തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വർധനവിന് പിന്നാലെ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ നിർദേശം. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം 6.31 ലക്ഷം രൂപ ചിലവായതിനാൽ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിർദേശം.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നൽകിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.
കാബിനറ്റ് റാങ്ക് നൽകിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയർത്തിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസമാണ് പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ചെയർമാന്റെ ശമ്പളസ്‌കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്‌ഷൻ ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്‌കെയിൽ പരമാവധി അടിസ്ഥാനശമ്പളം. ഈ നിരക്കിൽ ചെയർമാന്റെ ശമ്പളം നിലവിൽ 2.60 ലക്ഷത്തിൽ നിന്ന് നാലുലക്ഷത്തിലധികമായി ഉയരും. അംഗങ്ങളുടെ അടിസ്ഥാനശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവർക്കും ആനുകൂല്യങ്ങളടക്കം നാലുലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോൾ ആനുകൂല്യങ്ങളടക്കം ലഭിക്കുന്നത്. ശമ്പള വർധനവിന് 2016 മുതൽ പ്രാബല്യമുണ്ടാകും. സാമ്പത്തിക പ്രതിസന്ധികാരണം പലതവണ മാറ്റിയ ശമ്പളവർധന ശുപാർശയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്. ചെയർമാനടക്കം 21 പി.എസ്.സി. അംഗങ്ങളാണുള്ളത്.
Content Highlights: Proposal to increase travel allowance of KV Thomas
Published: 20 Feb 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented