തിരുവനന്തപുരം: കോർപ്പറേഷനിൽ ബിജെപി അധികാരമേെറ്റടുത്തതോടെ കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്‌ട്രിക് ബസുകൾ വീണ്ടും ചർച്ചയാവുകയാണ്. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിനു പുറത്ത് സർവീസ് നടത്തുന്നതിനെതിരേ പുതിയ ഭരണസമിതി ശക്തമായി മുന്നോട്ടു വന്നിരിക്കുകയാണ്. നഗരത്തിലെ ഇ-ബസുകളെ തിരിച്ചുപിടിക്കാനുള്ള കർശന നടപടി ഉടൻ സ്വീകരിക്കുമെന്ന് മാധ്യമങ്ങളോട് മേയർ വി.വി.രാജേഷ് പറഞ്ഞു. കോർപ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആർടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സർക്കുലർ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ ഇ-ബസുകളാണ് കെഎസ്ആർടിസി ഇഷ്ടാനുസരണം നാടുകടത്തിയത്.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്. 10 രൂപ നിരക്കിൽ ഓടിത്തുടങ്ങിയ സിറ്റി സർക്കുലർ ഇ-ബസുകൾ പെട്ടെന്ന് ജനകീയമായി. 113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. ഈ ബസുകൾ നഗരത്തിൽത്തന്നെ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു.
മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ കെഎസ്ആർടിസി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ കരാർ ലംഘിച്ച് ബസുകൾ മറ്റിടങ്ങളിലേക്ക് സർവീസ് നടത്തിത്തുടങ്ങി. സ്വകാര്യ ബസുകളെ സംരക്ഷിക്കാനായിരുന്നു സിറ്റി സർക്കുലർ ബസുകൾ എന്ന ആശയം കെഎസ്ആർടിസി തകർത്തത്.
നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് രൂപകൽപന ചെയ്ത റൂട്ടുകളാണ് സിറ്റി സർക്കുലറിനു വേണ്ടി തയ്യാറാക്കിയത്. എന്നാൽ ഇവ സിറ്റി വിട്ട് നെടുമങ്ങാട്, ആറ്റിങ്ങൽ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തലസ്ഥാന നഗരത്തിലെ വീതികുറഞ്ഞ ഇടറോഡുകൾക്കനുയോജ്യമായാണ് ചെറിയ ഇ-ബസുകൾ.
നഗരത്തിനു പുറത്തേക്കു യാത്ര തുടങ്ങിയതോടെ പേരുമാറ്റി നിരക്കും ഉയർത്തി. ഇ-ബസുകളെ സിറ്റി ഫാസ്റ്റ് എന്ന പേരിൽ കെഎസ്ആർടിസി അവതരിപ്പിച്ചു. നിരക്ക് കൂട്ടാനുള്ള മറ്റൊരു തന്ത്രമായിരുന്നു അത്.
ഇ-ബസുകളുടെ പ്രവർത്തനച്ചെലവ് കുറവായതിനാൽ യാത്രാനിരക്ക് കുറച്ച് സർവീസ് നടത്താനാകും. റൂട്ട് മാറി ഒാടുന്ന സിറ്റി ബസുകൾ ഇല്ലാതായതോടെ ഈ ബസുകളെ മാത്രം ആശ്രയിച്ചിരുന്ന പ്രായമായവരുടെ കാര്യം പരുങ്ങലിലായി. മുൻ ഭരണസമിതി ഇതിനെതിരേ രംഗത്തു വന്നിരുന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഈ വിഷയത്തിൽ കൊണ്ടുവരാൻ അവർക്കായില്ല.
Content Highlights: Corporation Reclaims KSRTC E-Buses: Addressing Deviation from City Service Mandate
Published: 29 Dec 2025, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented