മലപ്പുറം: ഒരു കച്ചവടക്കാരന്റെ ശവസംസ്‌കാരച്ചടങ്ങിനെത്തിയതാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജിയും സംഘവും. അവര്‍ കണ്ടത് ശവസംസ്‌കാരത്തിനുപോലും പണമില്ലാതെ വിഷമിക്കുന്ന വീട്ടുകാരെ. ഇത്രയും വലിയൊരു സംഘടനയിലെ അംഗമായിട്ടും ഈ ഗതികേട് അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇനിയൊരു വ്യാപാരിക്കും ഈ ഗതികേടുണ്ടായിക്കൂടാ.

To advertise here,

അങ്ങനെയാണ് കുഞ്ഞാവുഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ നിര്‍ണായകമായ രണ്ടു തീരുമാനമെടുത്തത്. ഒന്ന്, ഏതൊരു വ്യാപാരി മരിച്ചാലും അന്നുതന്നെ സംഘടന 30,000 രൂപ കുടുംബത്തിന് നല്‍കും. മറ്റൊന്ന് കുടുംബസുരക്ഷാ പദ്ധതി. പദ്ധതിയിലെ അംഗം മരിച്ചാല്‍ ഒരു നടപടിക്രമവുമില്ലാതെ ദിവസങ്ങള്‍ക്കുള്ളില്‍ പത്തുലക്ഷം രൂപ കുടുംബത്തിന്റെ അക്കൗണ്ടിലെത്തും. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയേ വേണ്ടൂ.

പദ്ധതിയില്‍ 1000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പിന്നെ ഏതെങ്കിലും വ്യാപാരി മരിച്ചാല്‍ നൂറു രൂപയും നല്‍കണം. ഒരു ആപ്പ് വഴിയാണ് പണമടയ്ക്കുക. ഇത് മാസം പരമാവധി 300 രൂപയേ വരാറുള്ളൂ എന്ന് ഇപ്പോള്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുകൂടിയായ കുഞ്ഞാവുഹാജി പറയുന്നു. ഇതിനുപുറമേ എഴുപതോളം പേര്‍ക്ക് എല്ലാമാസവും 5000 രൂപമുതല്‍ ചികിത്സാസഹായവും നല്‍കുന്നുണ്ട്. സര്‍ക്കാരിനോ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കോപോലും നല്‍കാനാവാത്ത കുടുംബസുരക്ഷയാണ് വ്യാപാരി സംഘടന നല്‍കുന്നത്. പല രാഷ്ട്രീയസംഘടനകളും ഇപ്പോള്‍ ഇതിന്റെ ഘടന പഠിച്ചുവരികയാണ്.

ആശയം അവതരിപ്പിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിനുവരെ വിശ്വാസമുണ്ടായിരുന്നില്ല. ആയിരക്കണക്കിനു അംഗങ്ങളില്‍നിന്ന് നൂറു രൂപ പിരിച്ചെടുക്കല്‍ സാഹസികതയാണ്. പക്ഷേ, മലപ്പുറത്ത് അത് വിജയിപ്പിച്ചതോടെ എല്ലാവര്‍ക്കും ആത്മവിശ്വാസമായി. അങ്ങനെയാണ് മറ്റു 11 ജില്ലകളിലേക്കും ഇതു വ്യാപിപ്പിച്ചത്. ഇപ്പോള്‍ മലപ്പുറത്ത് 18,000 പേര്‍ അംഗങ്ങളാണ്. മരണാനന്തര സഹായധനമായി നല്‍കിയത് 12 കോടി രൂപ. ശനിയാഴ്ചയും രണ്ട് അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി. അരീക്കോട് വാലില്ലാപ്പുഴ യൂണിറ്റിലെ അംഗങ്ങളുടെ കുടുംബത്തിനാണ് തുക കൈമാറിയത് 10കോടി രൂപയോളം നീക്കിയിരിപ്പുണ്ട്. അതുപയോഗിച്ച് സ്ഥലം വാങ്ങി പാവങ്ങള്‍ക്കായി ഒരു ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍.