കൊല്ലം: വർഷം 1939. തിരുവിതാംകൂറിൽ രാഷ്ട്രീയപ്രക്ഷോഭം കൊടുമ്പിരികൊള്ളുകയാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമരങ്ങളെ ദിവാനായിരുന്ന സർ സി.പി. നിർദാക്ഷിണ്യം അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള അഞ്ചുതെങ്ങും തങ്കശ്ശേരിയും തിരുവിതാംകൂറിനുള്ളിൽനിന്നുകൊണ്ട് പിടിക്കപ്പെടാതെ സംഘടിക്കാനും സമരംചെയ്യാനുമുള്ള ഒളിവിടങ്ങളാകും എന്നവർ കരുതി. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ അവർക്കായില്ല. തിരുവിതാംകൂറിലെ ബ്രിട്ടന്റെ ഒളിക്കണ്ണുകളുടെ നിരീക്ഷണത്തിലായിരുന്നു സദാ അവർ.

To advertise here,

ഇതിന്റെ തെളിവുകളാണ് കോഴിക്കോട് റീജണൽ ആർക്കൈവ്സിലെ മദ്രാസ് ഗവൺമെന്റിന്റെ പബ്ലിക് ഡിപ്പാർട്ട്മെന്റ് ബണ്ടിൽ നമ്പർ ഒന്ന് എ, സീരിയൽ നമ്പർ 43-ലെ രേഖകൾ പറയുന്നത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫ. എം.സി. വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധയിൽപ്പെടുന്നത്. 1939 ഏപ്രിൽ 11-ന് തിരുനെൽവേലിയിലെ കളക്ടറായ ഇ. ബെന്നറ്റ് മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച രഹസ്യ റിപ്പോർട്ടാണ് പ്രധാനപ്പെട്ട രേഖകളിലൊന്ന്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല തിരുനെൽവേലിയിലെ കളക്ടർക്കായിരുന്നു. അഞ്ചുതെങ്ങിലെയും തങ്കശ്ശേരിയിലെയും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരുടെ ഓരോ നീക്കവും രഹസ്യ റിപ്പോർട്ടിലുണ്ട്.

രേഖയിൽ പറയുന്നതിങ്ങനെ: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഇരുപതോളം വൊളന്റിയർമാർ ക്യാപ്റ്റൻ വി.കെ. കുഞ്ഞികൃഷ്ണന്റെയും ചിറയിൻകീഴിലെ സ്റ്റേറ്റ് കോൺഗ്രസ് താലൂക്ക് കമ്മിറ്റി സെക്രട്ടറിയുടെയും നേതൃത്വത്തിൽ 1939 മാർച്ച് 24 മുതൽ 27 വരെ അഞ്ചുതെങ്ങിൽ അഥവാ ഫോർട്ട് അഞ്ചങ്ങോയിൽ കഴിഞ്ഞു. ഈ സമയത്ത് അവർ അഞ്ചുതെങ്ങിന് മൂന്നു മൈൽ തെക്കുകിഴക്കുള്ള ചാരക്കരയിൽ ഫണ്ട് ശേഖരിക്കാനായി പോയി. വൊളന്റിയർമാർ താമസിക്കുന്ന വീടിനു സമീപത്തുള്ള ഒരു സ്വകാര്യ തോട്ടത്തിൽവെച്ച് അവർക്ക് പരിശീലനം നൽകി. തിരുവിതാംകൂർ ഭരണകൂടം സെക്രട്ടറിക്കും വൊളന്റിയർമാരുടെ ക്യാപ്റ്റനുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഞ്ചുതെങ്ങിലെ സബ് മജിസ്ട്രേറ്റിനോട് വൊളന്റിയർമാരുടെ എല്ലാ പ്രവർത്തനവും തിരുവിതാംകൂർ സർക്കാരിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്കശ്ശേരിയെപ്പറ്റിയുള്ള റിപ്പോർട്ടിൽ പറയുന്നത്: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ താലൂക്ക് സെക്രട്ടറി പി.ജി. വർഗീസ് കോൺഗ്രസ് ഓഫീസിനായി തങ്കശ്ശേരിയിൽ വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. കൊല്ലത്തെ വൊളന്റിയർമാർ നിർദേശങ്ങൾക്കായി അദ്ദേഹത്തിന്റെ അടുത്തുപോകാറുണ്ട്. തങ്കശ്ശേരിയിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടെന്നും അറിയുന്നു. മദ്രാസിലെ ചീഫ് സെക്രട്ടറി തിരുവിതാംകൂറിലെ ബ്രിട്ടീഷ് െറസിഡെന്റിനോട് പ്രിൻസസ് പ്രൊട്ടക്‌ഷൻ ആക്ട് പ്രകാരം വൊളന്റിയർമാർക്കെതിരേ നടപടിയെടുക്കാൻ കഴിയുമോയെന്ന് അന്വേഷിക്കുന്ന രേഖകളും ഗവേഷണത്തിനിടെ കണ്ടെത്തി. 1939 ഏപ്രിൽ 13-ന് തിരുവിതാംകൂറിലെ െറസിഡെന്റ്, മദ്രാസിലെ ബ്രിട്ടീഷ് ചീഫ് സെക്രട്ടറിയുടെ സംശയത്തിന് വിശദീകരണം നൽകി. ഈ വകുപ്പ് മദ്രാസ് പ്രസിഡൻസിയിൽ നടപ്പാക്കപ്പെട്ടിട്ടില്ല എന്നായിരുന്നു മറുപടി. അഞ്ചുതെങ്ങിലും തങ്കശ്ശേരിയിലുംമാത്രം ഇന്ത്യൻ സ്റ്റേറ്റ്സ് പ്രൊട്ടക്‌ഷൻ ആക്ട്-1 1934-ന്റെ സെക്‌ഷൻ അഞ്ച് നടപ്പാക്കാമെന്ന തീരുമാനം പിന്നീടുണ്ടായി.

തിരുവിതാംകൂർ ഭരണകൂടത്തിൽനിന്നും ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്നും അടിച്ചമർത്തലുകൾ പലതവണയുണ്ടായെങ്കിലും, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമരങ്ങൾ ഫലപ്രാപ്തിയിലെത്തി. നിരന്തര പ്രക്ഷോഭങ്ങൾ ദിവാൻ സർ സി.പി.യുടെ പതനത്തിന് വഴിയൊരുക്കി. 1947 സെപ്‌റ്റംബർ നാലിന് തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണം ഏർപ്പെടുത്തുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ തിരുവിതാംകൂർ രാജാവ് നിർബന്ധിതനായി. 1948 മാർച്ച് 24-ന് നടന്ന പ്രായപൂർത്തി വോട്ടവകാശപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചു. പട്ടം താണുപിള്ള ആദ്യത്തെ പ്രധാനമന്ത്രിയായും സി. കേശവൻ, ടി.എം. വർഗീസ് എന്നിവരും ഉൾപ്പെടുന്ന സ്വതന്ത്ര തിരുവിതാംകൂറിലെ ആദ്യത്തെ മന്ത്രിസഭ രൂപംകൊണ്ടു. 1949-ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി ലയിച്ചു.