പാലക്കാട്:വിമത ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ പതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് നാടകീയമായായിരുന്നു സന്ദീപിന്റെ കടന്നുവരവ്. വി.ഡി സതീശനും കെ സുധാകരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ത്രീവര്‍ണ ഷാള്‍ അണിയിച്ച് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന് രംഗത്തെത്തിയിരുന്നു.
പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.
ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: sandeep varier to join congress
Published: 16 Nov 2024, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented