കൊച്ചി: വാഴക്കുളം പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിലെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. പാരിയത്തുകാവിലെ താമസക്കാരായ കാളിക്കുട്ടിയമ്മ, തങ്കമ്മ, രാജു എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നോട്ടീസ് നൽകാതെയാണ് കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടി എന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹർജിക്കാർ പറയുന്നത്. 

To advertise here,

ഒഴിപ്പിക്കലിന് ഹൈക്കോടതി ഉത്തരവിടുകയും ഇതിനായി അഭിഭാഷക കമ്മിഷനെ നിയോ​ഗിച്ച് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസ്സമ്മതിച്ചത്. 

19 ഏക്കറോളം വരുന്ന സർക്കാർ പുറംപോക്ക് ഭൂമിയിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തെ സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. രണ്ടര ഏക്കറോളം വരുന്ന ഈ ഭൂമിയിലാണ് പാരിയത്തുകാവ് കോളനി സ്ഥിതി ചെയ്യുന്നത്. 

അതേസമയം, ഹർജി സുപ്രീംകോടതി പരി​ഗണിക്കുന്നതിനു മുൻപ് തിങ്കളാഴ്ച രാവിലെ തന്നെ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക
കമ്മിഷൻ പാരിയത്തുകാവിലെത്തിയിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. എന്നാൽ പ്രതിഷേധക്കാരെ മാറ്റാൻ പോലീസ് തയ്യാറായില്ലെന്നാണ് കമ്മിഷൻ പറയുന്നത്. ഈ വർഷം ഇത് ഒൻപതാം തവണയാണ് കമ്മിഷൻ ഇവിടേക്കെത്തുന്നത്.