തൃശ്ശൂര്‍: കൊടും കുറ്റവാളികളെ മാത്രം പാര്‍പ്പിക്കാനായി നിര്‍മിച്ച വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ സിസിടിവിയും മതിലിനു മുകളിലെ വൈദ്യുതവേലിയും പ്രവര്‍ത്തിക്കുന്നില്ല. അന്തേവാസികള്‍ രക്ഷപ്പെടുകയോ ആക്രമിക്കുകയോ ചെയ്യുമോയെന്ന ഭയത്തിലാണ് ജീവനക്കാര്‍. സിസിടിവി ഇല്ലാത്തത് മുതലെടുത്ത് ജീവനക്കാര്‍ മര്‍ദിക്കുകമോ എന്ന ഭയത്തിലാണ് അന്തേവാസികളും.

To advertise here,

അതിസുരക്ഷാ ജയിലിനു മാത്രമായി പ്രത്യേക നിയമമില്ലാത്തതിനാല്‍ മുഴുവന്‍സമയം അന്തേവാസികളെ പൂട്ടിയിടാനാകില്ല. മറ്റു ജയിലുകളിലേതിന് സമാനമായ അവകാശങ്ങളും മാനുഷിക പരിഗണനയും ഇവിടേയും നല്‍കേണ്ടതുണ്ട്.

ജയില്‍നിയമത്തില്‍ പുതിയ ചട്ടമുണ്ടാക്കി സുരക്ഷ കര്‍ശനമാക്കുമെന്ന വ്യവസ്ഥയിലാണ് അതിസുരക്ഷാ ജയില്‍ ആരംഭിച്ചത്. 2019 ജൂലായ് മൂന്നിന് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതേവരെ ഒന്നുമുണ്ടായില്ല.

ഒരിക്കലും മാനസാന്തരം ഉണ്ടാകാന്‍ സാധ്യതയില്ലാത്ത തടവുകാരെ മാത്രം പാര്‍പ്പിക്കാനായി തയ്യാറാക്കിയ അതിസുരക്ഷാ ജയിലിന് അക്കാരണംകൊണ്ടു മാത്രം കറക്ഷണല്‍ ഹോം എന്ന പേരില്ല. മറ്റെല്ലാ ജയിലുകളും കറക്ഷണല്‍ ഹോമുകളാണ്. ഇതുമാത്രം ജയിലും. രാജ്യത്തെ രണ്ടാമത്തെ അതിസുരക്ഷാ ജയിലാണിത്. എന്‍!!െഎഎ, യുഎപിഎ, മാവോവാദി, തീവ്രവാദി, കൊടും കുറ്റവാളികള്‍ തുടങ്ങിയ കേസുള്ളവരാണ് അന്തേവാസികള്‍. ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരുമുണ്ട്. കുറ്റവാളികള്‍ പരസ്പരം സംഘടിക്കാത്ത തരത്തിലും ആശയവിനിമയം നടത്താത്ത രീതിയിലുമാണ് സെല്ലുകളുടെ നിര്‍മാണമെങ്കിലും അത് സാധ്യമാകുന്നില്ല. പ്രത്യേക ചട്ടമില്ലാത്തതിനാല്‍ മറ്റുജയിലുകളിലെ സ്വാതന്ത്ര്യം ഇവര്‍ നേടിയെടുക്കാറുണ്ട്.

ജീവനക്കാര്‍ കുറവാണ്. മിക്കവര്‍ക്കും പരിശീലനം കിട്ടിയിട്ടുമില്ല. 314 അന്തേവാസികളുണ്ട്. 47 സുരക്ഷാ ജീവനക്കാരും. സാധാരണ ജയിലുകളില്‍ ആറു തടവുകാര്‍ക്ക് ഒരു ജീവനക്കാരന്‍ വേണമെന്നാണ് നിയമം. അതിസുരക്ഷാ ജയിലില്‍ അതിലധികം വേണം. മാസങ്ങളായി അതിസുരക്ഷാ ജയിലില്‍ മെഡിക്കല്‍ ഓഫീസറുമില്ല.

2023 നവംബര്‍ അഞ്ചിന് അതിസുരക്ഷാ ജയിലില്‍ കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ വന്‍കലാപമുണ്ടാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. ജീവനക്കാര്‍ കുറവായിരുന്ന സമയത്തായിരുന്നു ഇത്. സമീപത്തുണ്ടായിരുന്ന സെന്‍ട്രല്‍ ജയിലില്‍നിന്ന് ജീവനക്കാരെത്തിയാണ് കലാപക്കാരെ അമര്‍ച്ച ചെയ്തത്.