തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ മുഖ്യപത്രാധിപർ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

To advertise here,

അഞ്ചു പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ. അതിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്. ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. പ്രശസ്ത വയലിനിസറ്റ് എൻ. രാജത്തെയും പദ്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിക്കും. ചെന്നൈയിൽ ജനിച്ച രാജം പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്.

മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർക്കു പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. 13 പേർക്കാണ് ഇത്തവണ പദ്മഭൂഷൺ. നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 1998-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ദീർഘകാലമായി എസ്എൻഡിപി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശൻ സാമൂഹിക, രാഷ്ട്രീയരംഗത്തും സജീവ സാന്നിധ്യമാണ്.

പദ്മഭൂഷൺ ലഭിച്ച മറ്റുള്ളവർ:

അൽക യാഗ്നിക്- കല
ഭഗത് സിങ് കോഷിയാരി- രാഷ്ട്രീയം
കള്ളിപ്പട്ടി രാമസ്വാമി പളനിസ്വാമി- മെഡിസിൻ
ഡോ. നോറി ദത്താത്രേയുഡു- മെഡിസിൻ
പിയൂഷ് പാണ്ഡെ- കല
കെ.എം. മയിലാനന്ദൻ- സാമൂഹികസേവനം
ശതവദനി ആർ ഗണേഷ്- കല
ഷിബു സോറൻ(മരണാനന്തരം)- രഷ്ട്രീയം
ഉദയ് കോട്ടക്‌- വ്യവസായം
വി.കെ. മൽഹോത്ര(രാഷ്ട്രീയം)
വിജയ് അമൃത്‌രാജ്- കായികം

113 പേർക്കാണ് ഇത്തവണ പദ്മശ്രീ ബഹുമതി ലഭിച്ചത്. കേരളത്തിൽനിന്ന് മൂന്നു പേർക്കാണ് പദ്മശ്രീ. ശാസ്ത്രമേഖലയിൽ എ.ഇ. മുത്തുനായകം, കലാരംഗത്ത് കലാമണ്ഡലം വിമല മേനോൻ, സാമൂഹ്യപ്രവർത്തനത്തിന് പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക്.

മോഹിനിയാട്ടം നർത്തകിയും നൃത്താദ്ധ്യാപികയും തിരുവനന്തപുരത്തെ കേരള നാട്യഅക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും ആണ് വിമല മേനോൻ. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിക്കുന്നു. ഡോ. എ.ഇ. മുത്തുനായകം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ഇന്ത്യയിലെ റോക്കറ്റ് പ്രൊപ്പൽഷന്റെ മുഖ്യ ശില്പിയുമാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയിലെ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, നടൻ മാധവൻ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ തുടങ്ങിയവരെ പത്മശ്രീ നൽകി രാജ്യം ആദരിക്കും. പദ്മശ്രീ ലഭിച്ച ചലച്ചിത്ര താരം മാധവൻ രണ്ട് പതിറ്റാണ്ടിലേറെ അഭിനരംഗത്ത് സജീവമായുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. നിലവിൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ്.