
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് നേതൃത്വം എല്ലാപരിധികളും വിട്ടതോടെ എസ്എഫ്‌ഐ നേതൃത്വത്തിനൊപ്പം പാർട്ടിനേതൃത്വവും പ്രതിസന്ധിയിൽ. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ തർക്കം പറഞ്ഞുപരിഹരിക്കാനെത്തിയ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ യൂണിവേഴ്‌സിറ്റി കോളേജിൽ വളഞ്ഞിട്ട് ഇടിച്ചതാണ് അവസാനത്തെ സംഭവം.
എസ്എഫ്‌ഐ സംസ്ഥാനനേതൃത്വവും പാർട്ടിയും അടിയന്തരമായി ഇടപെടണമെന്നാണ് ജില്ലാനേതൃത്വത്തിന്റെ ആവശ്യം. വിവാദമായ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാൻ പാർട്ടി നിർദേശപ്രകാരം എസ്എഫ്‌ഐ തീരുമാനിച്ചതാണ്. എന്നാൽ, ഇതു പാലിക്കാൻ യൂണിറ്റ് തയ്യാറായില്ല.
ഭിന്നശേഷിക്കാരനായ എസ്എഫ്‌ഐ പ്രവർത്തകനെയും ബന്ധുവായ വിദ്യാർഥിയെയും മർദിച്ചതായിരുന്നു സംഭവം. നാലുപേർക്കെതിരേ കേസെടുക്കുകയും കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, മുൻകൂർജാമ്യം നേടിയ പ്രതികൾക്ക് സ്വീകരണം ഒരുക്കുകയും പഴയ യൂണിറ്റ് ഭാരവാഹികൾതന്നെ തുടരുകയും ചെയ്തു. മാത്രമല്ല, ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും സുഹൃത്തുക്കളെയും വീണ്ടും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. അപ്പോഴെല്ലാം പാർട്ടി ഇടപെട്ടെങ്കിലും അക്രമികളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
കോളേജിലെ ചില അധ്യാപകരും ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പരസ്യമായി സ്വീകരിച്ചത്.ഇതേ കേസുകളിൽ പ്രതിയായ യൂണിറ്റംഗങ്ങൾ തന്നെയാണ് ജില്ലാ പ്രസിഡന്റിനെയും മർദിച്ചത്. മർദനം അറിഞ്ഞ് പോലീസെത്തിയെങ്കിലും ഇരു വിഭാഗങ്ങളും പരാതിയില്ലെന്ന് പറഞ്ഞ് പിരിഞ്ഞുപോവുകയായിരുന്നു. ജില്ലാ പ്രസിഡന്റിനെ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കൾ മർദിച്ചുവെന്നത് സംഘടനയ്ക്കുതന്നെ നാണക്കേടായതിനാൽ പോലീസിലും പരാതി നൽകിയിട്ടില്ല. എസ്എഫ്‌ഐ നേതൃത്വം ഇത് നിഷേധിക്കുകയും ചെയ്തു.
എന്നാൽ, അടുത്തദിവസം എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പൂർണമായും പിരിച്ചുവിടുമെന്നാണ് സൂചന. പക്ഷേ, ഇത് നടപ്പാക്കാൻ സംഘടനയുടെയും പാർട്ടിയുടെയും ശക്തമായ ഇടപെടൽ വേണ്ടിവരും. യൂണിവേഴ്‌സിറ്റി കോളേജിലെയും സംസ്‌കൃത കോളേജിലെയും എസ്എഫ്‌ഐ യൂണിറ്റുകൾ ഒരു വിഭാഗം ഹൈജാക്ക് ചെയ്യുകയാണെന്ന പരാതി വർഷങ്ങളായി ഉണ്ട്. മുമ്പ് എസ്എഫ്‌ഐ ജില്ലാ നേതാക്കൾ സംസ്‌കൃത കോളേജിനുള്ളിൽ വെച്ച് ലഹരി ഉപയോഗിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പാർട്ടി ഇടപെട്ട് ഇവരെ പുറത്താക്കിയിരുന്നു.
സ്വന്തം സംഘടനാ പ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും സിപിഎമ്മിനും ഇവരെ നിയന്ത്രിക്കാനായിട്ടില്ല. നഗരത്തിലെ ചില പ്രാദേശികനേതാക്കളാണ് അക്രമങ്ങൾക്കു നേതൃത്വം നൽകുന്നവർക്ക് പിന്തുണ നൽകുന്നതെന്നും ആരോപണമുണ്ട്.
Content Highlights: SFI leadership faces crisis after district president assaulted at University College
Published: 03 Aug 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented