രാജപുരം(കാസർകോട്): കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ട് ആന്റണിക്കുവേണ്ടിയുള്ള തിരച്ചിൽ നിർത്തി. വേദനയോടെ കുടുംബം. ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിലവിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന്‌ ഇതുവരെ വിവരമൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.

To advertise here,

ആൽബർട്ടിനെ കാണാതായ ആഴക്കടൽ മേഖലയിൽ കഴിഞ്ഞ നാല് ദിവസം തെരച്ചിൽ നടത്തിയതായാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചൊവ്വാഴ്ച ഉച്ചയോടെ ദിവസങ്ങൾ നീണ്ട തിരച്ചിൽ അവസാനിപ്പിക്കുന്നതായുള്ള വിവരമാണ് കുടുംബത്തിന് അനൗദ്യോഗികമായി ലഭിച്ചിരിക്കുന്നത്.

അഞ്ച് ദിവസം പിന്നിട്ടിട്ടും ആൽബർട്ടിനെ കണ്ടെത്താൻ കഴിയാത്തതും ആഴക്കടലിൽ കൂടുതൽ ദിവസങ്ങൾ തങ്ങുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ചാണ് കപ്പൽ കമ്പനി അധികൃതർ തിരച്ചിൽ അവസാനിപ്പിക്കുന്നതെന്നാണ് വിവരം.

എന്നാൽ കമ്പനിയുടെ തിരച്ചിൽ ഫലപ്രദമല്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അന്താരാഷ്ട്രതലത്തിൽ ഇടപെടൽ നടത്തുകയും ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ആൽബർട്ടിനെ കാണാതായ മേഖലയിൽ തിരച്ചിൽ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ തുടങ്ങിയവർക്ക് കുടുംബം അടുത്തദിവസംതന്നെ നിവേദനം നൽകും. ഇതിനിടെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മാലക്കല്ലിലെ വീട്ടിലെത്തി കുടുംബത്തിന് ഉറപ്പ് നൽകി.

എം.എൻ.ഒ.ഇ.എ.പ്രതിനിധികൾ ഗിനിയയിൽ എത്തും

രാജപുരം: കപ്പൽ ജീവനക്കാരനായ ആൽബർട്ട് ആന്റണിയെ ജോലിക്കിടെ കാണാതായതുമായി ബന്ധപ്പെട്ട് ജില്ലയിലെ മർച്ചന്റ് നേവി ഓഫീസർമാരുടെ സംഘടന എം.എൻ.ഒ.ഇ.എ.യുടെ പ്രതിനിധികൾ അടുത്തതായി കപ്പലടുക്കുന്ന അഫ്രിക്കൻ രാജ്യമായ ഗിനിയയിലെ കംസാർ തുറമുഖത്തെത്തും.

മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ടിന്റെ വീട്ടിലെത്തിയ സംഘടനാ ഭാരവാഹികൾ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. കമ്പനി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പാക്കിയതായും തുടർന്നുള്ള കാര്യങ്ങൾ ഏകോപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ഭാരവാഹികളായ ആനന്ദ് പാക്കം, ദാമോദരൻ നിട്ടൂർ, ഷൈജു ചിത്രൻ, അജേഷ് ഞെക്ലി, സന്തോഷ് പാക്കം, നിതിൻ നീലേശ്വരം എന്നിവർ അറിയിച്ചു.