
കൊച്ചി: നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാദിൻ ബെക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് ചോദ്യം ചെയയ്ലിന് ശേഷം വിട്ടയച്ചത്. ഞായറാഴ്ച രാവിലെ 5.30 ഓടെ മേനക, കടവന്ത്ര എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിൽ നിന്നും ഇവരെ അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു.
സിദ്ദിഖിന് സഹായം ചെയ്ത് കൊടുത്തോ എന്നാണ് അന്വേഷണ സംഘം ചോദിച്ചത്. തങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ല. നോട്ടീസ് നൽകി കൊണ്ടുപോവുകയാണ് ചെയ്തത്. സിദ്ദിഖിനെക്കുറിച്ചാണ് ചോദിച്ചതെന്നും നാദിൻ പ്രതികരിച്ചു.
ലെെംഗിക അതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഒളിവിൽ പോകുന്നതിന് സഹായിച്ച കാറുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
സിദ്ദിഖിന് ഒളിവിൽ പോകാൻ സഹായിച്ച കാറുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ആരാണ് കൊണ്ടുപോയതെന്നതടക്കമുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം രാവിലെ 11.30ഓടു കൂടിയാണ് തന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത കാര്യം അറിയുന്നതെന്നും 2.03ന് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സുഹൃത്ത് നാദിൻ വിളിച്ചിരുന്നുവെന്നും സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞിരുന്നു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ അറസ്റ്റിലേക്ക് അടക്കം കടക്കുമെന്നാണ് പറഞ്ഞതെന്നും ഷഹീൻ പറഞ്ഞു. ഒരു തരം ബ്ലാക്ക്മെയിലിങ് രീതി ഉപയോഗിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഷഹീൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നു. പിന്നാലെ എന്റെ മൊഴിയെടുത്തതിന് ശേഷമാണ് ഇവർ പോയത്. എന്തിനാണ് സുഹൃത്തുക്കളെ കൊണ്ടുപോയതെന്ന് അറിയില്ല. വീട്ടിൽ ജോലിക്ക് നിൽക്കുന്നവരുടെ വീടുകളിലടക്കം ചെന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കൾ എന്റെ കൂടെയുണ്ടായിരുന്നു. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. സിദ്ദിഖ് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഷഹീൻ പറഞ്ഞു.
Content Highlights: siddiques sons friends released after police questioning
Published: 29 Sept 2024, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented