കണ്ണൂര്‍: ശിക്ഷായിളവ് നല്‍കാന്‍ മിന്നല്‍വേഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച ചെങ്ങന്നൂര്‍ ഭാസ്‌കരകാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചനം. ശിക്ഷ ഇളവുചെയ്തുള്ള ഉത്തരവ് ബുധനാഴ്ച പള്ളിക്കുന്ന് വനിതാ ജയിലില്‍ എത്തിയതിന് പിന്നാലെ വ്യാഴാഴ്ചയാണ് പരോളിലായിരുന്ന ഷെറിന്‍ ജയിലില്‍ എത്തി മോചനം നേടിയത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ഉച്ചയ്ക്ക് മൂന്നരയോടെ അതിരഹസ്യമായാണ് കാറില്‍ ജയിലിലെത്തിയത്. 17 മിനിറ്റ് ജയിലില്‍ ചെലവഴിച്ച അവര്‍ മൂന്ന് ബോണ്ടുകളില്‍ ഒപ്പിട്ട് വന്നകാറില്‍ത്തന്നെ മടങ്ങി.

To advertise here,

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിവെച്ചതിനാല്‍ ഒപ്പിടാനുള്ള സമയം മാത്രമേ ജയിലില്‍ ചെലവഴിക്കേണ്ടിവന്നുള്ളൂവെന്നാണ് വിവരം. ശിക്ഷായിളവ് നല്‍കിയ സര്‍ക്കാര്‍തീരുമാനം വിവാദമായതിനാല്‍ മോചനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ജയില്‍ അധികൃതര്‍ക്കും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ജൂലായ് 10-നാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ തടവുകാരുടെ വിശദാംശങ്ങള്‍ പ്രത്യേക ഫോമില്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിച്ചു. ഗവര്‍ണറുടെ തീരുമാനം വരുമ്പോള്‍ ഷെറിന്‍ പരോളിലായിരുന്നു. വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചശേഷം 24 വരെയാണ് പരോള്‍ അനുവദിച്ചത്. ഈ ഉത്തരവും രഹസ്യമായാണ് കൈകാര്യം ചെയ്തത്. സഹതടവുകാരിയായ നൈജീരിയന്‍ യുവതി കെനി സിംപോയു ജൂലിയെ മര്‍ദിച്ചതിന് മാര്‍ച്ചില്‍ ഷെറിന്റെ പേരില്‍ കേസെടുത്തിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവില്‍ 500 ദിവസത്തെ പരോളാണ് ഷെറിന് കിട്ടിയത്. ഇതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു.

14 വര്‍ഷം പൂര്‍ത്തിയാക്കിയ ഉടനെ മോചിപ്പിക്കാന്‍ തീരുമാനം

ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സ്വതന്ത്രയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 20 വര്‍ഷത്തിലധികം തടവില്‍ കഴിയുന്ന സ്ത്രീകള്‍ വിവിധ ജയിലുകളിലുള്ളപ്പോഴായിരുന്നു തീരുമാനം. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ജയില്‍ ഉപദേശകസമിതിക്ക് മുന്നിലെത്തിയ മറ്റ് രണ്ട് തടവുകാരുടെ അപേക്ഷ തള്ളിയായിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള ശുപാര്‍ശ.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെറിന്‍ ശിക്ഷയിളവിനായി അപേക്ഷിച്ചത്. ജയില്‍ ഉപദേശകസമിതി പെട്ടെന്നുതന്നെ തീരുമാനമെടുത്ത് ഡിസംബറില്‍ ജയില്‍മേധാവിക്ക് ശുപാര്‍ശ നല്‍കി. നാലുതവണ ജയില്‍ മാറ്റിയ ഷെറിന് അനുകൂല റിപ്പോര്‍ട്ട് കിട്ടിയതെങ്ങനെയെന്നതും ചര്‍ച്ചയായിരുന്നു. ഇളവുകള്‍ക്കൊപ്പം വലിയ സൗകര്യങ്ങളും അവര്‍ക്ക് ജയിലില്‍ കിട്ടിയിരുന്നതായി സഹതടവുകാരികള്‍ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര, മാവേലിക്കര, വിയ്യൂര്‍ ജയിലുകളില്‍നിന്ന് മാറിയാണ് ഷെറിന്‍ കണ്ണൂരിലെത്തിയത്. ഭാസ്‌കരകാരണവര്‍ വധക്കേസില്‍ 2010 ജൂണ്‍ 11-നാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്.