
കൊച്ചി: ഒടുവില്‍ അതും കേരളത്തിലെത്തി, 'വെജിറ്റേറിയന്‍ ഇറച്ചി'. സസ്യങ്ങളിലെ പ്രോട്ടീനില്‍ നിന്നാണ് കൊച്ചിയിലെ പ്ലാന്റില്‍ ഇറച്ചിയുണ്ടാക്കുന്നത്.ഇതില്‍ കൊളസ്ട്രോളും ട്രാന്‍സ് ഫാറ്റുമില്ല.അതേ സമയം പ്രോട്ടീനും ദഹനത്തെ ഏറെ സഹായിക്കുന്ന നാരുകളും ഏറെയുണ്ട്. കേന്ദ്ര,സംസ്ഥാന സര്ക്കരുടെ സഹായത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇതിന്റെ നിര്‍മാതാക്കള്‍.ഈ വര്‍ഷമാണ് ഓണ്‍ലൈനില്‍ വിപണനം തുടങ്ങിയത്. ഗ്രീന്‍ പീസിന്റെ ഒരു വകഭേദമാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇറച്ചിയുടെ ഘടന ഉണ്ടാക്കാനായി മാംസ്യമടങ്ങിയ ചേരുവകള്‍ ഉണ്ട്. ചൂടാക്കാനും തണുപ്പിക്കാനും കഷ്ണങ്ങളാക്കാനും യന്ത്രസംവിധാനമുണ്ട്. പ്രിസര്വ്വേറ്റീവില്ല.പാചകത്തിനു മുന്‍പ് കഴുകേണ്ട,വേസ്റ്റും ഉണ്ടാവില്ല. ബീഫ് കറിയോ ചിക്കന്‍ കറിയോ ഉണ്ടാക്കുന്ന രീതിയിലുള്ള മസാലക്കൂട്ടുകള്‍ ചേര്‍ത്താല്‍ ഏറെക്കുറെ അതേ സ്വാദു കിട്ടും. .ചവയ്ക്കുമ്പോഴും കഴിക്കുമ്പോഴും ഇറച്ചി പോലെ തന്നെ.
ഇറച്ചി പരീക്ഷണങ്ങള്‍
സന്യങ്ങളെ പോലെ പ്രകാശസംശ്ലേഷണം നടത്തി ആഹാരം ഉല്‍പ്പാദിപ്പിക്കാനാകുമോ എന്ന പരീക്ഷണങ്ങള്‍ ലോകമെങ്ങും ദീര്‍ഘകാലമായി നടക്കുന്നുണ്ട്. ലോകത്തിനാകെ ഭക്ഷണം നല്കുന്ന സസ്യങ്ങളുടെ രഹസ്യം നേടാനുള്ള മനുഷ്ന്റെ യത്നം. അതു പോലെ തന്നെയായിരുന്നു ഇറച്ചിക്ക് ബദല്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍.അതിന് ഫലം കിട്ടി. ആഗോളതലത്തില്‍ ഇന്ന് വിപണിയില്‍ ഇറച്ചിക്ക് ബദലായി പല ഉല്‍പ്പന്നങ്ങളുണ്ട് . ഇന്‍ഡ്യയില്‍ ഈ മേഖല പക്ഷേ ശൈശവ ദശയിലാണ്. ഇറച്ചിക്കറിയ്ക്ക് ബദലായി പോഷകഗുണത്തിലും, സ്വാദിലും, ചവക്കുന്ന അനുഭവത്തിലും സാമ്യമുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ കുറവാണ്.
പ്രോട്ടീന്‍ 25%
''മാംസഭക്ഷണം കഴിക്കുന്നവര്‍ക്കു പല പല ഉത്കണ്ഠകളുമുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ ഇറച്ചി കഴിക്കരുത് എന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പലരും ധര്‍മസങ്കടത്തിലാകും. ശീലവും സ്വാദും എങ്ങനെ ഒഴിവാക്കും? മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതയെ കുറിച്ചുള്ള വിഷമം മൂലം ചിലര്‍ ഇറച്ചി ഒഴിവാക്കുന്നു. ഇതിനെല്ലാമുള്ള ഉത്തരമാണിതെന്ന് സംരംഭകര്‍.
'' കൂടാതെ വലിയൊരു കാര്യം കൂടിയുണ്ട്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണിത്.ലോകത്ത് പുറന്തള്ളുന്ന കാര്‍ബണില്‍ 14 മുതല്‍ 18 ശതമാനം വരെ മാംസത്തിനായി വളര്‍ത്തുന്ന മൃഗങ്ങളുടെ ഫാമുകളില്‍ നിന്നാണ് എന്നാണ് ഐക്യ രാഷ്ട്രസഭയുടെ പഠനം പറയുന്നത്.
ഇറച്ചിയില്‍ ശരാശരി 22 ശതമാനമാണ് പ്രോട്ടീനിന്റെ അളവ്. എന്നാല്‍ ഗ്രീന്മീറ്റില് ഇത് 25 ആണ്.' സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍ പറയുന്നു.
കോവിഡ് കാലത്തെ പുതുവഴി
ധീരജ് മോഹനും ഉണ്ണികൃഷ്ണന് .പി.ജിയുമാണ് ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്,അതും ലോകം അടഞ്ഞുകിടന്ന കോവിഡ് കാലത്ത്. ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ സീനിയര്‍ മാനേജര്‍ (ഇന്‍സ്ട്രമെന്റേഷന്‍) ജോലി രാജിവെച്ച് ധീരജും, ബംഗ്ലൂരുവിലെ സീമെന്‍സ് ചീഫ്മാനേജര്‍ സ്ഥാനം രാജിവെച്ച, സുഹൃത്ത് ഉണ്ണികൃഷ്ണനും ചേര്‍ന്ന് കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഗ്രീനോവേറ്റീവ് ഫുഡ്സ് എന്ന സ്ഥാപനം തുടങ്ങി. കോഴിക്കോട് ഐഐഎം വിദ്യാര്‍ത്ഥികളായിരിക്കെ ഇരുവരും ചെയ്ത ബിസിനസ് പ്ലാനാണ് ഗ്രീന്‍ മീറ്റിലെത്തിയത്. 75 ലക്ഷം രൂപയായിരുന്നു മൂലധനം. സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടായി കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് 25 ലക്ഷം രൂപയും കേരള സ്റ്റാര്‍ട്ട്പ്പ് മിഷനില്‍ നിന്ന് ഫണ്ടും ഗ്രാന്‍ഡുമായി 22 ലക്ഷം രൂപ കിട്ടി. കേന്ദ്രസര്‍ക്കാരിന്റെ റഫ്താര്‍ ഫണ്ടായി അഞ്ചു ലക്ഷം രൂപ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കിട്ടി.യന്ത്രസംവിധാനം സ്വയം ഡിസൈന്‍ ചെയ്തു.
മാള പടിഞ്ഞേറേടത്ത് പരേതനായ പി.ജി. ഗോവിന്ദന്റെയും നന്ദിനിയുടെയും മകനാണ് ഉണ്ണികൃഷ്ണന്.സ്മിത(ടി.സി.എസ് ) യാണ് ഭാര്യ. മകന്: അഭിജിത്ത്.തിരൂര്‍ തുളസിയില്‍ ഫാക്ട് റിട്ട. സീനിയര്‍ മാനേജര്‍ രാമമോഹന്റെയും ധനലക്ഷ്മിയുടെയും മകനാണ് ധീരജ്.ഭാര്യ നന്ദിനി.മക്കള്‍:അനിരുദ്ധ്,നിഹാര.
Content Highlights: vegetarian meat-kerala startup
Published: 25 Jun 2024, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented