പത്തനംതിട്ട: ശബരിമലയിൽ മുൻ വർഷങ്ങളിൽ വെർച്വൽക്യൂ ബുക്കുചെയ്ത ശേഷം അസൗകര്യത്താൽ ദർശനത്തിന് എത്താതിരിക്കുന്നവർ ചില ദിവസങ്ങളിൽ 20 ശതമാനം വരെ. ദർശനത്തിന് വരാതിരുന്നാൽ, ബുക്കിങ് റദ്ദാക്കാനുള്ള ക്യാൻസലേഷൻ ഓപ്ഷൻ ആരും ഉപയോഗപ്പെടുത്തുന്നുമില്ല. ഇത് ഉപയോഗപ്പെടുത്തണമെന്ന് ദേവസ്വം പ്രേരിപ്പിക്കുന്നുമില്ല.

To advertise here,

ഒരു ദിവസം നിശ്ചയിച്ചിരിക്കുന്ന എണ്ണം ബുക്കിങ് കഴിയുമ്പോൾ പിന്നീട് ആ ദിവസത്തെ ബുക്കിങ് നടക്കാതെ വരുന്നതിന്റെ കാരണവും ക്യാൻസലേഷൻ സൗകര്യം ഉപയോഗപ്പെടുത്താത്തതിനാലാണെന്ന് കഴിഞ്ഞ വർഷത്തെ വിവരങ്ങളിൽനിന്ന് മനസ്സിലാകും.

കഴിഞ്ഞവർഷം ഡിസംബർ രണ്ടാമത്തെ ആഴ്ചകളിൽ പല ദിവസവും ബുക്കിങ് പൂർണമായിട്ടാണ് വെബ്‌സൈറ്റിൽ കാണിച്ചിരുന്നത്. എന്നാൽ ബുക്കുചെയ്തവരിൽ 10 മുതൽ 20 ശതമാനം വരെ ഭക്തർ എത്താത്ത ദിവസങ്ങൾ ഈ ആഴ്ചയിൽ ഉണ്ടായിട്ടുണ്ട്. അന്ന് പമ്പയിലും നിലയ്ക്കലിലും അടക്കം എട്ടിടങ്ങളിൽ ഉണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് ആശ്വാസമായിരുന്നത്. ബുക്കുചെയ്തശേഷം ദർശനത്തിന് വരുന്നില്ലെന്ന് തീരുമാനിക്കുന്നെങ്കിൽ, ഏറ്റവും അടുത്ത സമയത്തുതന്നെ ബുക്കിങ് റദ്ദാക്കണമെന്നതിന് വലിയ പ്രചാരണം കൊടുക്കാൻ ദേവസ്വം നടപടിയെടുക്കണം. കഴിഞ്ഞ തീർഥാടനക്കാലത്ത് ചില ദിവസങ്ങളിൽ ബുക്കുചെയ്തവരിൽ 3000-നും 5000-നും ഇടയ്ക്ക് പേർ വരാതിരുന്നിട്ടുണ്ട്.

ടാറ്റാ കൺസൾട്ടൻസി സർവീസസ് ആണ് ശബരിമലയുടെ വെർച്വൽക്യൂ പ്രവർത്തിപ്പിക്കുന്നത്. ടി.സി.എസിന്റെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായിട്ടാണിത്.

മൊബൈൽ ആപ്പും പരിഗണനയിൽ

ദർശനസ്ലോട്ടുകൾ ബുക്കുചെയ്യാൻ മൊബൈൽ ആപ്പും ദേവസ്വത്തിന്റെ പരിഗണനയിലുണ്ട്. വെർച്വൽക്യൂ സമ്പ്രദായത്തെ കൂടുതൽ ജനപ്രിയമാക്കുകയെന്ന ലക്ഷ്യവും ആപ്പ് നടപ്പാക്കുന്നതിലൂടെ ദേവസ്വം ലക്ഷ്യമിടുന്നു. ഇത്തവണത്തെ തീർഥാടനത്തിനുള്ള ബുക്കിങ്ങിനായി ഉടൻ വെബ്‌സൈറ്റ് തുറക്കുന്നതിനാൽ ആപ്പ് ഈ സീസണിൽ തുടങ്ങാൻ സാധ്യതയില്ലെന്നാണ് വിവരം.