്‍വേഷ്യ, ദക്ഷിണേഷ്യ എന്നിവയുടെ ഏതാണ്ട് മധ്യത്തില്‍. എവിടേയ്ക്കും സൈനിക നടപടികള്‍ സുഗമമായി സാധ്യമാക്കുന്ന നിര്‍ണായക സ്ഥാനം. ഏഷ്യന്‍ വന്‍കരയില്‍ ചുവടുറപ്പിക്കാന്‍ പറ്റിയ ഇത്തരമൊരു സൈനികത്താവളത്തിനായി ഏറെക്കാലമായി അമേരിക്ക ശ്രമം നടത്തിയിരുന്നു. 1960-കളില്‍ അവര്‍ ഇതിനായി ബ്രിട്ടനുമായി രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഡീഗോ ഗാര്‍ഷ്യയായിരുന്നു ലക്ഷ്യം. ഡീഗോ ഗാര്‍ഷ്യ അധീനതയിലായാല്‍ പ്രധാന ഏഷ്യന്‍ രാജ്യങ്ങളെല്ലാം തങ്ങളുടെ പരിധിയില്‍ കൊണ്ടുവരാമെന്ന് അമേരിക്ക കണക്കുകൂട്ടി. 1966-ല്‍ അമേരിക്കയ്ക്ക് സൈനിക താവളം നിര്‍മിക്കാന്‍ ഡീഗോ ഗാര്‍ഷ്യയെ ബ്രിട്ടന്‍ പാട്ടത്തിന് നല്‍കി. ദ്വീപ് കൈമാറുമ്പോള്‍ കടല്‍ക്കാക്കളല്ലാതെ മറ്റൊന്നും ഉണ്ടാകരുതെന്നാണ് ചര്‍ച്ചാവേളയില്‍ ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടത്.

1966 ഡിസംബര്‍ 30-ന് ഇരുരാജ്യങ്ങളും 50 വര്‍ഷത്തെ ഉടമ്പടില്‍ ഒപ്പുവെച്ചു. പകരം ബ്രിട്ടന് വിലക്കിഴിവില്‍ അമേരിക്ക പൊളാരിസ് മിസൈല്‍ സംവിധാനം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ മനുഷ്യരേയും വളര്‍ത്തുമൃഗങ്ങളേയും ഒഴിപ്പിച്ച് ദ്വീപ് കൈമാറണമെന്നായിരുന്നു കരാര്‍. ഇതോടെ ആയിരക്കണക്കിന് ആളുകളെ ദ്വീപുകളില്‍നിന്ന് ബലമായി മാറ്റിപ്പാര്‍പ്പിച്ചു. ചിലര്‍ മൗറീഷ്യസിലും സീഷെല്‍സിലും എത്തി. മറ്റുള്ളവര്‍ യുകെയില്‍ സ്ഥിരതാമസമാക്കി. 80-കളുടെ മധ്യത്തോടെ ഡീഗോ ഗാര്‍ഷ്യയില്‍ അത്യാധുനിക സൈനികത്താവളം സജ്ജമായി. വലിയ പടക്കപ്പലുകള്‍ ബെര്‍ത്ത് ചെയ്യാന്‍ പറ്റുന്ന വിശാലമായ ഉള്‍ക്കടലും ബോംബര്‍ വിമാനങ്ങള്‍ അടക്കമുള്ള ദീര്‍ഘദൂര ഫൈറ്റര്‍ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്ന നീളന്‍ റണ്‍വേയും ഇവിടെയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രമേഖലയാകെ നിരീക്ഷിക്കാനും അതിവേഗം സൈനികമായി ഇടപെടാനും ദ്വീപില്‍നിന്ന് സാധിക്കും. 

സമീപകാലത്ത് അമേരിക്ക നടത്തിയ ഏതാണ്ടെല്ലാ യുദ്ധങ്ങളിലെല്ലാം ഡീഗോ ഗാര്‍ഷ്യയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം മുതല്‍ ഇറാഖിലേക്കും അഫ്ഗാനിസ്താനിലേക്കും യുഎസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളം പിന്തുണ നല്‍കി. ഇതിനിടെ ഭീകരവാദികളെ ക്രൂരമായി പീഡിപ്പിക്കാന്‍ ഇവിടം ഉപയോഗിച്ചതായി ആരോപണമുയര്‍ന്നു. ഏകദേശം 2,500-ഓളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വസിക്കുന്ന ഈ സൈനികത്താവളത്തെ മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ സൈനിക നിക്കങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥലം എന്നാണ് യുഎസ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ യെമനിലെ ഹൂത്തി വിമതരെ ലക്ഷ്യമിട്ട് ഡീഗോയില്‍ ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ യുഎസ് വിന്യസിച്ചിരുന്നു. 2016-ല്‍ പാട്ടക്കരാര്‍ 20 വര്‍ഷത്തേക്കു പുതുക്കുകയും ചെയ്തു. 

placeholder
ഡീ​ഗോ ​ഗാർഷ്യയുടെ കടൽത്തീരം | Photo: Mathrubhumi Archives

ചാഗോസിനായി മൗറീഷ്യസിന്റെ പോരാട്ടങ്ങള്‍

2010 ഏപ്രില്‍ ഒന്നിന് ചാഗോസ് സമുദ്ര സംരക്ഷിത പ്രദേശം സ്ഥാപിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, ആ വര്‍ഷം ഡിസംബര്‍ 20-ന് ഇക്കാര്യത്തില്‍ യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദി സീ പ്രകാരം ബ്രിട്ടനെതിരേ മൗറീഷ്യസ് നടപടികള്‍ ആരംഭിച്ചു. 2015 മാര്‍ച്ച് 18-ന് ദ്വീപസമൂഹത്തിന് ചുറ്റും ബ്രിട്ടന്‍ പ്രഖ്യാപിച്ച സമുദ്ര സംരക്ഷിത പ്രദേശം അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഏകകണ്ഠമായി വിധിച്ചു. 2017 ജൂണ്‍ 22-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം അംഗീകരിച്ച പ്രമേയം അനുസരിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി ചാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍നിന്നു വേര്‍പ്പെടുത്തിയതിന്റെ നിയമസാധുത പരിശോധിക്കുവാന്‍ ഏല്‍പ്പിച്ചു. പിറ്റേ വര്‍ഷം സെപ്റ്റംബറില്‍ ചാഗോസ് ദ്വീപസമൂഹത്തെ മൗറീഷ്യസില്‍നിന്ന് വേര്‍പ്പെടുത്തിയത് സംബന്ധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍, വിഷയം കോടതി പരിഗണിക്കരുതെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും യുകെ വാദിച്ചു.

ചാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍നിന്നു വേര്‍പെടുത്തിയത് നിയമവിരുദ്ധമാണെന്നും എത്രയും വേഗം ബ്രിട്ടന്‍ ദ്വീപുകള്‍ വിട്ടുകൊടുക്കണമെന്നും 2019 ഫെബ്രുവരി 25-ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവിച്ചു. അതേവര്‍ഷം മേയ് 22-ന് ദ്വീപസമൂഹം മൗറീഷ്യസിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയം പാസാക്കി. ഇന്ത്യയടക്കം 116 രാജ്യങ്ങള്‍ പിന്തുണച്ചു. കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിന് മുമ്പ് അവയെ വിഭജിക്കുന്നത് 1960-ലെ ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാല്‍ ചാഗോസ് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം. ചാഗോസിനെ വേര്‍പ്പെടുത്തുന്നതിനു പകരമായി മൗറീഷ്യസിന് 30 ലക്ഷം ഡോളർ നല്‍കിയിരുന്നുവെന്നാണ് ബ്രിട്ടന്റെ വാദം. ഇത് മൗറീഷ്യസ് ശരിവെച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിലപേശല്‍ ഘട്ടത്തില്‍ തങ്ങള്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നാണ് അവര്‍ വാദിച്ചത്.  

രണ്ടുവര്‍ഷം മുന്‍പാണ് ദ്വീപുകളുടെ കൈമാറ്റം സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരും മൗറീഷ്യസും ചര്‍ച്ചകള്‍ തുടങ്ങിയത്. ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ബ്രിട്ടനും മൗറീഷ്യസും തീരുമാനിച്ചതായി 2022 നവംബര്‍ 3-ന് പ്രഖ്യാപിച്ചു. പതിമൂന്ന്‌ വട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് കരാറിലെത്തിയത്. 2024 ഒക്ടോബര്‍ മൂന്നിന്, ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാന്‍ യുകെ സമ്മതിച്ചു. പക്ഷേ, മൗറീഷ്യസിലെ സര്‍ക്കാര്‍ മാറ്റവും പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളും കാരണം ചർച്ചകളുടെ പുരോഗതി സ്തംഭിച്ചു. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ ഭരണകൂടത്തിന്റെ പരിഗണനയ്ക്കായി കരാര്‍ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് 2025 ഏപ്രില്‍ ഒന്നിനാണ് പുതിയ യു.എസ്. ഭരണകൂടം ചര്‍ച്ചകള്‍ തുടരാന്‍ അനുമതി നല്‍കിയത്. 2025 മേയ് 22-ന് ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിലേക്ക് മാറ്റുന്നതിനുള്ള ഔപചാരിക കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഒപ്പുവച്ചു. ദ്വീപസമൂഹത്തിൽനിന്ന് നാടുകടത്തിയതിനേത്തുടർന്ന് ബ്രിട്ടനിൽ താമസിക്കുന്ന ചില ചാഗോസിയൻസ് തങ്ങളോട് കൂടിയാലോചിച്ചില്ല എന്ന കാരണത്താൽ കരാറിനെതിരേ പ്രതിഷേധിച്ചു.

കരാര്‍ പ്രകാരം ചാഗോസ് ദ്വീപസമൂഹങ്ങള്‍ക്കുമേലുള്ള പരമാധികാരം മൗറീഷ്യസിനു കൈമാറും. പക്ഷേ, ഡീഗോ ഗാര്‍ഷ്യ ബ്രിട്ടന്റെ അധീനതയില്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ തുടരും. കരാര്‍ പ്രകാരം ഡീഗോ ഗാര്‍ഷ്യയും അതിന്റെ ചുറ്റുമുള്ള 40 കിലോമീറ്റര്‍ ബഫര്‍ സോണും യു.കെ. പാട്ടത്തിന് എടുക്കുകയാണ്. 99 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍. പുതുക്കാവുന്നതാണിത്. ഈ ക്രമീകരണം അടുത്ത 99 വര്‍ഷത്തേക്ക് ദ്വീപിലെ സംയുക്ത യു.കെ.-യു.എസ്. താവളത്തിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കുന്നതാണ്. ചാഗോസ് ദ്വീപസമൂഹത്തില്‍ പുനരധിവാസം ആരംഭിക്കാന്‍ മൗറീഷ്യസിനെ അനുവദിക്കും. അരനൂറ്റാണ്ടുമുന്‍പ് കുടിയൊഴിപ്പിച്ച ചാഗോസുകാരെ തിരിച്ചുകൊണ്ടുവന്ന് ചെറുദ്വീപുകളില്‍ കുടിയിരുത്തും. പക്ഷേ ഡീഗോ ഡീഗോ ഗാര്‍ഷ്യയില്‍ ഇത് അനുവദിക്കില്ല. മൗറീഷ്യസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടന്‍ പണം ചെലവാക്കും.  

placeholder
ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം മൗറീഷ്യസിന് തിരികെ നൽകാനുള്ള ബ്രിട്ടഷ് സർക്കാരിന്റെ കരാറിനെതിരേ പ്രതിഷേധിക്കുന്നവർ | Photo : Leon Neal/Getty Images

എന്താണ് ചാഗോസിന്റെ ഭാവി, ഇന്ത്യയ്ക്ക് എന്ത് താല്പര്യം? 

യുകെയും മൗറീഷ്യസും തമ്മിലുണ്ടാക്കിയ കരാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നമ്മുടെ പ്രധാന പങ്കാളിയാണ് മൗറീഷ്യസ്. മൗറീഷ്യസിലെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. ദീര്‍ഘകാലമായി ശക്തമായ ബന്ധമാണ് അവരുമായി ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവികശക്തികള്‍ തമ്മിലുള്ള ശക്തിപ്രകടനം കടുക്കുന്ന സാഹചര്യത്തില്‍ മൗറീഷ്യസിന് മേല്‍ ഇന്ത്യയ്ക്ക് വലിയ താല്പര്യങ്ങളുണ്ട്. അമേരിക്കയ്ക്ക് ഡീഗോ ഗാര്‍ഷ്യയില്‍ സുസജ്ജമായ നാവികത്താവളമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന നാവികത്താവളം സ്ഥാപിക്കുന്നുമുണ്ട്.

ഇന്ത്യയുടെ പ്രമുഖ പങ്കാളിയാണ് മൗറീഷ്യസ്. മൗറീഷ്യസിലെ അഗലെഗ ദ്വീപില്‍ ഇന്ത്യ നാവികത്താവളം ഒരുക്കുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് മുന്‍ പ്രധാനമന്ത്രി പ്രവീണ്‍ ജുഗ്നൗത്തും അഗലഗെ ദ്വീപുകളില്‍ ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. അവയില്‍ ഓരോ വിമാനത്താവളവും ബോട്ടുജെട്ടിയും പെടും. മൗറീഷ്യസിന്റെ സൈനികശക്തി വികസനത്തിന് ഇന്ത്യ കാര്യമായ സഹായം നല്‍കിവരുന്നു. 

ഒക്ടോബറില്‍ കരാര്‍ പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ ഇന്ത്യക്ക് മൗറീഷ്യസ് നന്ദി പറഞ്ഞിരുന്നു. കോളനിവത്കരണത്തിന്റെ അവസാന അടയാളവും ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ ഒപ്പംനിന്ന ഇന്ത്യക്ക് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീണ്‍ ജുഗ്നൗത്ത് നന്ദി പറഞ്ഞു. പിന്നാലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ നിയന്ത്രണം മൗറീഷ്യസിന് തിരികെ നല്‍കുന്ന ഉടമ്പടിക്ക് ഇന്ത്യ പിന്തുണ അറിയിച്ചു. ഉഭയകക്ഷി ഉടമ്പടിയിലൂടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഔപചാരിക പരിഹാരം ഒരു നാഴികക്കല്ലാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. മൗറീഷ്യസിന്റെ കോളനിവല്‍ക്കരണ പ്രക്രിയയുടെ പരിസമാപ്തിയെ ഇത് അടയാളപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചാഗോസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മേഖലയിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും സുരക്ഷാവെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും സഹായിക്കുന്ന നിര്‍ണായക സ്ഥാനമാണ്. കടല്‍ക്കൊള്ളക്കാരുടെ വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും ഇത് സഹായകമാവും. അതിനാല്‍ തന്നെ ദ്വീപുകളില്‍ സാന്നിധ്യം ഉറപ്പാക്കാനായാല്‍ ഇത് മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാന മുന്‍തൂക്കം നല്‍കും. 

പക്ഷേ, ചാഗോസിനുമേല്‍ ഇന്ത്യയെപ്പോലെ ചൈനയ്ക്കും കണ്ണുണ്ട്. മൗറീഷ്യസിന് പരമാധികാരം ലഭിച്ചാല്‍ നേട്ടം ചൈനയ്ക്കാണെന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയെപ്പോലെ മൗറീഷ്യസില്‍ സ്വാധീനം ചെലുത്താന്‍ ചൈനയും ശ്രമിക്കുന്നുണ്ട്. അവരുമായി നിക്ഷേപ വ്യാപാരബന്ധങ്ങളുള്ള സാഹചര്യത്തില്‍ ചൈനയ്ക്ക് അത് എളുപ്പവുമാണ്. എന്നാല്‍ ഡീഗോ ഗാര്‍ഷ്യക്കു സമീപം ചൈനയ്‌ക്കൊരു താവളമുണ്ടാകുന്നതിനെ അമേരിക്ക ഒരിക്കലും പ്രോത്സാഹിപ്പിച്ചേക്കില്ല. പരമാധികാര രാജ്യം എന്ന നിലയില്‍ മൗറീഷ്യസിന് മാത്രമാണ് ചാഗോസിനുമേല്‍ അധികാരം. ആ നിലയ്ക്ക് അവരുടെ തീരുമാനമാകും ഇക്കാര്യത്തില്‍ പ്രധാനം. പക്ഷേ,  ദ്വീപില്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലടക്കം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ചാഗോസിന്റെ ഭാവി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.