താമരശ്ശേരി: പിതാവ് അജയിയുടെ ഒക്കത്തിരുന്ന് കുഞ്ഞമ്മ സാറ തോമസിന്റെ മുഖത്ത് റബേക്ക അന്ത്യചുംബനം നല്‍കിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. സാറയുടെ ജ്യേഷ്ഠസഹോദരി സൂസന്‍ തൊട്ടപ്പുറത്ത് നിന്ന് വിതുമ്പുന്നുണ്ടായിരുന്നു. കരഞ്ഞുതളര്‍ന്ന ഇളയ സഹോദരി സാനിയ, കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന അമ്മ കൊച്ചുറാണിയെ കെട്ടിപ്പിടിച്ചു. ദുഖം കൊണ്ട് മരവിച്ച മനസ്സോടെയും മിഴിനീര്‍ തുളുമ്പി നില്‍ക്കുന്ന കണ്ണുകളോടെയും പിതാവ് തോമസ് സ്‌കറിയ കസേരയിലിരുന്നു. ചിരിച്ചും കളിച്ചും കൂടെയുണ്ടായിരുന്ന സഹപാഠിയുടെ അന്ത്യയാത്രയ്ക്ക് സാക്ഷ്യംവഹിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി ബസ്സിലും മറ്റു വാഹനങ്ങളിലുമായെത്തിയ കുസാറ്റിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ ദുഃഖം താങ്ങാനാവാതെ വിതുമ്പിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടുനിന്ന നാട്ടുകാരായ സ്ത്രീകളും കരച്ചിലടക്കാന്‍ പാടുപെട്ടു.

To advertise here,

കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീതനിശയ്ക്ക് മുന്നോടിയായുള്ള തിക്കിലും തിരക്കിലും പെട്ട് മരിച്ച വയലാപ്പള്ളില്‍ സാറാ തോമസി (20)ന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയ കോരങ്ങാട്ടെ വാടകവീടിന് മുന്നില്‍ കണ്ട കണ്ണീര്‍കാഴ്ചകളായിരുന്നു ഇത്. വീട്ടിലെ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സാറ തോമസിന്റെ മൃതദേഹം അന്തിമകര്‍മ്മങ്ങള്‍ക്കായി പുതുപ്പാടി സെയ്ന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോയത്. കുസാറ്റിലെ അറുപതോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായിരുന്ന സാറയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.

പത്തരയോടെ പള്ളിയിലെത്തിച്ച സാറയുടെ ഭൗതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി. മുമ്പ് പഠിച്ച കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കുന്ദംകുളം ഭദ്രസനാധിപന്‍ ഡോ.ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു അന്ത്യശുശ്രൂഷാചടങ്ങുകള്‍. സാറയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രസംഗിക്കുന്നതിനിടെ ദുഃഖാര്‍ത്തമായി മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ ഇടറി. പള്ളിവികാരി ഫാ.ഗീവറുഗ്ഗീസ് ജോര്‍ജ്, ഫാ.ബോബി പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായെത്തി.

രാവിലെ വീട്ടിലെത്തി അനുശോചനമറിയിച്ചതിന് തൊട്ടുപിന്നാലെ പള്ളിയിലുമെത്തിച്ചേര്‍ത്ത എം.കെ.രാഘവന്‍ എം.പി, രാഹുല്‍ ഗാന്ധി എം.പിയ്ക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചാണ് മടങ്ങിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കും പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയ്ക്കും വേണ്ടി ഡോ.ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയും മലബാര്‍ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ പക്കോമിയോസിന് വേണ്ടി ഭദ്രാസന സെക്രട്ടറി ഫാ.ബോബി പീറ്ററും പുഷ്പചക്രം സമര്‍പ്പിച്ചു.

ബിനോയ് വിശ്വം എം.പി, ഡോ.ഹുസൈന്‍ മടവൂര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍, ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ.ബേബി ജോണ്‍, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി തുടങ്ങിയവര്‍ അനുശോചനപ്രസംഗം നടത്തി. പൊതുദര്‍ശനത്തിനും അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്കും ശേഷം പന്ത്രണ്ട് മണിയോടെ സെമിത്തേരിയിലെത്തിച്ച മൃതദേഹം അടുത്ത ബന്ധുക്കളുടെയും കുസാറ്റിലെ സഹപാഠികളുടെയും സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. അതോടെ നാടിന്റെയും കൂട്ടുകാരുടെയുമെല്ലാം മനസ്സുകളില്‍ ഇനി നോവാര്‍ന്ന ഒരു ഓര്‍മ്മയായി സാറ തോമസിന് പുനര്‍ജ്ജനി.