ചമ്പക്കര (കോട്ടയം): അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് വെട്ടിമാറ്റി. സ്ഥലം ഉടമ മരം മുറിച്ചു നീക്കാന്‍ വിസമ്മതിച്ചതോടെയാണ് പഞ്ചായത്ത് മരം മുറിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ചമ്പക്കര കുറുപ്പന്‍കവല മാക്കിഭാഗത്ത് തുണ്ടിയില്‍ ടി.ടി. മുരുകന്റെ വീടിന് മുകളില്‍ അയല്‍വാസിയുടെ പറമ്പില്‍ നിന്ന ചാര് മരം പിഴുതുവീണത്. മുരുകന്റെ വീടിന് സാരമായ നാശനഷ്ടമുണ്ടായി. മുകള്‍ നിലയിലെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു.
കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മുറിച്ചുമാറ്റാതിരുന്ന മരമാണ് പിഴുത് വീണത്. വിവരം സ്ഥലം ഉടമയെ അറിയിച്ചെങ്കിലും മരം മുറിച്ചു മാറ്റില്ലെന്നും നഷ്ടപരിഹാരം തരില്ലെന്നും അറിയിച്ചതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതോടെ ജില്ലാകളക്ടര്‍ മരം മുറിച്ചുമാറ്റാന്‍ വീണ്ടും ഉത്തരവിടുകയായിരുന്നു.
18,000 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് മരം മുറിച്ചുമാറ്റിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുരുകന്റെ വീടിന് നാലുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്. വിഷയത്തില്‍ ബുധനാഴ്ച പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കും.
സ്ഥലം സംബന്ധിച്ചും തര്‍ക്കം
മരം നില്ക്കുന്ന സ്ഥലം സംബന്ധിച്ച് പഞ്ചായത്തും സ്ഥലം ഉടമയും തമ്മില്‍ നിലവില്‍ കേസുണ്ട്. തോട്ട്പുറമ്പോക്കാണെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാല്‍, സ്ഥലം വിട്ടു കൊടുക്കാന്‍ ഉടമയും തയ്യാറല്ല. ഇത് സംബന്ധിച്ച് വര്‍ഷങ്ങളായി കേസ് നിലനില്‍ക്കുന്നുണ്ട്.
കേസ് പഞ്ചായത്തിന് അനുകൂലമായാല്‍ നഷ്ടപരിഹാരം പഞ്ചായത്ത് നല്‍കണം. അല്ലെങ്കില്‍ സ്ഥലം ഉടമ നല്‍കണം. നഷ്ട പരിഹാരം നല്കാന് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സ്ഥലം ഉടമ. മുന്‍പ് കളക്ടറുടെ ഉത്തരവ് പ്രകാരം മരം മുറിച്ചു മാറ്റാന്‍ എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേയും സ്ഥലം ഉടമ കേസ് നല്‍കിയിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Content Highlights: tree fell on a house in champakara kottayam panchayat removed it after the owner refused
Published: 20 Aug 2025, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented