കുട്ടിക്കാലംമുതല്‍ വി.എസ്. അച്യുതാനന്ദന്റെ കണ്‍മുന്നില്‍ വളര്‍ന്ന ഒരു രാഷ്ട്രീയനേതാവ് എഴുതിയ ഓര്‍മ്മക്കുറിപ്പാണിത്. ആ കുട്ടി പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റില്‍വരെയെത്തി. വി.എസുമായി അകലുകയും വി.എസ്. പക്ഷക്കാരനായി മുദ്രകുത്തപ്പെടുകയും ചെയ്തു. എതിരാളികളെ സന്ദേഹമേതുമില്ലാതെ വെട്ടിനിരത്തുന്ന വി.എസിനെയും തനിക്ക് വെട്ടുകൊള്ളുമ്പോഴും ധീരതയോടെ പോരാടുന്ന വി.എസിനെയും അയാള്‍ കണ്ടു. കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ വേദിവിട്ട് പുറത്തിറങ്ങി ഏകാകിയായി നടന്നുപോവുന്ന വി.എസിനെ കണ്ടു...
വി.എസിനെ ആദ്യം കാണുന്നത് ഞാന്‍ നന്നായി ഓര്‍മ്മിക്കുന്നു. 1960-കളുടെ അവസാനമായിരുന്നു അത്. അക്കാലത്ത് കോട്ടയം സിപിഎം ജില്ലാ കമ്മിറ്റിയില്‍ വലിയ ചേരിപ്പോരുകളുണ്ടായിരുന്നു. അതിന്റെഭാഗമായി സംസ്ഥാനകമ്മിറ്റി ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും കാര്യങ്ങള്‍ അന്വേഷിക്കാനായി എന്‍ക്വയറി കമ്മിഷനായിവെച്ചു. രണ്ടുപേരും കോട്ടയത്ത് പഴയ ബോട്ടുജെട്ടിയിലുള്ള മുനിസിപ്പല്‍ റെസ്റ്റ് ഹൗസില്‍ വന്നു താമസിച്ചു. ഇവര്‍ക്കാവശ്യമുള്ള ചില സാധനങ്ങള്‍ വാങ്ങി അന്ന് പാര്‍ട്ടി ഓഫീസിലുണ്ടായിരുന്ന ശ്രീധരന്റെകൂടെ ഞാനും പോയി. ഞാന്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. നേതാക്കന്മാരെ കാണാനുള്ള കൗതുകംകൊണ്ടാണ് അന്ന് കെഎസ്എഫ് പ്രവര്‍ത്തകനാണെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഞാനും കൂട്ടത്തില്‍പ്പോയത്. ശ്രീധരനെയോ കൂട്ടത്തില്‍വന്ന പയ്യനെയോ രണ്ടുപേരും ഗൗനിച്ചില്ല. ഗൗരവത്തില്‍ ശ്രീധരനോട് എന്തോ പറഞ്ഞുവെന്നുമാത്രം. ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി. വി.എസിന്റെ അന്നത്തെ രൂപം ഞാന്‍ ഓര്‍ക്കുന്നുണ്ട്: വലിയ തടിച്ച ശരീരം. പൂര്‍ണഗൗരവം. വി.എസിന്റെ പേര് ചെറുപ്പംമുതല്‍ എനിക്ക് പരിചയമായിരുന്നു. അതിന്റെകാരണം മൂന്നാറിലുള്ള എന്റെ അമ്മാവന്‍ നാരായണക്കുറുപ്പിന്റെ വീട്ടില്‍ താമസിച്ചാണ് വി.എസ്. 1957-ലെ പ്രശസ്തമായ മൂന്നാര്‍ ബൈ ഇലക്ഷന്‍ നയിച്ചത് എന്നതായിരുന്നു. അതൊക്കെ വളരെക്കാലം ഞങ്ങളുടെ വീട്ടിലെ സംസാരങ്ങളില്‍ കടന്നുവരാറുണ്ടായിരുന്നു.
പിന്നീട് ഞാന്‍ എസ്എഫ്‌ഐ ഭാരവാഹിയായി സംസ്ഥാനമൊട്ടാകെ ചുറ്റിത്തിരിയുന്ന ഒരാളായിമാറി. ഇടയ്ക്ക് വി.എസിനെ മുഖാമുഖം കാണാറുണ്ടായിരുന്നു. എന്റെ അമ്മാവന്മാര്‍ പലരെയും വി.എസിന് അറിയാമായിരുന്നെങ്കിലും അതൊന്നും അറിഞ്ഞഭാവം അദ്ദേഹം നടിച്ചില്ല. കാണുമ്പോള്‍ ഗൗരവംമുറ്റിനിന്ന ഒരു പുഞ്ചിരി, അത്രമാത്രം. ഒന്നും സംസാരിക്കില്ല. അങ്ങനെയിരിക്കേ ഞാന്‍ എവിടെയോ പോയിട്ട് തിരുവനന്തപുരത്തേക്ക് ആലപ്പുഴവഴി രാത്രി കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ഒരുമണിയോടടുത്ത് ആലപ്പുഴയിലെത്തിയ ബസ് യാത്രക്കാരെ ഇറക്കി ഗാരേജിലേക്കുപോയി. പുറത്തിറങ്ങിയ ഞാന്‍ അവിടെക്കണ്ട ഒരു ബെഞ്ചിലിരുന്ന് സുഖമായി ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ എന്റെ ബസ് പോയിക്കഴിഞ്ഞിരുന്നു. എന്റെ പോക്കറ്റാകട്ടെ കാലിയും. ഇനി മറ്റൊരു ബസില്‍ പോകാന്‍ ഒരു നിര്‍വാഹവുമില്ല. ഞാന്‍ എന്തുചെയ്യേണ്ടു എന്നറിയാതെ നില്‍ക്കുമ്പോള്‍ വി.എസ്. എവിടെയോ പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതുകണ്ടു. ഒരു സഹായിയും കൂടെയുണ്ടായിരുന്നു. ഞാന്‍ പതിയെ അടുത്തുചെന്നു. വി.എസ്. എന്തോ കുശലംപറഞ്ഞു. ഞാന്‍ മടിച്ചുമടിച്ചു കാര്യം പറഞ്ഞു. ഒരു പൈസയുമില്ല. പത്തുരൂപാ വേണം. ഒന്നുംമിണ്ടാതെ ഒരു ചെറുചിരിയോടെ പോക്കറ്റില്‍നിന്നു വി.എസ്. പത്തുരൂപ എടുത്തുതന്നു. പിന്നെ കുശലാന്വേഷണം ഒന്നുമില്ല. ഞാന്‍ ആദ്യംവന്ന ബസ്സില്‍ക്കയറി. പിന്നീട് ഞാന്‍ എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയായി. വി.എസ്. ആകട്ടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും. അപ്പോഴും കണ്ടാല്‍ ഒരു സ്റ്റേഹാന്വേഷണവും പറയില്ല. പ്രശസ്തമായ അദ്ദേഹത്തിന്റെ രോഷത്തിന് ചിലപ്പോഴൊക്കെ ഞാനും ഇരയായിട്ടുണ്ടുതാനും.
1984-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഞാന്‍മാത്രം പാര്‍ട്ടിയില്‍നിന്നു ജയിച്ചു. പിറ്റേദിവസം വി.എസിനെ ഞാന്‍ ഫോണില്‍ വിളിച്ചു. അദ്ദേഹം അതിദുഃഖിതനായിരുന്നു. അതിനാല്‍ സംസാരം മുന്നോട്ടുകൊണ്ടുപോകാന്‍ എനിക്കായില്ല. ഞാന്‍ ഫോണ്‍ വെച്ചു. അദ്ദേഹം ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ ചിലപ്പോള്‍ ഞാന്‍ പോയിക്കാണുമായിരുന്നു. എന്നാല്‍, ആ സന്ദര്‍ശനങ്ങളെല്ലാം ഒരു മിനിറ്റുകൊണ്ട് അവസാനിക്കും. 1989-ല്‍ തിരഞ്ഞെടുപ്പില്‍ തോറ്റ് ഞാന്‍ കോട്ടയത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങി. കോട്ടയം ടിബിയിലുള്ള വി.എസിനെ കാണണമെന്ന് പാര്‍ട്ടി ഓഫീസില്‍നിന്ന് എന്നെ അറിയിച്ചു. ഞാന്‍ ചെന്നപ്പോള്‍ പതിവില്ലാത്ത സ്‌നേഹത്തോടെ വി.എസ്. എന്നെ സ്വീകരിച്ചു. എന്നോട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് സ്ഥിരമായി പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ടു. ജീവിതത്തില്‍ പത്തുപൈസ എടുക്കാനില്ലാതെ ഞാന്‍ പ്രാക്ടീസ് തുടങ്ങിയതാണ്. വി.എസിനോട് എന്തുപറയും എന്നറിയാതെ ഞാന്‍ പരുങ്ങി. എന്തോ പറഞ്ഞ് ചിരിച്ച് ഞാന്‍ മുറിയില്‍നിന്നും ഇറങ്ങുകയായിരുന്നു.
എംവിആറിന്റെ ബദല്‍രേഖയ്ക്കുശേഷം ഞാന്‍ വി.എസിന് അനഭിമതനായിരുന്നു. എംവിആറിനെയും കൂട്ടരെയും നേരിടുന്നതില്‍ എന്നും മുന്നില്‍നിന്ന വി.എസില്‍നിന്നും, 1989-ല്‍, എന്നോട് ഇത്തരത്തില്‍ അനുഭാവപൂര്‍ണമായ സമീപനം അപ്രതീക്ഷിതമായിരുന്നു. പക്ഷേ, എനിക്ക് വി.എസിന്റെ സ്‌നേഹബുദ്ധ്യായുള്ള നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍പ്പെടാതെ ഞാന്‍ ഒഴിഞ്ഞുമാറിനടന്നു. പക്ഷേ, 1991-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി.എസിന്റെ തട്ടകമായ ആലപ്പുഴയിലെ മണ്ഡലങ്ങള്‍കൂടി ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഞാന്‍ എറണാകുളത്ത് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തനം ചുരുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. സാമ്പത്തികം തന്നെയായിരുന്നു മുഖ്യകാരണം. ഇതിനകം വി.എസ്. പാര്‍ട്ടിയില്‍ അതിശക്തനായിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങള്‍ ആഘോഷിച്ച വെട്ടിനിരത്തല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാന്‍ ഇതിനെല്ലാം മൂകസാക്ഷി. ആ സാംസ്‌കാരിക വിപ്ലവകാലത്ത് എന്നപ്പോലെ യുവജന വിദ്യാര്‍ഥി നേതാക്കന്മാരെല്ലാം വി.എസിന്റെകൂടെ അണിനിരന്നു. അങ്ങനെയിരിക്കേ ഒരുദിവസം വൈകുന്നേരം എനിക്ക് ഒരു ഫോണ്‍. അന്ന് മൊബൈല്‍ ഇല്ല. അങ്ങേത്തലയ്ക്കല്‍ വി.എസ്. ഞാന്‍ ആദ്യമൊന്ന് സംശയിച്ചു. ആരോ കബളിപ്പിക്കാന്‍ എന്നെ വിളിച്ചതായിരിക്കുമോ? ഫോണില്‍ വീണ്ടും ആ ഘനഗംഭീരമായ ശബ്ദം: ''ഞാന്‍ വി.എസ്. ആണ്''. അദ്ദേഹം പറഞ്ഞതൊക്കെ ഞാന്‍ സശ്രദ്ധംകേട്ടു. കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സി.വി. പത്മരാജനെതിരേ വി.എസ്. ഉന്നയിച്ച അഴിമതി അന്വേഷിക്കാന്‍ നയനാര്‍ ഗവ. ജസ്റ്റിസ് ശിവരാമന്‍നായര്‍ കമ്മിഷനെ നിയമിച്ചിരുന്നു. അതില്‍ വി.എസിനുവേണ്ടി വക്കാലത്തിടണം. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വി.എസിനുവേണ്ടി ഞാന്‍ തുടര്‍ച്ചയായി കമ്മിഷനുമുന്നില്‍ ഹാജരായി. അതോടെ ഞാന്‍ നാട്ടിലാകെ വി.എസ്. ഗ്രൂപ്പായി മുദ്രകുത്തപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തില്‍നടന്ന എല്ലാകാര്യങ്ങളിലും ഞാന്‍ വി.എസിനൊപ്പമാണെന്ന് എന്റെ അഭ്യുദയകാംക്ഷികള്‍ സ്ഥാപിച്ചു. ഞാന്‍ അതൊന്നും തിരുത്താനും പോയില്ല.
ഇതിനകം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജനനേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. മലപ്പുറം സമ്മേളനത്തില്‍ സുര്‍ജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വി.എസിന്റെ പിന്തുണയുള്ള പാനല്‍ മത്സരിച്ചു. പരാജയം ഏറ്റുവാങ്ങി. പിന്നീടുള്ള വി.എസിന്റെ ഒറ്റപ്പെടല്‍ ദുസ്സഹമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വി.എസിന് പ്രശ്‌നമല്ല. തന്റെ നിലപാടുകളില്‍നിന്ന് അണുവിട പിന്നോട്ടില്ല. തലയുയര്‍ത്തി, മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് പുന്നപ്ര-വയലാര്‍ സമരകാലത്തെന്നപോലെ അദ്ദേഹം മുന്നോട്ടുപോയി. വി.എസിന്റെ നിലപാടുകളുടെ ശരിതെറ്റുകളിലേക്കല്ല ഞാന്‍ ഇവിടെ പോകുന്നത്. അദ്ദേഹം എന്നും അങ്ങനെയായിരുന്നു. തന്റെ നിലപാടില്‍നിന്ന് ഒരിഞ്ച് പുറകോട്ടില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒട്ടേറെ നേതാക്കന്മാരില്‍ ഒരാളായിമാത്രം കേരളം കണ്ടിരുന്ന വി.എസിനെ നാട് വ്യത്യസ്തമായി മനസ്സിലാക്കാന്‍ തുടങ്ങിയത് അദ്ദേഹം പ്രതിപക്ഷനേതാവായതോടുകൂടിയാണ്. എല്ലാ ജനകീയപ്രശ്‌നങ്ങളിലേക്കും അദ്ദേഹം കടന്നുചെന്നു. നിയമസഭയിലും പുറത്തും അവ ഉന്നയിച്ചു. പലതിലും കോടതിയെ സമീപിച്ചു. അങ്ങനെ കേരളജനത വ്യത്യസ്തനായ ഒരു പ്രതിപക്ഷനേതാവിനെ വി.എസില്‍ കണ്ടു. വലിയ ജനകീയ അംഗീകാരമാണ് പ്രതിപക്ഷനേതാവെന്നനിലയില്‍ അദ്ദേഹത്തിനു കിട്ടിയത്. പക്ഷേ, അപ്പോഴും അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ പോരാട്ടങ്ങളും അതിലെ ഒറ്റപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരുന്നു. നിയമസഭാതിരഞ്ഞെടുപ്പു സമയത്ത് തനിക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ അദ്ദേഹം തുറന്ന പോരാട്ടത്തിനിറങ്ങി. മത്സരിച്ചു. ജയിച്ചു. മുഖ്യമന്ത്രിയായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവമില്ല. ഇനി ഉണ്ടാവുകയുമില്ല.
വി.എസിനെപ്പോലെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഏറെ ഗൗരവത്തോടെ ഏറ്റെടുത്ത മറ്റൊരു രാഷ്ട്രീയനേതാവും ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലുമില്ല. വെട്ടിനിരത്തല്‍ എന്നുപറഞ്ഞ് ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിലെ ശരി മനസ്സിലായിട്ടുണ്ടാവും. വയല്‍ നികത്തിയാല്‍ ഇല്ലാതാകുന്നത് ഒരു കാര്‍ഷികസമൂഹമെന്ന കേരളസ്വത്വമാണെന്ന ഉയര്‍ന്ന തിരിച്ചറിവായിരുന്നു, ആ രാഷ്ട്രീയം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ കാണിച്ച തന്റേടം, വനംകൊള്ളക്കാര്‍ക്കെതിരേ എടുത്ത നിലപാടുകള്‍, മതികെട്ടാന്‍മലയിലേക്ക് നടത്തിയ യാത്ര, പൂയംകുട്ടി, ജീരകപ്പാറ എന്നിവിടങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ എന്നിവ അദ്ദേഹത്തില്‍ ആഴത്തിലോടിയ 'മണ്ണും മനുഷ്യനും' എന്ന രാഷ്ട്രീയബോധത്തിന്റെ തുടര്‍ച്ചയായിരുന്നു. അതുപോലെത്തന്നെ കേരളത്തിലെ സ്ത്രീകള്‍ ഇത്രയധികം വിശ്വസിച്ച ഒരു ജനനേതാവ് വേറേയില്ല. സ്ത്രീപീഡകര്‍ അദ്ദേഹത്തെ അഗ്‌നിപോലെ ഭയന്നു. ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. 'താന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പ്' എന്നതായിരുന്നു വി.എസ്. നയം എപ്പോഴും. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായംമാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല.
കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ വി.എസിനു തുല്യം മറ്റൊരാളില്ല. അടിസ്ഥാന തൊഴിലാളിവര്‍ഗ കുടുംബത്തില്‍ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസംമാത്രം കിട്ടി, ചെറിയ പ്രായത്തില്‍ കുടുംബത്തിനു വരുമാനമുണ്ടാക്കാന്‍വേണ്ടി ആസ്പിന്‍വാള്‍ കമ്പനിയില്‍ ടെന്റ് തയ്യല്‍ക്കാരനായി ജോലിക്കുകയറി. വസൂരിപിടിച്ച് അമ്മ മരിക്കുന്നത് അദ്ദേഹത്തിന് മൂന്നാം വയസ്സില്‍ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തില്‍നിന്നാണ് പുന്നപ്ര-വലയാര്‍ സമരത്തിന്റെ പോരാളിയായതും കേരളത്തിലെ ഉന്നതനായ കമ്യൂണിസ്റ്റു നേതാവായതും ഉറച്ച കാല്‍വെപ്പോടെ കേരളത്തിന്റെ പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും. പട്ടം താണുപിള്ള, സി. കേശവന്‍, കുമ്പളത്തു ശങ്കുപ്പിള്ള എന്നിവര്‍ കോണ്‍ഗ്രസിലും എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് തുടങ്ങിയവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അരങ്ങുനിറഞ്ഞുനിന്ന തിരുവിതാംകൂറിന്റെ രാഷ്ട്രീയഭൂമികയിലേക്കും പിന്നീട് വിശാലമായ കേരള രാഷ്ട്രീയത്തിലേക്കുമാണ് ഈ അടിസ്ഥാന തൊഴിലാളിവര്‍ഗപ്രതിനിധി അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെ നടന്നുകയറിയത്. കൂസലില്ലായ്മയായിരുന്നു വി.എസിന്റെ ചെങ്കൊടിയിലെ അടയാളം. 1970-കളുടെ ആദ്യം എകെജിയുടെ നേതൃത്വംകൊണ്ട് ശ്രദ്ധിക്കപ്പെട്ട മിച്ചഭൂമി സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ വി.എസ്. ആയിരുന്നു. പിന്നീട് ആ കാലം മുഴുവന്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നടന്ന വലിയ കര്‍ഷകത്തൊഴിലാളിസമരങ്ങളുടെ നേതൃത്വം വി.എസിനായിരുന്നു. ആ സമരത്തെ നേരിടാനാണ് കുറുവടിപ്പടരൂപംകൊള്ളുന്നത്. 'പാളയില്‍ കഞ്ഞികുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും' എന്ന കുപ്രസിദ്ധ മുദ്രാവാക്യം അന്ന് രൂപംകൊണ്ടതാണ്. ഒന്നിലും കുലുങ്ങാത്ത വി.എസ്. ആ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നുനിന്നു. ഒരു ജനകീയപ്രസ്ഥാനത്തിന്റെ ഗതികോര്‍ജത്തിന്റെ രൂപവും ഭാഷയുമായി അത്. അത് ജനത്തിന്റെ ആവേശമായി. ഇത്രയും ഉച്ചാരണശുദ്ധിയോടെ മലയാളഭാഷ പറഞ്ഞ നേതാക്കന്മാര്‍ കുറവാണ്. വി.എസിന്റേതുമാത്രമെന്നു പറയാവുന്ന ഒരു ഭാഷയായി അത് മാറി, ജനപ്രിയമായി, അടിസ്ഥാനജീവതാളംനിറഞ്ഞ ആ ഭാഷയ്ക്കായി മലയാളി കാതോര്‍ത്തു.
ഇങ്ങനെ ഒരാള്‍ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ല. എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെനിന്നു. അവര്‍ക്കുവേണ്ടി പോരാടി. പാര്‍ട്ടിക്കുനേരേവന്ന എല്ലാ എതിര്‍പ്പുകളെയും നിസ്സങ്കോചം നേരിട്ടു. തന്റെ എതിരാളികളെ സന്ദേഹമേതുമില്ലാതെ വെട്ടിനിരത്തി. അതില്‍ തനിക്ക് വെട്ടുകൊണ്ടപ്പോഴും ധീരതയോടെ പോരാടി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും പാവങ്ങളോടുള്ള പ്രതിബദ്ധതയിലും മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. എണ്‍പതു വര്‍ഷത്തോളം നിരന്തരമായ, പോരാട്ടത്തിലടിസ്ഥാനമിട്ട രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മറ്റാരും കേരളരാഷ്ട്രീയത്തിലില്ല. എട്ടുപതിറ്റാണ്ടു ദൈര്‍ഘ്യമുണ്ടായിരുന്ന നീണ്ട ഒരു ഹര്‍ഡില്‍സ് റേസ് ആയിരുന്നു അത്. ആ ജീവിതത്തെ അത്ഭുതാദരത്തോടെ നോക്കിനില്‍ക്കാതിരിക്കാന്‍ ആര്‍ക്കുകഴിയും! ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലമുതിര്‍ന്ന ആദര്‍ശധീരനാണ് വി.എസിന്റെ നിര്യാണത്തോടെ പിന്‍വാങ്ങിയിരിക്കുന്നത്. കേരളവും മലയാളിയും മലയാളവും ഉള്ളിടത്തോളംകാലം, ഇവിടത്തെ സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതവും നിരന്തരപോരാട്ടങ്ങളും ഉള്ളിടത്തോളംകാലം, ഇല്ല, വി.എസ്. മരിക്കുന്നില്ല.
Content Highlights: suresh kurup remembers vs achuthanandan
Published: 27 Jul 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented