അങ്കോല / കോഴിക്കോട്: 71 ദിവസം ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഒരുപക്ഷേ, രാജ്യത്തുതന്നെ അപൂർവമാവാം. കർണാടക, കേരള സർക്കാരുകളും മറ്റ് എല്ലാ സംവിധാനങ്ങളും ഒപ്പംനിന്നപ്പോൾ അർജുനെ കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കരുത് എന്ന കുടുംബത്തിന്റെ ആവശ്യം യാഥാർഥ്യമായി.

To advertise here,

നാവികസേനയും കരസേനയും എൻ.ഡി.ആർ.എഫും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ തിരച്ചിലിന്റെ പുരോഗതി വിലയിരുത്താൻ ഷിരൂരിൽ എത്തി. കേരളത്തിൽനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും എം.കെ. രാഘവൻ എം.പി.യുമെല്ലാം സ്ഥലത്ത് ക്യാന്പ് ചെയ്തു. എം.എൽ.എ.മാരും രാഷ്ട്രീയനേതാക്കളുമെല്ലാമെത്തി. പലഭാഗത്തുനിന്നായി സന്നദ്ധപ്രവർത്തകരെത്തി.

ദേശീയപാതയോരത്ത് മണ്ണിടിഞ്ഞ സ്ഥലത്തായിരുന്നു ആദ്യദിവസങ്ങളിൽ ഒരാഴ്ചയിലധികം തിരച്ചിൽ നടത്തിയത്. അവിടെ അർജുനും ലോറിയുമില്ല എന്ന് ഉറപ്പായതോടെ തിരച്ചിൽ പുഴയിലേക്ക് മാറ്റി. നാവികസേനയുടെ മുങ്ങൽവിദഗ്ധരടക്കം പലതവണ മുങ്ങിത്തപ്പിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ശക്തമായ കുത്തൊഴുക്കിൽ മുങ്ങിത്തപ്പാൻ കഴിയാതെ നാവികസേനയ്ക്ക് ദൗത്യമവസാനിപ്പിച്ച് മടങ്ങേണ്ടിവന്നു.

പിന്നീട് മത്സ്യത്തൊഴിലാളിയായ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെ ദൗത്യത്തിന്റെ ഭാഗമായി. അദ്ദേഹം നടത്തിയ മുങ്ങിത്തപ്പലിൽ മരംകെട്ടിയ കയറിന്റെ ഭാഗങ്ങളും ജാക്കിലിവറുമെല്ലാം കണ്ടെത്തിയെങ്കിലും കുത്തൊഴുക്കും കുന്നുകൂടിക്കിടക്കുന്ന മണ്ണും മരങ്ങളും പാറക്കല്ലുകളും കാരണം നദിയുടെ അടിത്തട്ടിലേക്ക് മുങ്ങാൻ പറ്റിയില്ല. ഇതോടെ ഡ്രഡ്ജർ എത്തിച്ച് മണ്ണുനീക്കിയേ തിരച്ചിൽ നടത്താൻ കഴിയൂ എന്നായി. ഡ്രഡ്ജറിന്റെ ചെലവ് ഒരു കോടിയോളം രൂപ ആരു വഹിക്കുമെന്ന കാര്യത്തിൽ തീരുമാനമാവാത്തതിനാൽ തിരച്ചിൽ അനിശ്ചിതാവസ്ഥയിലായി.

പക്ഷേ, അർജുന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെ അതിനും പരിഹാരമായി. അർജുൻ ജീവനോടെയില്ല എന്ന് കുടുംബത്തിനും ഉറപ്പായിരുന്നെങ്കിലും മൃതദേഹം കണ്ടെടുക്കാൻ കഴിയുമോ, ലോറി തകർന്ന് ഒഴുകിപ്പോയിട്ടുണ്ടാവുമോ എന്നീ ആശങ്കകളായിരുന്നു നിറയെ. നേരത്തേ ഒഴുകിപ്പോയ ടാങ്കർലോറി പുഴയിൽനിന്ന് കണ്ടെത്തിയിരുന്നെങ്കിലും അതിന്റെ ഭാഗങ്ങൾ ചിതറിപ്പോയിരുന്നു. ആ അവസ്ഥയിലാവുമോ എന്ന ആശങ്കയ്ക്കാണ് ബുധനാഴ്ച ലോറി കണ്ടെത്തിയതോടെ വിരാമമായത്.

ദൗത്യമുഖത്ത് തലവനായി കാർവാർ എം.എൽ.എ.

അർജുനുവേണ്ടിയുള്ള തിരച്ചിലിന്റെ തുടക്കംമുതൽ കാണുന്ന മുഖമാണ് കാർവാർ എം.എൽ.എ. സതീശ് കൃഷ്ണ സെയിലിന്റേത്. രാവിലെ തിരച്ചിൽ തുടങ്ങി വൈകീട്ടേ എന്നും അദ്ദേഹം മടങ്ങാറുള്ളൂ. മുഴുവൻ പ്രവർത്തനങ്ങളും ദൗത്യസ്ഥലത്തുനിന്നുതന്നെ ഏകോപിപ്പിച്ചത് അദ്ദേഹമാണ്.

തിരഞ്ഞെടുപ്പുകാലത്തുപോലും താൻ ഇത്ര ജോലിചെയ്തിട്ടില്ലെന്നാണ് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്. അർജുനെ കണ്ടെത്തിയാലും തനിക്ക് വിശ്രമമില്ല, ഇനി കർണാടക സ്വദേശികളായ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യത്തെപ്പറ്റിയുണ്ടായ വിമർശനങ്ങൾക്കും ബുധനാഴ്ച അദ്ദേഹം മറുപടി പറഞ്ഞു.

ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല. കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. അത് ഞങ്ങളുടെ ആളുകൾക്ക് വേണ്ടി തുടരും.

കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദിപറയുന്നു. ഇനിയും സഹകരണം ആവശ്യമാണ്. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. സമാനതകളില്ലാത്ത ഫോളോഅപ്പാണ് നിങ്ങൾ നടത്തിയതെന്നും എം.എൽ.എ. പറഞ്ഞു.

സ്വയംസന്നദ്ധനായി ഇറങ്ങിയ ഈശ്വർ മാൽപെ

ഗംഗാവലിയുടെ ആഴങ്ങളിൽ എവിടെയോ അർജുനും ലോറിയും മറഞ്ഞിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ഈശ്വർ മാൽപെ ഷിരൂരിലെത്തിയത്. ആഴങ്ങളിൽ മുങ്ങാനുള്ള ആത്മവിശ്വാസത്തിന്റെ പുറത്ത്, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സ്വയംസന്നദ്ധനായി എത്തിയതായിരുന്നു മത്സ്യത്തൊഴിലാളിയായ അദ്ദേഹം.

ജൂലായ് 28-നാണ് ഈശ്വർ മാൽപെ ആദ്യം ഗംഗാവലി പുഴയിൽ ഇറങ്ങിയത്. എട്ടുതവണ മുങ്ങിത്തപ്പിയിട്ടും ആഴത്തിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ തവണ മുങ്ങുന്നതിനിടെ കയറുപൊട്ടി 100 മീറ്ററോളം അദ്ദേഹം ഒഴുകിപ്പോവുകയും ചെയ്തു. നാവികസേനയും എൻ.ഡി.ആർ.എഫും ബോട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നദിയുടെ കുത്തൊഴുക്കായിരുന്നു 12-ാം ദിവസത്തെ ദൗത്യവും പരാജയപ്പെടാൻ കാരണമായത്.

ഓഗസ്റ്റ് അഞ്ചിന് പുഴയിൽ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് ഈശ്വർ മാൽപെ സ്ഥലത്തെത്തി. എന്നാൽ, ഒഴുക്ക് കൂടുതലാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് തടഞ്ഞു.

കഴിഞ്ഞ ദിവസം തിരച്ചിൽ പുനരാരംഭിച്ചപ്പോൾ വേറെ ലോറിയുടെ ഭാഗങ്ങളുംമറ്റും മാൽപെ കണ്ടെടുത്തു. എന്നാൽ, അതിനുശേഷം അധികൃതരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ദൗത്യം അവസാനിപ്പിച്ച് മടങ്ങി. നേരത്തേ അർജുന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കണ്ണാടിക്കലിലെ വീട്ടിലുമെത്തിയിരുന്നു അദ്ദേഹം.

അർജുനെ കൊണ്ടുവരുമെന്നുള്ള ഉറപ്പുനൽകിയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയാണ് മാൽപെ ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ചതും.

കണ്ടെത്തുംവരെ ഉറച്ചുനിന്ന് ജിതിൻ

“ഞങ്ങളെ സംബന്ധിച്ച് ഇത് അവസാനത്തെ തിരച്ചിൽതന്നെയായിരുന്നു. ഇതിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു” -സങ്കടവും ആശ്വാസവും ഇടകലർന്ന സ്വരത്തിൽ അർജുന്റെ ചേച്ചി അഞ്ജുവിന്റെ ഭർത്താവ് ജിതിൻ പറയുന്നു.

അർജുനെ കണ്ടെത്താതെ മടങ്ങില്ലെന്ന ഉറച്ച തീരുമാനവുമായി ഷിരൂരിൽത്തന്നെ നിന്നു ജിതിൻ. ഈ 71 ദിവസത്തിനിടെ ഒന്നോ രണ്ടോ തവണമാത്രമാണ് നാട്ടിലെത്തിയത്, അതും തിരച്ചിൽ നിർത്തിയവേളയിൽ.

“അർജുൻ എനിക്ക് ഭാര്യയുടെ സഹോദരൻ മാത്രമായിരുന്നില്ല. എന്തു കാര്യങ്ങളും സംസാരിക്കാൻ കഴിയുന്ന ഒരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. അർജുനെ കാണാതായ ജൂലായ് 16-ന് ലോറിക്കെന്ത് സംഭവിച്ചെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞാണ് ലോറി ഒഴുകിപ്പോയെന്ന് സംശയമുയർന്നത്. അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, രാത്രിയോടെ അവനെന്തോ സംഭവിച്ചെന്ന ഉറച്ചതോന്നലുണ്ടായി. രാത്രിതന്നെ ഷിരൂരിലേക്ക് പുറപ്പെട്ടു. പ്രശ്നങ്ങളേറെയുണ്ടായെങ്കിലും ഒരുസമയത്തും നിരാശതോന്നുകയോ മടങ്ങിയാലോ എന്ന് ചിന്തിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ മനസ്സിൽ അവനെ കണ്ടെത്താനാവുമെന്നുതന്നെയായിരുന്നു. എങ്കിലും ലോറി മാത്രം കണ്ടെത്തിയാൽ അത് ഉൾക്കൊള്ളാനും മനസ്സിനെ പാകപ്പെടുത്തിവെച്ചിരുന്നു. ശേഷക്രിയ ചെയ്യാനെങ്കിലും അവന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചല്ലോ” -ജിതിൻ പറഞ്ഞു.

സംസ്ഥാനസർക്കാർ, എം.കെ. രാഘവൻ എം.പി., കെ.സി. വേണുഗോപാൽ എം.പി., എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഇവരെല്ലാം നിരന്തരമായി ഇടപെടൽ നടത്തിയെന്നും ജിതിൻ പറഞ്ഞു.

കണ്ണീരുറഞ്ഞുപോയ നാളുകൾ...

ജൂലായിലെ തോരാത്ത മഴക്കാലംമുതൽ കണ്ണീരുമായി പ്രിയപ്പെട്ട മകനെ, അച്ഛനെ, ഭർത്താവിനെ, സഹോദരനെ കാത്ത് അവർ ഇരുന്നു, ഇങ്ങ് കോഴിക്കോട്ടും അവിടെ ഷിരൂരിലും. ഒടുവിൽ 72-ാംനാൾ അർജുനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, ഒരിക്കലും അവസാനിക്കാത്ത നൊമ്പരം ബാക്കിയാക്കി. കഴിഞ്ഞുപോയ ആ നാളുകളിലൂടെ...

  • ജൂലായ് 16- കർണാടകയിലെ ബൽഗാമിൽനിന്ന് അക്കേഷ്യ മരവുമായി പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി ദേശീയപാതയിൽ കാർവാറിനടുത്ത് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽപ്പെടുന്നു.
  • 17 - അർജുനെ കാണാതായെന്ന് ഭാര്യ കൃഷ്ണപ്രിയ ചേവായൂർ പോലീസിൽ പരാതി നൽകി. ഷിരൂരിലെ റോഡരികിലെ കടയുടമ ഉൾപ്പെടെ 10 പേർ അപകടത്തിൽപ്പെട്ടതായി സ്ഥിരീകരണം.
  • 18- മണ്ണുനീക്കി പരിശോധന നടത്താൻ ശ്രമം
  • 19- അർജുന്റെ കുടുംബം മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ തിരച്ചിൽ ഊർജിതമാക്കി.
  • 20- സൂറത്ത്കൽ എൻ.ഐ.ടി. സംഘം റഡാർ പരിശോധന നടത്തുന്നു. പാറയും മണ്ണും ദുരന്തനിവാരണസേന നീക്കുന്നു.
  • 21- കുടുംബത്തിന്റെ ആവശ്യപ്രകാരം കരസേനയെത്തുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തി. ലോറി റോഡിൽ മണ്ണിനടിയിലല്ല. പുഴയിലാണെന്ന് കർണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചു.
  • 22- പുഴയിലും തിരച്ചിൽ.
  • 23- പുഴയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. ലോറിയുടേതെന്ന് കരുതുന്ന റഡാർ സിഗ്നലും ലഭിച്ചു. അടിയൊഴുക്ക് തിരച്ചിലിന് തടസ്സമായി.
  • 24- കരയിൽനിന്ന് 20 മീറ്റർ അകലെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതായി കർണാടക റവന്യുമന്ത്രി.
  • 25-റിട്ട. മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ പുഴയിൽ പരിശോധന. 60 മീറ്റർ അകലെ ലോറിയുടെ സിഗ്നൽ, നാലിടങ്ങളിൽ ലോഹസാന്നിധ്യം.
  • 26-ഗംഗാവലിയിൽ അടിയൊഴുക്ക് ശക്തം. തിരച്ചിലിന് ബുദ്ധിമുട്ട്.
  • 27-ലോറി കരയിൽനിന്ന് 132 മീറ്റർ അകലെയെന്ന് ഡ്രോൺ പരിശോധയിൽ വ്യക്തമായി. ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെത്തി മുങ്ങിപ്പരിശോധന.
  • 28-പരിശോധന തുടർന്നെങ്കിലും ഒന്നും കണ്ടെത്താനാവാതെ വന്നതോടെ തത്‌കാലം തിരച്ചിൽ നിർത്തി.
  • ഓഗസ്റ്റ് നാല്, അഞ്ച്: തിരച്ചിൽ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ നടന്നില്ല. തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി.
  • ഓഗസ്റ്റ് 12-അർജുനായി നാവികസേന തിരച്ചിൽ ആരംഭിക്കാൻ തീരുമാനം.
  • 13- തിരച്ചിൽ തുടങ്ങി. ലോറിയുടെ ജാക്കി ലിവർ, ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗം എന്നിവ കണ്ടെത്തി. ഈശ്വർ മൽപെയാണ് നദിയിൽമുങ്ങി ഇവ കണ്ടെടുത്തത്.
  • 16-അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി. കണ്ടെത്തിയ ലോഹഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് വ്യക്തമായി.
  • 17 -തിരച്ചിൽ താത്‌കാലികമായി നിർത്തി. ഗോവയിൽനിന്ന് ഡ്രെജ്ജർ കൊണ്ടുവന്നശേഷം മാത്രം തിരച്ചിൽ നടത്താൻ തീരുമാനം.
  • 28- തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുന്നു. ഡ്രെജ്ജറെത്തിച്ച് തിരച്ചിൽ തുടരുമെന്ന് ഉറപ്പുകിട്ടി. അതിനായുള്ള ചെലവ് വഹിക്കുമെന്നുള്ള ഉറപ്പിൽ ആശ്വാസം.
  • ഓഗസ്റ്റ് 29-സെപ്റ്റംബർ 19 - ആശങ്കകളും ആശയക്കുഴപ്പങ്ങളും പ്രതീക്ഷകളുമായി അർജുനായുള്ള കാത്തിരിപ്പ് തുടരുന്നു.
  • സെപ്റ്റംബർ 20- ഡ്രെജ്ജർ ഉപയോഗിച്ച് പുഴയിൽ തിരച്ചിൽ. ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ഈശ്വർ മാൽപെയും സ്ഥലത്തെത്തി.
  • 21- ടയറും ലോറിയുടെ ഭാഗങ്ങളും കണ്ടെത്തിയെങ്കിലും അർജുന്റേതല്ലെന്ന് ഉടമ. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകൾ കേന്ദ്രീകരിച്ച് പരിശോധന.
  • 22 - മനുഷ്യന്റേതല്ലെന്ന് കരുതുന്ന അസ്ഥിക്കഷണം, സ്‌കൂട്ടർ എന്നിവ കണ്ടെത്തി. അതിനിടെ ജില്ലാഭരണകൂടവും പോലീസുമായ അഭിപ്രായഭിന്നതയെത്തുടർന്ന് ഈശ്വർ മാൽപെ മടങ്ങി.
  • 23 -അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. വണ്ടിയിലുണ്ടായിരുന്ന വടത്തിന്റെ കെട്ടും മരത്തടിയും കിട്ടി.
  • 24 -ടാങ്കറിന്റെ ഭാഗങ്ങൾ കിട്ടി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നേരത്തെ അടയാളപ്പെടുത്തിയ പോയിന്റുകൾ കേന്ദ്രീകരിച്ച് പരിശോധന.
  • 25 -ഉച്ചയ്ക്കുശേഷം അർജുന്റെ ലോറി കണ്ടെത്തി. കാബിനിൽ മൃതദേഹത്തിന്റെ ഭാഗങ്ങളും. രണ്ടരമാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം.

വ്യാഴാഴ്ച തിരച്ചിൽ തുടരും

മണ്ണിടിച്ചിലിൽ അർജുനടക്കം 10 പേരെയാണ് കാണാതായത്. അതിൽ ഏഴുപേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഇനി കർണാട സ്വദേശികളായ ലോകേഷിന്റെയും ജഗന്നാഥന്റെയും മൃതദേഹങ്ങളാണ് കിട്ടാനുള്ളത്. അവർക്കുവേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച തുടരുമെന്ന് കാർവാർ എം.എൽ.എ. സതീശ് കൃഷ്ണ സെയിൽ പറഞ്ഞു.

സഹായിച്ചവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു -മന്ത്രി റിയാസ്

അർജുനെ കണ്ടെത്താൻ സഹകരിച്ച കർണാടക സർക്കാരിനെയും ജില്ലാഭരണകൂടത്തെയും ജനങ്ങളെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുൻ ഒരു വ്യക്തിമാത്രമല്ല. ലോകത്താകെയുള്ള മലയാളികളുടെ വികാരമാണ്. ജീവിതത്തിൽ ഒരിക്കൽപ്പോലും കാണാത്ത മനുഷ്യനുവേണ്ടി മലയാളികൾ ഒന്നിച്ചുനിന്നു. സർക്കാർ തുടക്കംമുതൽതന്നെ അർജുന്റെ കുടുംബത്തോടൊപ്പം നിന്നു. ഇനിയങ്ങോട്ടുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കർണാടക സർക്കാരിനും സിദ്ധരാമയ്യക്കും നന്ദി -എം.കെ. രാഘവൻ

അർജുനെ കണ്ടെത്താനായി മുഴുവൻ ചെലവുകളും വഹിച്ച് 72 ദിവസംനീണ്ട തിരച്ചിലിന് നേതൃത്വം നൽകിയ കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും നന്ദിയറിയിക്കുന്നതായി എം.കെ. രാഘവൻ എം.പി. കാലാവസ്ഥ മോശമായിട്ടുകൂടി സിദ്ധരാമയ്യ സംഭവസ്ഥലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും ചെയ്തു എന്നത് വലിയ കാര്യമാണ്. അർജുന്റെ മരണത്തിൽ ദുഃഖമുണ്ടെങ്കിലും മൃതദേഹം കണ്ടെത്താനായതിൽ ആശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു.

അനുശോചനമറിയിച്ച് മഞ്ജു വാര്യരും

അർജുൻ സഞ്ചരിച്ച ലോറിക്കുള്ളിൽനിന്നുതന്നെ അർജുന്റെ ഭൗതികാവശിഷ്ടങ്ങളും കണ്ടെത്തിയ വിവരമറിഞ്ഞ് നടുക്കവും ദുഃഖവും രേഖപ്പെടുത്തിയവരുടെ കൂട്ടത്തിൽ നടി മഞ്ജുവാര്യരും.

‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരുപിടി ചാരമാകാനെങ്കിലും ഒരോർമ്മ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’ -സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മഞ്ജു പറഞ്ഞു.