അന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു; ''ഈ നീലനിലത്ത് കാലുകള്‍ വെക്കാനേ തോന്നുന്നില്ല...''


ടി.ജെ. ശ്രീജിത്ത്

എലിസബത്ത് രാജ്ഞി മട്ടാഞ്ചേരി ജൂത സിനഗോഗിലേക്ക് പ്രവേശിക്കുന്നു, സാമുവൽ ഹലേഗ്വയും ഭാര്യ ക്യൂനി ഹലേഗ്വയും സമീപം.

കൊച്ചി: കാല്‍നൂറ്റാണ്ടുമുമ്പ് മട്ടാഞ്ചേരി ജൂത സിനഗോഗിന് സമീപം പട്ടാളപ്പച്ച നിറമുള്ള റേഞ്ച് റോവര്‍ കാര്‍ വന്നുനിന്നു... ആ കാറിനുമുന്നില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പതാകകള്‍ പാറുന്നുണ്ടായിരുന്നു. സുരക്ഷാഭടന്മാരിലൊരാള്‍ കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു. നീലഉടുപ്പും നീലത്തൊപ്പിയും ധരിച്ച എലിസബത്ത് രാജ്ഞി നിറഞ്ഞ ചിരിയുമായി ഇറങ്ങി... സിനഗോഗിലെ നീലനിറമുള്ള ചൈനാ ടൈലുകളിലുടെ നടക്കുമ്പോള്‍ രാജ്ഞി പറഞ്ഞു: ''ഈ നീലനിലത്ത് കാലുകള്‍ വെക്കാനേ തോന്നുന്നില്ല...''

നീലത്തിളക്കമുള്ള ഓര്‍മകളിലേക്ക് നിവര്‍ന്നിരുന്നു എണ്‍പത്തിയേഴുകാരി ക്യൂനി ഹലേഗ്വ... 1997 ഒക്ടോബര്‍ 17-ന് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും മട്ടാഞ്ചേരി ജൂത സിനഗോഗിലെത്തിയപ്പോള്‍ സ്വീകരിക്കാനുള്ള നിയോഗം അന്ന് സിനഗോഗിന്റെ സൂക്ഷിപ്പുകാരായിരുന്ന ക്യൂനിക്കും ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വയ്ക്കുമായിരുന്നു. സിനഗോഗിലേക്ക് രാജ്ഞി ഒരു വെള്ളിക്കപ്പും സമ്മാനിച്ചു.

രാജ്ഞിയെ സിനഗോഗു മുഴുവന്‍ നടന്നുകാണിച്ചു . അപ്പോഴാണ് സിനഗോഗിലെത്താനുള്ള കാരണം പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ സഹോദരി മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് സ്‌നോഡന്‍ മട്ടാഞ്ചേരി സിനഗോഗില്‍ മുമ്പ് അനൗദ്യോഗികമായി വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞാണ് സിനഗോഗിനെക്കുറിച്ചും നീലനിറമുള്ള ൈചനാ ടൈലുകളെക്കുറിച്ചും രാജ്ഞി അറിഞ്ഞത്.

ചൈനയിലെ കാന്റണില്‍ (ഇപ്പോഴത്തെ ഗുവാങ്ഷൂ) നിന്നും ഇറക്കുമതി ചെയ്ത, കൈകള്‍കൊണ്ട് ചിത്രപ്പണികള്‍ നടത്തിയ നീലടൈലുകളാണ് സിനഗോഗില്‍ തറയോടുകളായി വിരിച്ചിരിക്കുന്നത്. രാജ്ഞി കാണുമ്പോള്‍ ടൈലുകള്‍ കൊച്ചിയിലെത്തിയിട്ട് 235 വര്‍ഷമായിരുന്നു.

രാജ്ഞിയുടെ അന്നത്തെ സന്ദര്‍ശനം ആറുമണിക്കൂറായിരുന്നു. ഉച്ചയോടെ കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തിയ രാജ്ഞിയെയും രാജകുമാരനെയും അന്നത്തെ കേരള ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാങ് ആണ് സ്വീകരിച്ചത്. ഫോര്‍ട്ടുകൊച്ചിയിലെ സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയും പള്ളിക്കുള്ളിലെ വാസ്‌കോ ഡ ഗാമയുടെ ശവകുടീരവും സന്ദര്‍ശിച്ചു.

ഫോര്‍ട്ടു കൊച്ചി മിനി കോളനിയിലും രാജ്ഞിയെത്തി. ഉണക്കമീന്‍ വിറ്റ് ഉപജീവനം നടത്തുന്ന മേളേപ്പറമ്പ് ജോസഫ് പ്രകാശിന്റെ കുടിലില്‍ കയറി രാജ്ഞി കുടുംബാംഗങ്ങളെ പരിചയപ്പെട്ടു. സന്ദര്‍ശനം സൂചിപ്പിക്കുന്ന ശിലാഫലകം അനാവരണം ചെയ്തത് ഇന്നും ഫോര്‍ട്ടുകൊച്ചിയിലുണ്ട്.

Content Highlights: Queen Elizabeth Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented