കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തി കാംപസുകളിൽ മുഖംമിനുക്കാൻ എസ്എഫ്‌ഐ തയ്യാറെടുക്കുന്നു. ലഹരി ഉപയോഗത്തിനെതിരായ നടപടി കടുപ്പിക്കാനും റാഗിങ്ങിനെതിരേ ബോധവത്കരണം നടത്താനുമാണ് നേതൃത്വം ആലോചിക്കുന്നത്.വിദ്യാർഥികളിൽനിന്ന് എസ്എഫ്‌ഐ അകലുന്നെന്ന പ്രചാരണം സംഘടന ഗൗരവത്തിലെടുത്തിട്ടുണ്ട്. കാംപസുകളിൽ എസ്എഫ്ഐയെ ഒഴിവാക്കാനും അവിടെ മറ്റു സംഘടനകളെ പ്രതിഷ്ഠിക്കാനുമുള്ള വലതുപക്ഷ ചിന്താഗതിക്കാരുടെ നീക്കമായാണ് ഇതിനെ കാണുന്നത്.
എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സംഘടനയെ തകർക്കാനുള്ള നീക്കമുണ്ടായി. ബോധപൂർവം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ ജാഗ്രതയോടെ വിലയിരുത്തും. കോളേജുകളിൽ മറ്റു വിദ്യാർഥിപ്രസ്ഥാനങ്ങൾക്ക് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കാത്ത രീതി പിന്തുടരില്ല. എന്നാൽ മറ്റു വിദ്യാർഥിസംഘടനകൾ മത, വർഗീയ പ്രചാരണങ്ങളിലൂടെ കലാലയങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെ ശക്തമായി ചെറുക്കാനാണ് സംഘടനയുടെ പുതിയ സംസ്ഥാനനേതൃത്വം ആലോചിക്കുന്നത്.
കാംപസുകളിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എസ്എഫ്‌ഐ ഊന്നൽ നൽകും. ആദ്യഘട്ടത്തിൽ വിപുലമായ പ്രചാരണപരിപാടികൾ നടത്തും. വിദ്യാർഥികളെ പൊതു ഇടങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതലായി ഏറ്റെടുക്കും. റാഗിങ്ങിനെതിരേ ശക്തമായ നിയമങ്ങളുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കാനാകുന്നില്ല. ഈ വിഷയം ഏറ്റെടുത്ത് ‘സീറോ ടോളറൻസ് ടു റാഗിങ്’ എന്ന പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
സിപിഎം സംസ്ഥാനസമ്മേളനത്തിൽ എസ്എഫ്‌ഐയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം പ്രവർത്തനവൈകല്യത്തിന് ഇടയാക്കുന്നെന്നും അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഈ വിമർശനം മുൻനിർത്തി പ്രത്യേക തിരുത്തൽ നടപടികളൊന്നും സംഘടന ആലോചിച്ചിട്ടില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, രക്ഷപ്പെടാനുള്ള സുരക്ഷിത ഇടമായി സംഘടനയിലെ അംഗത്വം ദുരുപയോഗം ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കില്ല. അത്തരക്കാരെ നിരീക്ഷിക്കാനുള്ള നടപടികൾ ഊർജിതമാക്കും.
Content Highlights: SFI prepares for changes campuses Organizational work
Published: 18 Mar 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented