
കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യം നേടി പുറത്തിറങ്ങി. 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു.
മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നതും ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചു.
ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. അതേസമയം പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎൻഎസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.
ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
Content Highlights: Former District Panchayat President PP Divya was released after spending 11 days in jail
Published: 08 Nov 2024, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented