കൊച്ചി: വിലയുടെ പേരില്‍ വിവാദമായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന ഷൂവിന്റെ വിലയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മൂന്നുലക്ഷം രൂപ വിലയുള്ള ഷൂവാണ് പ്രതിപക്ഷനേതാവ് ധരിച്ചിരുന്നത് എന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകള്‍ വന്നതോടെയാണ് സംഭവം വിവാദമായത്. 

To advertise here,

ക്ലൗഡ്ടില്‍റ്റ് എന്ന കമ്പനിയുടെ മൂന്നുലക്ഷം രൂപ വിലവരുന്ന ഷൂസാണ് പ്രതിപക്ഷ നേതാവ് ധരിച്ചിരുന്നത് എന്ന തരത്തില്‍ സിപിഎം സൈബര്‍ ഗ്രൂപ്പുകളിലൂടെയാണ് പ്രധാനമായും പ്രചാരണം നടന്നത്. സതീശന്റെ ചിത്രങ്ങള്‍ക്കൊപ്പം പ്രസ്തുത ഷൂവിന്റെ പ്രൈസ്ടാഗ് അടക്കമുള്ള ചിത്രങ്ങളോടുകൂടിയുള്ള പോസ്റ്റുകളാണ് വലിയ തോതില്‍ പ്രചരിച്ചത്. ഇന്ന് കോടനാട് ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതിപക്ഷനേതാവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 

ഞാന്‍ മൂന്നുലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം ഹാന്‍ഡിലുകള്‍ ഇന്നലെ പറഞ്ഞത്, പ്രചരിപ്പിച്ചത്. ഈ സംശയവുമായി വരുന്ന ഏത് സിപിഎമ്മുകാരനും 5000 രൂപയ്ക്ക് ഈ ഷൂകൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. മൂന്നുലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് തന്നേക്കാം. അതിനേക്കാള്‍ കൂടുതല്‍ ഒന്നുംപറയാനില്ല. ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരവും ചില്ലറയുമാണ് - പ്രതിപക്ഷ നേതാവ് പറഞ്ഞു.