ന്യൂഡൽഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ തർക്കത്തിൽ സുപ്രധാനമായ നിർദേശവുമായി സുപ്രീം കോടതി. തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരുവിഭാഗത്തിൽ പെട്ടവരെയും വിലക്കരുതെന്ന് സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിർദേശംനൽകി.

To advertise here,

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2017-ലെ വിധിക്കുശേഷം നൽകിയ പല പ്രത്യേക അനുമതി ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് യാക്കോബായ സഭയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാന്‍ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാല്‍, 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. യാക്കോബായ സഭയുടെ ആവശ്യങ്ങൾ കേൾക്കണെമെങ്കിൽ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ആറ് പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളിൽ യാക്കോബായ സഭ സുപ്രീം കോടതിക്ക് കൈമാറണം. മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം  കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പള്ളികളുടെ കണക്കുകൾ നോക്കാനും സർക്കാരിനെ അനുവദിക്കണം- സുപ്രീം കോടതി 
ഓര്‍ത്തഡോക്‌സ്- യാക്കോബായ തർക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ പോലീസിനെ അയക്കുന്നതിനെ വിമർശിച്ച് സുപ്രീം കോടതി. പള്ളികൾ മത സ്ഥാപനങ്ങളാണ്. അവിടേക്ക് പോലീസിനെ അയക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടരുതെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരോട് സുപ്രീം കോടതി നിർദേശിച്ചു. സർക്കാർ ഭരണം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെടുന്നവർ പള്ളികളുടെ കണക്കുകൾകൂടി സർക്കാരിനെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

തർക്കത്തിലുളള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നൽകാത്തതിനെതിരെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷെയ്ഖ്‌ ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെൻട്രൽ സോൺ ഐ.ജി. നീരജ് കുമാർ ഗുപ്ത, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ എസ്.പി. വിവേക് കുമാർ, പാലക്കാട് കളക്ടർ എസ്.  ചിത്ര, പാലക്കാട് എസ്.പി. ആർ. ആനന്ദ്  തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥർക്കെതിരെയാണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ നടപടികളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ സുപ്രീം കോടതി ഒഴിവാക്കി.

ശബരിമല വിശാല ബെഞ്ചിന്റെ നടപടികളിൽ പ്രതീക്ഷവെച്ച് യാക്കോബായ സഭ
ഓര്‍ത്തഡോക്‌സ് യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട 2017-ലെ സുപ്രീം കോടതി വിധി സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ പരിണഗണനയിലുള്ള ശബരിമല കേസിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് യാക്കോബായ സഭയുടെ അഭിഭാഷകൻ രഞ്ജിത്ത് കുമാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. മത വിഷയങ്ങളിൽ കോടതികൾക്ക് ഇടപെടാൻ കഴിയുമോ എന്നതാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജി പരിഗണിച്ച ബെഞ്ചാണ് വിഷയം ഒമ്പതംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ സർക്കാരിന് പിന്തുണ നൽകിയ സഭയാണ് യാക്കോബായ സഭ.

യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ രാഷ്ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ സുപ്രീം കോടതിയിൽ ആരോപിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും ആര് ആർക്ക് പിന്തുണ നൽകുന്നു എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ.കെ വേണുഗോപാൽ, സി.യു സിങ്, കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകൻ ഇ.എം.എസ്. അനാം എന്നിവർ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാൻ, അഭിഭാഷകരായ എ. രഘുനാഥ്‌, സനന്ദ് രാമകൃഷ്ണൻ എന്നിവരാണ് ഹാജരായത്.