
കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരുന്ന് സി.പി.എം. മുൻ നേതാവ് പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണം. പാർട്ടി തെറ്റദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രകാലമായി താൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനൊരു മോശം വ്യക്തിയാണോ? ഇത്തരത്തിൽ ഒരു മാഫിയ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരാവാദിത്വം എനിക്കുണ്ട്. ജീവിച്ച ചുറ്റുപാടിൽ ഈ മേൽവിലാസം പകർന്നുതന്നത് ആരെന്ന് അറിയണം. ആരെയും വെല്ലുവിളിക്കുന്നില്ല. പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ മോശപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍, ഇതൊന്നും ചെയ്യാത്ത ആളെ ഇതിനകത്ത് കൊണ്ടുചെന്നെത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്, പ്രമോദ് പറഞ്ഞു.
പാര്‍ട്ടി വിശദീകരണം ചോദിക്കുകയും മറുപടി കൊടുക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം ചോദിച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പല കാര്യങ്ങള്‍ക്കും ആളുകള്‍ സമീപിക്കും. ഒരു മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ പരസ്യമായി പറയാനില്ല.
പാര്‍ട്ടി എന്നത് വലിയ സംവിധാനമാണ്. ഞാന്‍ എന്റെ അമ്മയും മകനും മാത്രം ഒതുങ്ങുന്ന സംവിധാനമാണ്. ഇത് അമ്മയേയും മകനേയും ബോധ്യപ്പെടുത്തണം. പാര്‍ട്ടിയോട് ഏറ്റുമുട്ടാന്‍ താത്പര്യമില്ല. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. പാര്‍ട്ടിയിലും ഈ വിഷയത്തില്‍ പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നെ പാര്‍ട്ടി കേട്ടില്ല. പാര്‍ട്ടി എന്നെ മനസ്സിലാക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു, പ്രമോദ് പറഞ്ഞു.
എന്റെ അളിയന്റെ സുഹൃത്തായിട്ടാണ് ശ്രീജിത്ത് എന്റെ അടുത്ത് വരുന്നത്. ആരാണ് പണം വാങ്ങിയതെന്ന് അയാള്‍ എന്നോട് പറഞ്ഞില്ല. എന്റെ രക്ഷിതാവ് എന്റെ പാര്‍ട്ടിയാണ്. ആ സ്ഥാനത്തുള്ള ഒരാള്‍ എന്നോട് ശ്രീജിത്തുമായി ബന്ധപ്പെടേണ്ടെന്ന് പറഞ്ഞു. ആരേയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ആളല്ല. ശ്രീജിത്ത് ഇതുവരെ എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാന്‍ അദ്ദേഹത്തോടും മോശമായി പെരുമാറിയിട്ടില്ല. പണം കൊടുത്തിട്ടുണ്ടോ എന്ന് ശ്രീജിത്ത് പറയാനാണ് ഇവിടെ സമരം ഇരിക്കുന്നത്, പ്രമോദ് പറഞ്ഞു.
പാര്‍ട്ടി നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു ബോധ്യം വേണ്ടേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്നതില്‍ തനിക്ക് പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന് താൻ ഒരു പക്ഷത്തിൻ്റെയും ആളല്ലെന്നും പ്രമോദ് പറഞ്ഞു.
'അവന്‍ അങ്ങനെ പണം വാങ്ങിയിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനാലാണ് സമരത്തിനിറങ്ങിയത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ആളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകും. അതിനാലായിരിക്കും ഈ വിഷയം ഉണ്ടായത്. ഈ 22 ലക്ഷം അവന്‍ വാങ്ങിയില്ലെങ്കില്‍ ആര് വാങ്ങിയെന്ന് അറിയണം. പാർട്ടിക്കുവേണ്ടി നിന്ന് തല്ലും ചവിട്ടും കൊള്ളുകയും പോലീസ് വന്ന് ബഹളവും ഉണ്ടാക്കുകയും ഒക്കെ ചെയ്തില്ലേ. അവന്റെ ആരോഗ്യം പോയി. പാര്‍ട്ടി കൂടെനില്‍ക്കുമെന്ന് വിചാരിച്ചു. എന്നാല്‍ ആ വിശ്വാസം നഷ്ടപ്പെട്ടു', പ്രമോദിന്റെ അമ്മ പറഞ്ഞു.
Content Highlights: pramod kottuli and mother responds on psc bribery scam
Published: 13 Jul 2024, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented